അടൂര്‍ പോലീസ് സ്റ്റേഷനിലെത്തിച്ചതിന് പിന്നാലെ പ്രതി ചാടിപ്പോയി: ‘കടുവയെ പിടിച്ച കിടുവ’ പോലീസിനെ വെട്ടിലാക്കുമ്പോള്‍: പ്രതിയെ കണ്ടെത്താന്‍ പോലീസിന്റെ നെട്ടോട്ടം
അടൂര്‍: വീടിന്റെ കാര്‍ പോര്‍ച്ചില്‍ നിന്ന് മോഷ്ടിച്ച ബൈക്ക് വഴിയരികില്‍ ഉപേക്ഷിച്ചു. കേസുള്ളതിനാല്‍ ഉടമ തന്നെ അതെടുത്ത് പോലീസ് സ്റ്റേഷനിലെത്തിച്ചു. സ്റ്റേഷന് വളപ്പില്‍ സൂക്ഷിച്ചിരുന്ന ബൈക്ക് അവിടെ നിന്നും മോഷണം പോയി. ഇതേ ബൈക്ക് സഹിതം ഒരു ചെറുപ്പക്കാരനെ പോലീസ് പിടികൂടി സ്റ്റേഷനിലെത്തിച്ചു. പിന്നാലെ ഇയാള്‍ കസ്റ്റഡിയില്‍ നിന്നും ചാടിപ്പോയി. അടൂര്‍ പോലീസ് സ്റ്റേഷനിലാണ് ഒരു പാട് ട്വിസ്റ്റുകളുള്ള ഒരു ബൈക്ക് മോഷണക്കഥയുള്ളത്.
ബൈക്കുമായി പിടിയിലായ പന്നിവിഴ കൈമലപ്പാറ പുത്തന്‍ വീട്ടില്‍ അഖില്‍ (22) ആണ് സ്റ്റേഷനില്‍ നിന്നും ഇന്നലെ രാത്രി എട്ടു മണിയോടെ ഓടിപ്പോയിട്ടുള്ളത്. അടൂര്‍ പുന്തല ടൂറിസ്റ്റ് ഹോമിന് സമീപത്തെ പേ ആന്‍ഡ് പാര്‍ക്കില്‍ നിന്നുമാണ് മോഷണം പോയ ബൈക്ക് സഹിതം ഇന്നലെ രാത്രി ഏഴിന് അഖിലിനെ പോലീസ് കസ്റ്റഡിയില്‍ എടുത്തത്.
കഴിഞ്ഞ മാസം ഒമ്പതിനും പത്തിനും ഇടയില്‍ രാത്രി സമയത്തെപ്പോഴോ ആണ് ഇളമണ്ണൂര്‍ വടക്കേതോപ്പില്‍ വീട്ടില്‍ സാംകുട്ടിയുടെ ഉടമസ്ഥതയിലുള്ള ബജാജ് പള്‍സര്‍ ബൈക്ക് കാര്‍ പോര്‍ച്ചില്‍ നിന്ന് മോഷണം പോയത്. ഇതു സംബന്ധിച്ച് സാംകുട്ടി പോലീസില്‍ പരാതി നല്‍കിയിരുന്നു. 11 ന് പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തതിന് പിന്നാലെ പറക്കോടിന് സമീപം ബൈക്ക് ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തി. കേസ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളതിനാല്‍ പരാതിക്കാരനായ സാംകുട്ടി തന്നെ ബൈക്ക് എടുത്ത് അടൂര്‍ പോലീസ് സ്റ്റേഷനില്‍ എത്തിച്ചു. കോടതിയില്‍ ഹാജരാക്കുന്നതിന വേണ്ടി വാഹനം സ്റ്റേഷന് വളപ്പില്‍ സൂക്ഷിച്ചിരിക്കുകയായിരുന്നു.
പിന്നീട് എപ്പോഴോ സ്റ്റേഷന് വളപ്പില്‍ നിന്ന് വാഹനം കാണാതായി. കഴിഞ്ഞ മാസം 28 നാണ് പോലീസിന്റെ ശ്രദ്ധയില്‍ ഈ വിവരം പതിയുന്നത്. കസ്റ്റഡിയിലുള്ള ബൈക്ക് മോഷണം പോയ വിവരം രഹസ്യമാക്കി വച്ച് പോലീസ് അന്വേഷണം നടന്നു വരികയായിരുന്നു. അങ്ങനെ ഇരിക്കുമ്പോഴാണ് ഇന്നലെ വൈകിട്ട് പേ ആന്‍ഡ് പാര്‍ക്കില്‍ ബൈക്കുമായി അഖിലിനെ കണ്ടത്. പിന്നാലെ ഇയാളെ കസ്റ്റഡിയില്‍ എടുക്കുകയും ഒരു മണിക്കൂര്‍ തികയുന്നതിന് മുന്‍പ് ചാടിപ്പോവുകയുമായിരുന്നു.
Your comment?