5:32 pm - Monday November 24, 9355

ജില്ലാ കലക്ടറേറ്റിലെ കമ്പ്യൂട്ടറില്‍ നിന്ന് രഹസ്യരേഖ ചോര്‍ന്നത് ചില്ലറക്കാര്യമല്ല: അന്വേഷണം നേര്‍വഴിക്ക് നടന്നാല്‍ നേതാക്കള്‍ കുടുങ്ങും

Editor

പത്തനംതിട്ട: എല്‍ഡി ക്ലാര്‍ക്ക് നിയമനം സംബന്ധിച്ച രഹസ്യരേഖ കലക്ടറുടെ രഹസ്യ വിഭാഗത്തില്‍ നിന്നും രേഖകള്‍ ചോര്‍ന്ന സംഭവത്തില്‍ കൂടുതല്‍ സംശയം ഉയരുന്നു. സര്‍വീസ് സംഘടനയായ ജോയിന്റ് കൗണ്‍സിലിന്റെ നേതാക്കള്‍ ഉള്‍പ്പെട്ട നിയമന മാഫിയയുടെ ഇടപെടല്‍ ഇവിടെ നടന്നുവെന്നാണ് സംശയിക്കുന്നത്. ഇതിന്റെ പേരില്‍ ആരെങ്കിലും സാമ്പത്തിക നേട്ടമുണ്ടാക്കിയോ എന്ന കാര്യവും സംശയിക്കുന്നു. സമീപകാലത്ത് ചട്ടം ലംഘിച്ച് നടത്തിയ വര്‍ക്കിങ് അറേജ്മെന്റും അന്വേഷിക്കണമെന്ന് ആവശ്യമുയരുന്നു. തിരുവല്ല സബ്കലക്ടര്‍ ശ്വേത നാഗര്‍കോട്ടിക്കാണ് അന്വേഷണ ചുമതല.

പ്രത്യക്ഷത്തില്‍ നിസാരമെന്ന് തോന്നുമെങ്കിലും രേഖ ചോര്‍ന്നത് കലക്ടറേറ്റിലെ രഹസ്യ വിഭാഗത്തില്‍ നിന്നാണെന്നത് പ്രശ്നത്തിന്റെ ഗൗരവം വര്‍ധിപ്പിച്ചു. ജോയിന്റ് കൗണ്‍സിലുകാരുടെ കുത്തകയാണ് ഈ വിഭാഗം. ഇവിടെ ജോയിന്റ് കൗണ്‍സിലിന്റെ നേതാക്കള്‍ മാത്രമാണ് ജോലി ചെയ്യുന്നത്. നിയമനവും സ്ഥലംമാറ്റവും വര്‍ക്കിങ് അറേജ്മെന്റുമെല്ലാം തീരുമാനിക്കുന്നത് ഇവരാണ്.

കഴിഞ്ഞ 18 ന് 25 പേരെ റവന്യൂ വകുപ്പില്‍ എല്‍.ഡി.ക്ലാര്‍ക്കുമാരായി നിയമിച്ചു കൊണ്ട് കലക്ടര്‍ പുറപ്പെടുവിച്ച ഉത്തരവാണ് ചോര്‍ന്നത്. ഇത് കൈയില്‍ കിട്ടിയതിന്റെ അടിസ്ഥാനത്തില്‍ കൊല്ലം ജില്ലയില്‍ നിന്നുള്ള രണ്ട് ഉദ്യോഗാര്‍ഥികള്‍ അടൂര്‍ താലൂക്ക് ഓഫീസില്‍ തിങ്കളാഴ്ച ജോലിക്ക് ചേര്‍ന്നിരുന്നു. മുഴുവന്‍ ഉദ്യോഗാര്‍ഥികള്‍ക്കും നിയമന ഉത്തരവ് ലഭിക്കുന്നതിന് മുന്‍പ് രണ്ടു പേര്‍ ജോലിയില്‍ പ്രവേശിച്ചതും അതീവ രഹസ്യ സ്വഭാവമുള്ള രേഖ കലക്ടറുടെ രഹസ്യ വിഭാഗത്തില്‍ നിന്ന് ചോര്‍ന്നതും വിവാദമായി. പ്രക്ഷോഭവുമായി എന്‍.ജി.ഓ സംഘും അസോസിയേഷനും രംഗത്തു വന്നതോടെയാണ് കലക്ടര്‍ അന്വേഷണം പ്രഖ്യാപിച്ചത്.

