ഒറ്റ ദിവസം കൊണ്ട് ഒരു പാട് കേസുകള്‍: എസ്എന്‍ഡിപി ശാഖാ പ്രസിഡന്റിനെ വെട്ടി: സ്‌കൂട്ടര്‍ കത്തിച്ചു: മറ്റൊരിടത്ത് ബൈക്ക് മോഷ്ടിച്ചു: ഒരു മാസം ഒളിവില്‍ കഴിഞ്ഞ് തിരിച്ചു വരുമ്പോള്‍ കൈയോടെ പൊക്കി അടൂര്‍ പോലീസ്
അടൂര്‍: ഒറ്റദിവസം തന്നെ ഒരു ക്രിമിനല്‍ കുറ്റകൃത്യം ചെയ്ത ശേഷം വനമേഖലയില്‍ ഒളിവില്‍ കഴിയുകയും പോലീസ് അന്വേഷിക്കുന്നതറിഞ്ഞ് ഗുജറാത്തിലേക്ക് കടക്കുകയും ചെയ്ത കൊടുംക്രിമിനല്‍ ഒരു മാസത്തിന് ശേഷം പോലീസ് വിരിച്ച വലയില്‍ വന്നു വീണു. പെരിങ്ങനാട് ചാല പോളച്ചിറ കണ്ണന്‍ എന്ന് വിളിക്കുന്ന അഖില്‍ (37) ആണ് ഒരു മാസത്തിലേറെ നീണ്ട അന്വേഷണത്തിനൊടുവില്‍ പോലീസിന്റെ പിടിയിലായത്.
കഴിഞ്ഞ മാസം 23 ന് പുലര്‍ച്ചെ പെരിങ്ങനാട് ചാല എസ്.എന്‍.ഡി.പി ശാഖാ പ്രസിഡന്റ് രാധാകൃഷ്ണനെ വീട്ടില്‍ കയറി വെട്ടിപരുക്കേല്‍പ്പിക്കുകയും സമീപമുള്ള സന്തോഷിന്റെ വീടിന്റെ പോര്‍ച്ചിലെ വാഹനങ്ങള്‍ അഗ്‌നിക്ക് ഇരയാക്കുകയും ചെയ്തു. അതിന് ശേഷം നെല്ലിമുകള്‍ ജങ്ഷന് സമീപം മോഷണം നടത്താന്‍ ശ്രമിക്കവേ ഉണര്‍ന്ന ഉടമ ലിജുവിനെ ആക്രമിക്കുകയും കടിക്കുകയും ചെയ്തു. സമീപവാസിയായ സതീഷിന്റെ വീട്ടില്‍ നിന്നും ബൈക്കും മോഷ്ടിച്ച് അതില്‍ രക്ഷപ്പെട്ട അഖില്‍ ഗുജറാത്തിലാണ് ഒളിവില്‍ കഴിഞ്ഞത്.
പോലീസ് ഇന്‍സ്പെക്ടര്‍ ടി.ഡി. പ്രജീഷിന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം ഒരു ദിവസം കൊണ്ട് തന്നെ നൂറുകണക്കിന് സി.സി.ടി.വി ദൃശ്യങ്ങള്‍ പരിശോധിച്ചു. പോലീസ് ഡോഗ് സ്‌ക്വാഡും സയന്റിഫിക് ഉദ്യോഗസ്ഥരും ഫോറന്‍സിക് സംഘവും സ്ഥലത്ത് പരിശോധന നടത്തിയിരുന്നു. ജില്ലാ പോലീസ് മേധാവി സ്വപ്നില്‍ മധുകര്‍ മഹാജന്റെ നിര്‍ദ്ദേശപ്രകാരം പ്രത്യേക സംഘം രൂപീകരിച്ച് അന്വേഷണം തുടങ്ങി.
