മദ്യപിച്ച് വാഹനമോടിച്ചതിന് കേസെടുത്തതിന്റെ പ്രതികാരം: എസ്ഐയെ ചവിട്ടിക്കൂട്ടിയ യുവാവ് അറസ്റ്റില്‍
കോന്നി: മദ്യപിച്ച് വാഹനമോടിച്ചതിന് കേസെടുത്ത എ്സ്ഐയെ കൈയില്‍ കിട്ടിയപ്പോള്‍ ശരിക്ക് അടി കൊടുത്ത യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. പൂവന്‍പാറ പെന്തക്കോസ്തു പള്ളിക്ക് സമീപം കോട്ടമുരുപ്പേല്‍ വീട്ടില്‍ മാഹീനെ (37) യാണ് പോലീസ് ഇന്ന് രാവിലെ ചൈനാമുക്കില്‍ നിന്ന് പിടികൂടിയത്.
കഴിഞ്ഞ 20 നാണ് മദ്യപിച്ച് വാഹനമോടിച്ചതിന് എസ്.ഐ സജു എബ്രഹാം മാഹീനെതിരേ കേസെടുത്തത്. രണ്ടു ദിവസത്തിന് ശേഷം തിങ്കളാഴ്ച രാത്രി ഹോട്ടലില്‍ ഭക്ഷണം വാങ്ങാന്‍ വന്ന എസ്ഐയെ മാഹിന്‍ ക്രൂരമായി മര്‍ദിക്കുകയായിരുന്നു. കോന്നി ടൗണിലെ ഗുരുവായൂരപ്പന് ഹോട്ടലില്‍ വച്ചായിരുന്നു മര്‍ദനം.
ചീത്ത വിളിച്ചുകൊണ്ട് പാഞ്ഞടുത്ത ഇയാള്‍ എസ്.ഐയുടെ ഷര്‍ട്ടില്‍ കുത്തിപ്പിടിച്ച് വലിച്ചു പുറത്തുകൊണ്ട് പോയി അടിക്കുകയും തറയിലിട്ട് ചവിട്ടുകയും ചെയ്യുകയായിരുന്നു. എസ്.ഐ അറിയിച്ചത് പ്രകാരം സ്റ്റേഷനില്‍ നിന്നും പോലീസ് എത്തുമ്പോഴേക്കും ഇയാള്‍ സ്ഥലത്തുനിന്നും കടന്നിരുന്നു. ഒളിവില്‍ പോയ പ്രതിയെ എസ്.ഐമാരായ രവീന്ദ്രന്, അനീഷ്, സി.പി.ഓ ദിനേശ് എന്നിവരുടെ സംഘം നടത്തിയ തെരച്ചിലിലാണ് ചൈനാമുക്കില്‍ നിന്നും പിടികൂടിയത്.
മദ്യപിച്ച് വാഹനം ഓടിച്ചതിനും കോവിഡ് നിയമങ്ങള്‍ ലംഘിച്ചതിനുമായി മൂന്നു കേസുകള്‍ മുമ്പ് കോന്നി പോലീസ് സ്റ്റേഷനില്‍ യുവാവിനെതിരെ രജിസ്റ്റര്‍ ചെയ്തിരുന്നു.
Your comment?