ജപ്പാന്റെ പോരാട്ടവീര്യത്തെ മറികടന്ന് നിലവിലെ രണ്ടാം സ്ഥാനക്കാരായ ക്രൊയേഷ്യ ക്വാര്‍ട്ടര്‍ ഫൈനലില്‍
ദോഹ: ഖത്തര്‍ ലോകകപ്പില്‍ കിരീട പോരാട്ടം മുറുകുന്നതിന്റെ വ്യക്തമായ സൂചന നല്‍കി ആദ്യമായി പെനല്‍റ്റി ഷൂട്ടൗട്ടിലേക്ക് നീണ്ട മത്സരത്തില്‍, ജപ്പാന്റെ പോരാട്ടവീര്യത്തെ മറികടന്ന് നിലവിലെ രണ്ടാം സ്ഥാനക്കാരായ ക്രൊയേഷ്യ ക്വാര്‍ട്ടര്‍ ഫൈനലില്‍. ഒന്നിനെതിരെ മൂന്നു ഗോളുകള്‍ക്കാണ് ഷൂട്ടൗട്ടില്‍ ജാപ്പനീസ് പോരാട്ടവീര്യത്തെ ക്രൊയേഷ്യ മറികടന്നത്. ഷൂട്ടൗട്ടില്‍ പോസ്റ്റിനു മുന്നില്‍ ഐതിഹാസിക പ്രകടനം പുറത്തെടുത്ത ഗോള്‍കീപ്പര്‍ ഡൊമിനിക് ലിവാകോവിച്ചാണ് ക്രൊയേഷ്യയെ ക്വാര്‍ട്ടറിലേക്ക് നയിച്ചത്. മുഴുവന്‍ സമയത്തും അധിക സമയത്തും ഇരു ടീമുകളും ഓരോ ഗോളടിച്ച് സമനില പാലിച്ചതോടെയാണ് വിജയികളെ കണ്ടെത്താന്‍ ഷൂട്ടൗട്ട് വേണ്ടിവന്നത്.
ഗ്രൂപ്പ് ഘട്ടത്തില്‍ മുന്‍ ചാംപ്യന്‍മാരായ ജര്‍മനിയെയും സ്‌പെയിനെയും തോല്‍പ്പിച്ച് ഞെട്ടിച്ച ജപ്പാന്, ഷൂട്ടൗട്ടിലെ തോല്‍വിയോടെ നാട്ടിലേക്ക് മടങ്ങാം. 2002, 2010, 2018 ലോകകപ്പുകളുടെ തുടര്‍ച്ചയായിട്ടാണ് ഇത്തവണയും ജപ്പാന്‍ പ്രീക്വാര്‍ട്ടറില്‍ തോറ്റു പുറത്തായത്.
ഷൂട്ടൗട്ടില്‍ ജപ്പാന്‍ താരം ടകുമി മിനാമിനോ, കവോരു മിട്ടോമ, മായ യോഷിദ എന്നിവരുടെ ഷോട്ടുകള്‍ തടുത്തിട്ടാണ് ലിവാകോവിച്ച് ക്രൊയേഷ്യയുടെ രക്ഷകനായത്. ജപ്പാനായി ലക്ഷ്യം കണ്ടത് ടകുമ അസാനോ മാത്രം. മറുവശത്ത് ക്രൊയേഷ്യയ്ക്കായി കിക്കെടുത്ത നിക്കോള വ്‌ലാസിച്ച്, മാര്‍സലോ ബ്രോസോവിച്ച്, മാരിയോ പസാലിച്ച് എന്നിവര്‍ ലക്ഷ്യം കണ്ടു. അതേസമയം, മാര്‍ക്കോ ലിവായയുടെ ഷോട്ട് പോസ്റ്റില്‍ത്തട്ടി തെറിച്ചു. ഡിസംബര്‍ ഒന്‍പതിനു നടക്കുന്ന ക്വാര്‍ട്ടര്‍ പോരാട്ടത്തില്‍, ബ്രസീല്‍ – ദക്ഷിണ കൊറിയ മത്സര വിജയികളാണ് ക്രൊയേഷ്യയുടെ എതിരാളികള്‍.
2018ല്‍ റഷ്യയില്‍ നടന്ന ലോകകപ്പില്‍ പ്രീക്വാര്‍ട്ടറിലും ക്വാര്‍ട്ടറിലും പെനല്‍റ്റി ഷൂട്ടൗട്ടിലാണ് ക്രൊയേഷ്യ ജയിച്ചത്. പിന്നീട് സെമിയില്‍ അധികസമയത്തും ജയിച്ചുകയറിയാണ് അവര്‍ ഫൈനലിലെത്തിയത്. ഇതിന്റെ തുടര്‍ച്ചയായാണ് ഖത്തര്‍ ലോകകപ്പിലും പ്രീക്വാര്‍ട്ടറില്‍ ക്രൊയേഷ്യയുടെ ഷൂട്ടൗട്ട് വിജയം. നേരത്തെ, ജപ്പാനായി ആദ്യപകുതിയില്‍ ഡയ്‌സന്‍ മയേഡയും (43-ാം മിനിറ്റ്) ക്രൊയേഷ്യയ്ക്കായി രണ്ടാം പകുതിയില്‍ ഇവാന്‍ പെരിസിച്ചും (55-ാം മിനിറ്റ്) ഗോള്‍ നേടിയതോടെയാണ് മത്സരം അധിക സമയത്തേക്കു നീണ്ടത്.
Your comment?