5:32 pm - Wednesday November 24, 7154

ദുബായിയില്‍ ഓഫിസ് തുറന്ന് ആശീര്‍വാദ് സിനിമാസ്

Editor

ദുബായ് :മോഹന്‍ലാല്‍ സിനിമകള്‍ ഇനി രാജ്യാന്തര തലത്തില്‍ പ്രേക്ഷകരിലേക്കെത്തിക്കാന്‍ ആശീര്‍വാദ് സിനിമാസ്. മോഹന്‍ലാല്‍ ആദ്യമായി സംവിധാനം ചെയ്ത ബറോസ് എന്ന സിനിമ 20 ഭാഷകളിലാണ് പ്രദര്‍ശനത്തിന് എത്തുക. വിവിധ രാജ്യങ്ങളിലേക്ക് പ്രവര്‍ത്തനം വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായി ആശീര്‍വാദ് സിനിമാസ് ദുബായില്‍ പുതിയ ആസ്ഥാനം തുറന്നു. ദുബായില്‍ പുതിയ ഓഫിസ് തുറക്കുന്നതോടൊപ്പം ആശിര്‍വാദ് സിനിമാസ് ഗള്‍ഫില്‍ സിനിമാ വിതരണരംഗത്തേക്ക് കൂടി പ്രവേശിക്കുകയാണ്. യുഎഇയിലെ സിനിമാ വിതരണ കമ്പനിയായ ഫാര്‍സ് സിനിമാസുമായി കൈകോര്‍ത്താണ് സിനിമാവിതരണരംഗത്ത് സജീവാവുക, പ്രവര്‍ത്തനം രാജ്യാന്തര തലത്തിലേക്ക് വ്യാപിപ്പിക്കുമ്പോള്‍ ദുബായായിരിക്കും അതിന്റെ ഹബ്ബെന്നും മോഹന്‍ലാല്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

ചൈനീസും പോര്‍ച്ചുഗീസും ഉള്‍പ്പെടെ 20 ഭാഷകളില്‍ ഡബ്ബ് ചെയ്തോ സബ്ടൈറ്റില്‍ നല്‍കിയോ ബറോസ് പുറത്തിറക്കാനാണ് ലക്ഷ്യമിടുന്നത്. എമ്പുരാന്‍ അടക്കം ഇനി വരുന്ന മിക്ക ചിത്രങ്ങളും രണ്ടിലേറെ ഭാഷകളിലായിരിക്കും നിര്‍മിക്കുക. തെലുങ്കിലും മലയാളത്തിലും വരുന്ന വൃഷഭം എന്ന സിനിമയുടെ നിര്‍മാണ പ്രവര്‍ത്തനങ്ങളും ദുബായ് കേന്ദ്രീകരിച്ചായിരിക്കും.

ആരോടും മത്സരിക്കാനല്ല ഈ സംരംഭം തുടങ്ങുന്നത്. ആശീര്‍വാദിന്റെ സംരംഭശൃംഖല ഏത് മലയാള സിനിമയ്ക്കും ഇതരഭാഷാചിത്രങ്ങള്‍ക്കും ഉപയോഗിക്കാമെന്നും മോഹന്‍ലാല്‍ പറഞ്ഞു. നിര്‍മാതാവ് ആന്റണി പെരുമ്പാവൂര്‍, ഫാര്‍സ് സിനിമ മേധാവി അഹമ്മദ് ഗുല്‍ഷന്‍ എന്നിവരും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു. ദുബായ് ബിസിനസ് ബേയിലെ ആശിര്‍വാദ് സിനിമാസ് ആസ്ഥാനത്തിന്റെയും വിതരണ ശൃംഖലയുടെയും ഉദ്ഘാടനം മോഹന്‍ലാല്‍ നിര്‍വഹിച്ചു.