വിലാസം മാറിയതിനാല്‍ കൊല്ലം സ്വദേശിയായ ഉദ്യോഗാര്‍ഥി അപേക്ഷ നല്‍കിയ ശേഷം നേരിട്ടു വന്ന് ഉത്തരവ് കൈപ്പറ്റുകയായിരുന്നുവെന്നാണ് സംഭവത്തില്‍ ആരോപണ വിധേയരായ ജോയിന്റ് കൗണ്‍സില്‍ നേതാക്കള്‍ മാധ്യമങ്ങളോട് പറഞ്ഞത്. ഇയാള്‍ കൈപ്പറ്റിയ ഉത്തരവുമായി കൊല്ലം ജില്ലയില്‍ തന്നെയുള്ള മറ്റൊരു ഉദ്യോഗാര്‍ഥിയും തിങ്കളാഴ്ച ഉച്ചയ്ക്ക് ശേഷം ജോലിയില്‍ പ്രവേശിച്ചിരുന്നു. 2018 ലെ നിയമനത്തട്ടിപ്പിന്റെ പശ്ചാത്തലത്തില്‍ നിയമനങ്ങളെല്ലാം കര്‍ശന സുരക്ഷയിലാണ് നടന്നു പോരുന്നത്. കലക്ടറുടെ രഹസ്യ വിഭാഗത്തില്‍ നിന്ന് അതിന് ചുമതലപ്പെടുത്തിയ ഉദ്യോഗസ്ഥര്‍ മാത്രമാണ് ഉത്തരവ് അയയ്ക്കേണ്ടത്. ഉദ്യോഗാര്‍ഥി അപേക്ഷ നല്‍കി നേരിട്ടെത്തിയാല്‍ ഉത്തരവ് നല്‍കാനുള്ള ചട്ടം
കെഎസ്ആറിലുണ്ട്. എന്നാല്‍, ഇതിന് ചില നടപടി ക്രമങ്ങളുണ്ട്. ഉദ്യോഗാര്‍ഥി നേരിട്ടെത്തി അപേക്ഷ നല്‍കിയതിന് ശേഷം കലക്ടര്‍ വേരിഫിക്കേഷന്‍ നടത്തി വേണം ഉത്തരവ് നല്‍കാന്‍. ഉത്തരവ് ഉദ്യോഗാര്‍ഥിക്ക് നല്‍കേണ്ടതാകട്ടെ ഡെസ്പാച്ച് സെക്ഷന്‍ വഴി തപാല്‍ ബുക്കില്‍ രേഖപ്പെടുത്തിയും വേണം.

ഇവിടെ സംഭവം വിവാദമായപ്പോഴാണ് ഉദ്യോഗാര്‍ഥിയുടെ കൈയില്‍ നിന്ന് അപേക്ഷ പോലും വാങ്ങിച്ചത് എന്നാണ് വിവരം. കലക്ടറേറ്റിലെ രഹസ്യ വിഭാഗം മുഴുവന്‍ ജോയിന്റ് കൗണ്‍സിലുകാരുടെ കൈപ്പിടിയിലാണ്. ഇവര്‍ ഈ രീതിയില്‍ എന്തൊക്കെ രഹസ്യ രേഖകള്‍ പുറത്ത് വിട്ടിട്ടുണ്ടാകുമെന്നും അതിനാല്‍ നിലവില്‍ ഇവിടെയുളള മുഴുവന്‍ ജീവനക്കാരെയും മാറ്റി നിയമിക്കണമെന്ന് എന്‍ജിഓ സംഘ് സംസ്ഥാന ഡെപ്യൂട്ടി സെക്രട്ടറി എസ്. രാജേഷ് ആവശ്യപ്പെട്ടു.

