കെഎസ്ആര്‍ടിസി ഡിപ്പോയില്‍ ‘ഗുണ്ടകളുടെ വിളയാട്ടം’
തിരുവനന്തപുരം: കാട്ടാക്കട കെഎസ്ആര്‍ടിസി ഡിപ്പോയില്‍ കണ്‍സഷനുമായി ബന്ധപ്പെട്ട തര്‍ക്കത്തില്‍ അച്ഛനെയും മകളെയും ജീവനക്കാര്‍ മര്‍ദിച്ച സംഭവത്തില്‍ റിപ്പോര്‍ട്ടു തേടി ഗതാഗതമന്ത്രി ആന്റണി രാജു. കെഎസ്ആര്‍ടിസി എംഡിയോടെയാണ് റിപ്പോര്‍ട്ടു തേടിയത്. ഇന്നു തന്നെ റിപ്പോര്‍ട്ട് തരണമെന്നാണ് ആവശ്യപ്പെട്ടിട്ടുള്ളതെന്നും ലഭിച്ചശേഷം കര്‍ശന നടപടി സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു. കയ്യൂക്ക് കാണിക്കുന്നത് ഒരു കാരണവശാലും അംഗീകരിക്കാനാവില്ലെന്നു മന്ത്രി വ്യക്തമാക്കി.
മകളുടെ കണ്‍സഷന്‍ ടിക്കറ്റ് എടുക്കാന്‍ വന്ന കാട്ടാക്കട ആമച്ചല്‍ സ്വദേശി പ്രേമനനെ (53) ആണ് കെഎസ്ആര്‍ടിസി ജീവനക്കാര്‍ മകളുടെ മുന്നിലിട്ട് മര്‍ദിച്ചത്. സംഭവത്തില്‍ കെഎസ്ആര്‍ടിസി അന്വേഷണം പ്രഖ്യാപിച്ചു. പ്രേമന്റെ മൊഴി ഡിവൈഎസ്പി രേഖപ്പെടുത്തി. ഗാര്‍ഡായ സുരേഷ്, ജീവനക്കാരായ മിലന്‍, അനില്‍കുമാര്‍, ഷെറീഫ് എന്നിവരാണ് മര്‍ദിച്ചതെന്നു തിരിച്ചറിഞ്ഞിട്ടുണ്ട്.
മകളുടെ കണ്‍സഷന്‍ പുതുക്കുന്നതുമായി ബന്ധപ്പെട്ടാണ് പ്രേമനന്‍ ഡിപ്പോയിലെത്തിയത്. കോഴ്‌സ് സര്‍ട്ടിഫിക്കറ്റ് വീണ്ടും നല്‍കാതെ കണ്‍സഷന്‍ തരാന്‍ കഴിയില്ലെന്ന് ജീവനക്കാരന്‍ പറഞ്ഞു. ആളുകളെ എന്തിനാണ് വെറുതേ ബുദ്ധിമുട്ടിക്കുന്നതെന്നും കെഎസ്ആര്‍ടിസി ഇങ്ങനെയാകാന്‍ കാരണം ഇത്തരം പ്രവൃത്തികളാണെന്നും പ്രേമനന്‍ പറഞ്ഞതോടെ തര്‍ക്കമായി.
കെഎസ്ആര്‍ടിസിയെ ഉണ്ടാക്കാന്‍ വന്നേക്കുന്നു’ എന്ന പറഞ്ഞ് പ്രേമനനെ മര്‍ദിക്കുന്ന വിഡിയോ ദൃശ്യങ്ങള്‍ പുറത്തുവന്നു. ‘പപ്പാ..’ എന്നു വിളിച്ചു കരയുന്ന മകളെയും ‘മക്കളുടെ മുന്നില്‍വച്ച് ഇടിക്കരുത്’ എന്ന ഒരാള്‍ പറയുന്നതും വിഡിയോയില്‍ കാണാം.
ഉദ്യോഗസ്ഥരുമായുള്ള ചെറിയ തര്‍ക്കമാണ് തന്നെ ക്രൂരമായി മര്‍ദിക്കാനുള്ള കാരണമെന്ന് പ്രേമനന്‍ പറഞ്ഞു. മകളുടെ കണ്‍സഷന്‍ പുതുക്കാനാണ് ഡിപ്പോയില്‍ എത്തിയത്. കോഴ്‌സ് സര്‍ട്ടിഫിക്കറ്റ് മൂന്നു മാസത്തിലൊരിക്കല്‍ നല്‍കണമെന്ന് ജീവനക്കാര്‍ പറഞ്ഞു. ഇത്തരക്കാരാണ് കെഎസ്ആര്‍ടിസിയുടെ ദുരവസ്ഥയ്ക്ക് കാരണമെന്ന് താന്‍ പറഞ്ഞതാണ് ജീവനക്കാരെ പ്രകോപിപ്പിച്ചത്. തര്‍ക്കിച്ചപ്പോള്‍ മൂന്നുപേര്‍ ചേര്‍ന്ന് ക്രൂരമായി മര്‍ദിക്കുകയും നിലത്ത് തള്ളിയിടുകയും ചെയ്തുവെന്നും പ്രേമനന്‍ പറഞ്ഞു. സംഘര്‍ഷത്തില്‍ പ്രേമനന്റെ മകള്‍ക്കും മര്‍ദനമേറ്റിരുന്നു.
Your comment?