ഇന്ത്യയ്ക്ക് 4 റണ്‍സ് ജയം
ഡബ്ലിന്‍: ദീപക് ഹൂഡയുടെയും സഞ്ജു സാംസണിന്റെയും വെടിക്കെട്ട് ഇന്നിങ്‌സുകളിലൂടെ കൂറ്റന്‍ സ്‌കോറുയര്‍ത്തിയ ഇന്ത്യയെ അതേ നാണയത്തില്‍ തിരിച്ചടിച്ച് അയര്‍ലന്‍ഡ് വിറപ്പിച്ചു. രണ്ടാം ട്വന്റി20യില്‍ ആദ്യം ബാറ്റു ചെയ്ത് 225 റണ്‍സ് നേടിയ ഇന്ത്യ 4 റണ്‍സിന്റെ തലനാരിഴ ജയത്തോടെ രക്ഷപ്പെട്ടു. സ്‌കോര്‍: ഇന്ത്യ 20 ഓവറില്‍ 7ന് 225. അയര്‍ലന്‍ഡ് 20 ഓവറില്‍ 5ന് 221. 2 മത്സരങ്ങള്‍ അടങ്ങിയ പരമ്പര ഇന്ത്യ (2-0)ന് സ്വന്തമാക്കി. ട്വന്റി20 ലോകകപ്പിനു മുന്‍പ് ‘പരീക്ഷണ’ ടീമുമായിറങ്ങിയ ഇന്ത്യയ്ക്ക് അപായ സൂചന നല്‍കിയാണ് ഇന്നലെ അയര്‍ലന്‍ഡ് ബാറ്റര്‍മാര്‍ കളംവിട്ടത്. ആകെ 446 റണ്‍സാണ് മത്സരത്തില്‍ പിറന്നത്.
ദേശീയ ജഴ്‌സിയില്‍ മികച്ച പ്രകടനത്തിനായുള്ള ആരാധകരുടെ നീണ്ട കാത്തിരിപ്പ് അവസാനിപ്പിച്ച സഞ്ജുവിന്റെയും (42 പന്തില്‍ 77) അതിനെക്കാള്‍ പ്രഹരശേഷിയുള്ള സെഞ്ചറി കുറിച്ച ദീപക് ഹൂഡയുടെയും (57 പന്തില്‍ 104) സൂപ്പര്‍ ഇന്നിങ്‌സുകളുടെ കരുത്തിലാണ് ആദ്യം ബാറ്റു ചെയ്ത ഇന്ത്യ 225 റണ്‍സ് നേടിയത്.
ട്വന്റി20യില്‍ സെഞ്ചറി നേടുന്ന നാലാമത്തെ ഇന്ത്യന്‍ താരമെന്ന നേട്ടം ഹൂഡ സ്വന്തമാക്കിയപ്പോള്‍ ട്വന്റി20യിലെ മികച്ച ഇന്ത്യന്‍ ബാറ്റിങ് കൂട്ടുകെട്ട് ഹൂഡയുടെയും സഞ്ജുവിന്റെയും പേരിലായി; 176 റണ്‍സ്. ഇരുവരും രാജ്യന്തര ട്വന്റി20യില്‍ ആദ്യ അര്‍ധ സെഞ്ചറി നേടിയതും ഇന്നലെയാണ്. ഋതുരാജ് ഗെയ്ക്വാദിനെ പുറത്തിരുത്തിയതോടെ ഓപ്പണറായി അവസരം ലഭിച്ചിറങ്ങിയ സഞ്ജു നേരിട്ട ആദ്യ പന്തില്‍ ഫോറടിച്ചാണ് തുടങ്ങിയത്.
Your comment?