ജോയിന്റ് കൗണ്‍സിലിലേക്ക് ആളെക്കൂട്ടാന്‍ വേണ്ടി ഉദ്യോഗാര്‍ഥികള്‍ക്ക് വീട്ടില്‍ കൊണ്ടു പോയി ഉത്തരവ് നല്‍കുകയായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

സര്‍ക്കാര്‍ ജീവനക്കാരുടെ നിയമന രീതി നിലവില്‍ അതീവ രഹസ്യ സ്വഭാവമുള്ളതാണ്. പി.എസ്.സി ഓഫീസില്‍ നിന്ന് ഉദ്യോഗാര്‍ഥികളുടെ സര്‍ട്ടിഫിക്കറ്റ് വേരിഫിക്കേഷന്‍ കഴിഞ്ഞ് ഇവിടെ നിന്ന് ഫയല്‍ കലക്ടര്‍ക്ക് കൈമാറും. കലക്ടര്‍ ഇത് പരിശോധിച്ച് ഉറപ്പു വരുത്തിയ ശേഷം ഉദ്യോഗാര്‍ഥികളെ നിയമിച്ചു കൊണ്ട് ഉത്തരവിടും. ഈ ഉത്തരവിന്റെ പകര്‍പ്പ് അതാത് വകുപ്പ് മേധാവിമാര്‍ക്ക് അയച്ചു കൊടുക്കും. ഇത് അവര്‍ക്ക് ലഭിക്കുന്നതിന് പിന്നാലെയാണ് ഉദ്യോഗാര്‍ഥികള്‍ക്ക് നിയമന ഉത്തരവ് നല്‍കുക. ഇത് ലഭിക്കുന്ന ഉദ്യോഗാര്‍ഥികള്‍ യഥാര്‍ഥ രേഖകളുമായി വകുപ്പ് മേധാവിക്ക് മുന്നില്‍ ഹാജരാകണം. മേധാവി ആളിനെയും രേഖകളും പരിശോധിച്ച് ഉറപ്പു വരുത്തണം. കലക്ടര്‍ അയച്ചു കൊടുത്ത നിയമന ഉത്തരവ് രേഖയുമായി ഒത്തു നോക്കണം. ഇവിടെ അതൊന്നും നടന്നിട്ടില്ല. രണ്ട് ഉദ്യോഗാര്‍ഥികള്‍ ഉത്തരവുമായി ഹാജരായപ്പോള്‍ അടൂര്‍ തഹസില്‍ദാര്‍ കലക്ടറേറ്റിലേക്ക് വിളിച്ചു ചോദിച്ചാണ് നിയമനം നല്‍കിയത്. ഇത് ഒരിക്കലും നിയമപരമല്ല. ഇതു സംബന്ധിച്ച രേഖ കലക്ടറേറ്റില്‍ നിന്ന് തഹസില്‍ദാര്‍ക്ക് ഇമെയില്‍ അയച്ചിരുന്നുവെന്നാണ് ജോയിന്റ് കൗണ്‍സില്‍ നേതാക്കള്‍ പറഞ്ഞത്. ഇതിന്റെ വസ്തുത അടക്കം പരിശോധിക്കേണ്ടി വരും.

അതേ പോലെ ജോലിയില്‍ പ്രവേശിച്ച ഉദ്യോഗാര്‍ഥി നല്‍കിയ അപേക്ഷയും അതിന്മേലുണ്ടായ തുടര്‍നടപടിയും പരിശോധനാ വിധേയമാക്കണം.
രണ്ടു പേര്‍ക്ക് നേരത്തേ നിയമനം നല്‍കുന്നത് കൊണ്ട് ആര്‍ക്കും പ്രത്യേകിച്ച് പ്രയോജനമില്ല. പക്ഷേ, ഇവിടെ സര്‍വീസ് സംഘടനയ്ക്ക് അംഗബലം വര്‍ധിപ്പിക്കുന്നതിന് വേണ്ടിയാണ് രണ്ടു പേര്‍ക്ക് മാത്രമായി നിയമന ഉത്തരവ് നല്‍കിയതെന്നാണ് പറയുന്നു.അടുത്ത കാലത്ത് റവന്യൂ വകുപ്പില്‍ ജോലി കിട്ടിയവരെ മുഴുവന്‍ ജോയിന്റ് കൗണ്‍സില്‍ അംഗങ്ങളാക്കി മാറ്റി.