”ആശീര്‍വാദിന്റെ ഇതുവരെയുള്ള പ്രവര്‍ത്തനത്തിന്റെ ശക്തിയും ബുദ്ധിയും ആന്റണി പെരുമ്പാവൂരിന് അവകാശപ്പെട്ടതാണ്. ആശീര്‍വാദ് സിനിമാസ് ഇതുവരെ 32 ചിത്രങ്ങള്‍ നിര്‍മിച്ചു. ഈ ചിത്രങ്ങളിലെല്ലാം ഞാന്‍ അഭിനയിച്ചുവെന്നതാണ് ആശീര്‍വാദും ആന്റണിയും ഞാനും തമ്മിലുള്ള ബന്ധത്തിന്റെ തീവ്രത വര്‍ധിപ്പിക്കുന്നത്. ചലച്ചിത്രനിര്‍മാണത്തിലുപരി വിതരണ തിയറ്റര്‍ ശൃംഖലയുമുണ്ട്. നല്ലസിനിമകള്‍ നിര്‍മിക്കുമ്പോള്‍ ബജറ്റ് തടസ്സമാകാന്‍ പാടില്ല. അങ്ങനെയുണ്ടായാല്‍ അത് സിനിമയുടെ ഗുണനിലവാരത്തെ ബാധിക്കും. അതിനൊരു ഉദാഹരണമാണ് മരക്കാര്‍.

സിനിമകള്‍ ഒടിടി പ്ലാറ്റ്ഫോമിലേക്ക് മാത്രമായ കാലവും കഴിയുകയാണ്. അങ്ങനെയാണ് ആശീര്‍വാദിന്റെ ബറോസ് എന്ന ത്രീഡി ചിത്രം ഇറക്കാനൊരുങ്ങുന്നത്. ബറോസ് പോര്‍ച്ചുഗീസ്, ചൈനീസ് ഉള്‍പ്പെടെ 15 മുതല്‍ 20 ഭാഷകളിലേക്ക് ഡബ്ബ് ചെയ്ത് സബ് ടൈറ്റിലോടുകൂടി പ്രദര്‍ശനത്തിന് എത്തിക്കാനാണ് പദ്ധതി. ഇത് വിജയിക്കണമെങ്കില്‍ എല്ലാ രാജ്യങ്ങളിലും ആശീര്‍വാദിന് സ്വന്തമായി ശൃംഖല സ്ഥാപിക്കണം. എല്ലാരാജ്യങ്ങളിലുമുള്ള ഇന്ത്യന്‍ സിനിമയെ പ്രോത്സാഹിപ്പിക്കുന്ന ബിസിനസ് സംരംഭകരുമായി ചേര്‍ന്ന് പ്രവര്‍ത്തിച്ചുകൊണ്ടാണ് ആശീര്‍വാദ് മുന്നോട്ടുപോകുന്നത്. യു.എ.ഇ.യില്‍ ഫാര്‍സ് ഫിലിംസിന്റെ സ്ഥാപകന്‍ അഹമ്മദ് ഗോല്‍ഷിനുമായി വര്‍ഷങ്ങളായി ചേര്‍ന്നുപ്രവര്‍ത്തിക്കുകയാണ്. അത് തുടരും. ബറോസിന്റെ പ്രൊഡക്ഷനുശേഷം ഇനി വരാനിരിക്കുന്നത് എമ്പുരാന്‍ ആണ്. അതിനുശേഷം രണ്ടോ മൂന്നോ ചിത്രങ്ങള്‍കൂടിയുണ്ടാകും.”-മോഹന്‍ലാല്‍ പറഞ്ഞു.

 

News Feed
Don't miss the stories followAdoor Vartha and let's be smart!
Loading...
0/5 - 0
You need login to vote.
Filed in

സനത് ജയസൂര്യയും നടന്‍ മമ്മൂട്ടിയും തമ്മില്‍ കൊളംബോയില്‍ കൂടിക്കാഴ്ച

‘ഏത് പുതിയ ഫോണ്‍ വാങ്ങിച്ചാലും പൊലീസുകാര്‍ കൊണ്ടുപോകും’:നടന്‍ ദിലീപ്

Your comment?
Leave a Reply

Posted by Facebook on Thursday, August 27, 2015
× വാർത്തകൾ അറിയിക്കൂ