പ്രതി തെന്മല, കഴുതുരുട്ടി, ആര്യങ്കാവ് വനമേഖലകളില്‍ ഒളിവില്‍ കഴിയുന്നതായി രഹസ്യവിവരം ലഭിച്ച പോലീസ് കാട്ടിലുള്ള തുരങ്കത്തിലും റോസ്മല, കഴുതുരുട്ടി വനമേഖലകളിലും രാത്രിയിലും പകലും ദിവസങ്ങളോളം തങ്ങിയാണ് തെരച്ചില്‍ നടത്തിയത്. പോലീസിന്റെ സാന്നിധ്യം തിരിച്ചറിഞ്ഞ പ്രതി തമിഴ്നാട് വഴി ഗുജറാത്തിലേക്ക് കടന്നു. പോലീസ് അന്വേഷണം വൈകുന്നതില്‍ പ്രതിഷേധിച്ച് എസ്.എന്‍.ഡി.പി യൂണിയന്‍ ഡിവൈ.എസ്.പി ഓഫീസിലേക്ക് മാര്‍ച്ച് നടത്തിയിരുന്നു. ഒരിടത്തും സ്ഥിരമായി തങ്ങാത്ത പ്രതി നിരന്തരം യാത്ര ചെയ്തു കൊണ്ടിരുന്നത് അന്വേഷണത്തെ ബാധിച്ചു. പ്രത്യേകിച്ച് സുഹൃത്തുക്കള്‍ ഇല്ലാത്തതും ഫോണ്‍ ഉപയോഗിക്കാത്തതും പോലീസിന് വലിയ ബുദ്ധിമുട്ടുണ്ടാക്കി. പ്രതിയുടെ നീക്കങ്ങള്‍ ദിനംപ്രതി നിരീക്ഷിച്ചു വന്നിരുന്ന പോലീസ് വെള്ളിയാഴ്ച ഇയാള്‍ കേരളത്തില്‍ എത്തിയതായി സ്ഥിരീകരിച്ചു.
രാത്രിയിലും ഇന്നലെയുമായി വിവിധ സംഘങ്ങളായി പോലീസ് അന്വേഷണം നടത്തി. ഡിവൈ.എസ്.പി ആര്‍. ബിനുവിന്റെ നിര്‍ദ്ദേശപ്രകാരം ഇന്‍സ്പെക്ടര്‍ ടി.ഡി. പ്രജീഷിന്റെ നേതൃത്വത്തില്‍ സബ്ബ് ഇന്‍സ്പെക്ടര്‍മാരായ വിപിന്‍കുമാര്‍, സുരേഷ് ബാബു, ധന്യാ, സുദര്‍ശന, എസ്.സി.പി.ഓ രാജേഷ് ചെറിയാന്‍, സി.പി.ഓ സിറോഷ്, അനീഷ്, അരുണ്‍ലാല്‍, ശ്രീജിത്ത്, സുനില്‍കുമാര്‍, അമല്‍, സതീഷ്, റോബി, പ്രവീണ്‍ എന്നിവര്‍ ചേര്‍ന്ന് പല സംഘങ്ങളായി തിരിഞ്ഞ് കരുവാറ്റയില്‍ വച്ചാണ് അറസ്റ്റ് ചെയ്തത്.
2018 മുതല്‍ കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെട്ടുവന്ന ഇയാള്‍ അടൂര്‍ പോലീസ് സ്റ്റേഷനില്‍ മാത്രം 15 ക്രിമിനല്‍ കേസുകളില്‍ പ്രതിയാണ്, ഏറെയും മോഷണ കേസുകളാണ്. ഇയാളുടെ പേരില്‍ നിലവില്‍ ആകെ 18 കേസുകളുണ്ട്. ഏനാത്ത്, പന്തളം, കോന്നി എന്നീ പോലീസ് സ്റ്റേഷനുകളില്‍ ഓരോ കേസ് ഉള്‍പ്പെടെയാണിത്.
Your comment?