സൗകര്യപ്രദമായ സ്ഥലത്ത് നിയമനം ലഭിക്കാന്‍ വേണ്ടി കോഴ വാങ്ങുമെന്ന ആരോപണവും പ്രതിപക്ഷ സര്‍വീസ് സംഘടനകള്‍ ഉന്നയിക്കുന്നു. ഇങ്ങനെ കോഴ കൊടുത്തവര്‍ക്ക് വിശ്വാസ്യത കൈവരാന്‍ വേണ്ടി പല കുറുക്കുവഴികളും സ്വീകരിക്കാറുണ്ടത്രേ. കൊല്ലം ജില്ലയില്‍ നിന്നുള്ള ഉദ്യോഗാര്‍ഥികള്‍ക്ക അവര്‍ക്ക് സൗകര്യപ്രദമായ സ്ഥലത്ത് ഇവര്‍ നിയമനം തരപ്പെടുത്തി കൊടുക്കും. അടൂര്‍ അല്ലെങ്കില്‍ തിരുവല്ല ആണ് അവര്‍ക്ക സൗകര്യപ്രദം. അടൂരാണെങ്കില്‍ എളുപ്പം ബസിന് എത്താം. തിരുവല്ലയില്‍ ട്രെയിനില്‍ വന്നിറങ്ങാം. അതേ സമയം, ജോയിന്റ് കൗണ്‍സിലില്‍ ചേരാന്‍ തയാറാകാത്ത തിരുവനന്തപുരത്ത് നിന്നുള്ളവരെയൊക്കെ റാന്നി, മല്ലപ്പള്ളി താലൂക്കുകളിലേക്ക് പറപ്പിക്കുകയും ചെയ്യും. ഇതിന് പിന്നിലെ സാമ്പത്തിക ഇടപാടും അന്വേഷണത്തിന്റെ പരിധിയില്‍ വരണമെന്നാണ് സര്‍വീസ് സംഘടനകളുടെ ആവശ്യം.
അതിനിടെ വര്‍ക്കിങ് അറേജ്മെന്റില്‍ അടൂരിലേക്കും തിരുവല്ലയിലേക്കുമുള്ള ജീവനക്കാരുടെ ഒഴുക്ക് തന്നെയുണ്ട്. ഇതിന് പിന്നിലും രാഷ്ട്രീയസാമ്പത്തിക സ്വാധീനമുള്ളതായി ആരോപണമുണ്ട്.

 

News Feed
Don't miss the stories followAdoor Vartha and let's be smart!
Loading...
0/5 - 0
You need login to vote.
Filed in

റവന്യു വകുപ്പിലെ എല്‍ഡി ക്ലര്‍ക്ക് നിയമനം വിവാദത്തില്‍:തപാലില്‍ നിയമന ഉത്തരവ് അയയ്ക്കുന്നതിനു മുന്‍പു തന്നെ ഉത്തരവ് കൈപ്പറ്റി അടൂര്‍ താലൂക്കില്‍ രണ്ടു പേര്‍ ജോലിയില്‍: കലക്ടര്‍ ദിവ്യ എസ്.അയ്യര്‍ അന്വേഷണത്തിന് ഉത്തരവിട്ടു

‘അടൂരിലെ മതില്‍ ഇങ്ങനെയും പിടിച്ച് കെട്ടാം’

Your comment?
Leave a Reply

Posted by Facebook on Thursday, August 27, 2015
× വാർത്തകൾ അറിയിക്കൂ