വിജിലന്‍സ് ഉദ്യോഗസ്ഥ ചമഞ്ഞ് ലക്ഷങ്ങളുടെ തട്ടിപ്പ്: തിരുവല്ലക്കാരി ഇന്ദു കണ്ണന്‍ പറ്റിച്ചത് നിരവധിപ്പേരെ: അറസ്റ്റിലായ വിവരം അറിഞ്ഞ് പരാതി പ്രവാഹം
തിരുവല്ല: വിജിലന്‍സ് ഉദ്യോഗസ്ഥ ചമഞ്ഞ് കേന്ദ്ര-സംസ്ഥാന സ്ഥാപനങ്ങളിലടക്കം ജോലി വാഗ്ദാനം ചെയ്ത് നിരവധി പേരില്‍ നിന്നും ലക്ഷങ്ങള്‍ തട്ടിയ യുവതി പോലീസിന്റെ പിടിയിലായി. തിരുമൂലപുരം അടുമ്പട കുരിശുംമൂട്ടില്‍ താഴ്ചയില്‍ വീട്ടില്‍ ഇന്ദു കണ്ണന്‍ (39) ആണ് ഇന്നുച്ചയോടെ ചങ്ങനാശേരിയില്‍ നിന്നും പിടിയിലായത്.
ലക്ഷങ്ങളുടെ മുദ്ര ലോണ്‍ തരപ്പെടുത്തി നല്‍കാമെന്ന് വാഗ്ദാനം ചെയ്തും ഇവര്‍ നിരവധി പേരില്‍ നിന്നും പണം തട്ടിയിട്ടുണ്ട്. 15 ലക്ഷം രൂപയുടെ മുദ്ര ലോണ്‍ തരപ്പെടുത്താമെന്ന് വിശ്വസിപ്പിച്ച് രണ്ട് ലക്ഷത്തി മുപ്പതിനായിരം രൂപ തട്ടിയെടുത്തതായി കാട്ടി തിരുവല്ല സ്വദേശിനി സുനിത കുമാരി പോലീസില്‍ നല്‍കിയ പരാതിയില്‍ നടത്തിയ അന്വേഷണത്തിലാണ് പ്രതി വലയിലായത്. ഇന്ദു പിടിയിലായതറിഞ്ഞ് ഇവരുടെ തട്ടിപ്പിന് ഇരയായ നാല് ചങ്ങനാശ്ശേരി സ്വദേശികള്‍ വൈകിട്ടോടെ പരാതിയുമായി തിരുവല്ല പോലീസ് സ്റ്റേഷനില്‍ എത്തിയിട്ടുണ്ട്.
ചങ്ങനാശേരിയിലും പരിസര പ്രദേശങ്ങളിലുമായി മാത്രം പത്തോളം പേര്‍ ഇന്ദുവിന്റെ തട്ടിപ്പിന് ഇരയായതായി പരാതിയുമായി എത്തിയവര്‍ പറഞ്ഞു. തിരുമൂലപുരം, വെണ്‍പാല, കുറ്റൂര്‍ പ്രദേശങ്ങളില്‍ നിന്നും നിരവധി പേര്‍ ഇവരുടെ തട്ടിപ്പിന് ഇരകളായിട്ടുള്ളതായി പോലീസിന് വിവരം ലഭിച്ചിട്ടുണ്ട്. വരും ദിവസങ്ങളില്‍ ഇന്ദുവിനെതിരെ നിരവധി പേര്‍ പരാതിയുമായി എത്താനാണ് സാധ്യതയെന്ന് ഇന്‍സ്പെക്ടര്‍ പി.എസ് വിനോദ് പറഞ്ഞു. തിരുവല്ല കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.
Your comment?