നിയന്ത്രണം വിട്ട കാര്‍ മൂന്നു ബൈക്കുകള്‍ ഇടിച്ചു തെറിപ്പിച്ചു: കാല്‍നട യാത്രികന്‍ തല്‍ക്ഷണം മരിച്ചു
പത്തനംതിട്ട: മില്‍മ ജീവനക്കാര്‍ സഞ്ചരിച്ചിരുന്ന കാര്‍ നിയന്ത്രണം വിട്ടു പാഞ്ഞു കയറി കാല്‍നടയാത്രികന്‍ മരിച്ചു. കൈപ്പട്ടൂര്‍ ഞാറക്കൂട്ടത്തില്‍ ജയിംസ് (61) ആണ് മരിച്ചത്. കൈപ്പട്ടൂര്‍-ചന്ദനപ്പള്ളി റോഡില്‍ മൂന്നാം കലുങ്കില്‍ ഞായറാഴ്ച വൈകിട്ട് മൂന്നരയോടെയാണ് സംഭവം. തൊട്ടടുത്തു ചായക്കട നടത്തുന്നയാളാണ് മരിച്ച ജയിംസ്. കാര്‍ ഓടിച്ചിരുന്ന തട്ട മില്‍മ യൂണിറ്റിലെ ഡ്രൈവര്‍ രജിഷ് (37), ഇവിടെ തന്നെ പ്രൊഡക്ഷന്‍ യൂണിറ്റില്‍ ജോലി ചെയ്യുന്ന പട്ടാഴി സ്വദേശിനി അര്‍ച്ചന (38) എന്നിവരെ പരുക്കുളോടെ പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. രജീഷ് നന്നായി മദ്യപിച്ചിരുന്നതായി പോലീസും നാട്ടുകാരും പറഞ്ഞു.
ഏഴംകുളം-കൈപ്പട്ടൂര്‍ സംസ്ഥാന പാതയില്‍ കൈപ്പട്ടൂര്‍ ഭാഗത്ത് നിന്ന് അമിത വേഗതയിലെത്തിയ മാരുതി കാര്‍ നിയന്ത്രണം വിട്ട് റോഡ് അരികില്‍ പാര്‍ട്ട് ചെയ്തിരുന്ന സ്‌കൂട്ടറും രണ്ടു ബൈക്കും ഇടിച്ചു തെറിപ്പിച്ച ശേഷം നടന്നു വരികയായിരുന്ന ജയിംസിന് മേല്‍ പാഞ്ഞു കയറി സമീപത്തെ വെയിറ്റിങ് ഷെഡില്‍ ഇടിച്ച് വയലിലേക്ക് ഇറങ്ങി നിന്നു. കൊടുമണ്‍ സ്വദേശി ലാല്‍ തന്റെ കാറില്‍ കൈപ്പട്ടൂര്‍ ഭാഗത്തേക്ക് വരുമ്പോഴാണ് അമിത വേഗതയില്‍ എതിരേ മാരുതി ഓള്‍ട്ടോ എത്തിയത്. തന്റെ വാഹനത്തില്‍ ഇടിക്കാതിരിക്കാന്‍ ലാല്‍ ഒതുക്കി നിര്‍ത്തി. പിന്നിലേക്ക് നോക്കുമ്പോഴാണ് കാര്‍ അപകട പരമ്പര സൃഷ്ടിക്കുന്നത് കണ്ടത്. ലാല്‍ തന്നെയാണ് പോലീസിലും ഫയര്‍ ഫോഴ്സിലും വിവരം അറിയിച്ചത്. രജീഷിനും അര്‍ച്ചനയ്ക്കും പരുക്കേറ്റതിനാല്‍ പത്തനംതിട്ട ജനറല്‍ ആശുപത്രിയിലേക്ക് മാറ്റി.
കാറില്‍ നിന്ന് ബിയര്‍ കുപ്പികളും കണ്ടെടുത്തു. രാവിലെ മുതര്‍ല്‍ ഇവര്‍ വാഹനത്തില്‍ അങ്ങോട്ടുമിങ്ങോട്ടും കറങ്ങൂന്നുണ്ടായിരുന്നുവെന്ന് നാട്ടുകാര്‍ പറഞ്ഞു. ഇവര്‍ രണ്ടു പേരെയും ജോലിയില്‍ നിന്ന് സസ്പെന്‍ഡ് ചെയ്തിരിക്കുകയാണെന്നും അറിയുന്നു.
Your comment?