സര്‍ക്കാര്‍ സ്‌കൂളിന്റെ അഭിമാനം വാനോളം ഉയര്‍ത്തിയ ചൂരക്കോട് ഗവണ്‍മെന്റ് എല്‍.പി സ്‌കൂളില്‍ ഒരു അടുക്കളയില്ല, വൈദ്യുതിയില്ല
അടൂര്‍: ക്ലാസ് മുറികളില്‍ വൈദ്യുതി ഇല്ലാത്തതു കാരണം അടൂര്‍ ചൂരക്കോട് ഗവണ്‍മെന്റ് എല്‍.പി സ്‌കൂളിലെ കുട്ടികള്‍ ചൂടത്തും ഇരുട്ടത്തും ഇരുന്ന് പഠിക്കേണ്ട അവസ്ഥയിലാണ്. പുതിയ കെട്ടിടത്തിന്റെ ഉദ്ഘാടനം കഴിഞ്ഞ് ഒരു മാസം ആകുമ്പോഴും ക്ലാസ് മുറികളില്‍ വൈദ്യുതി എത്തിയിട്ടില്ല.കുട്ടികളുടെ വര്‍ദ്ധനവുകൊണ്ട് സര്‍ക്കാര്‍ സ്‌കൂളിന്റെ അഭിമാനം വാനോളം ഉയര്‍ത്തിയ സ്‌കൂളാണ് ചൂരക്കോട് ഗവണ്‍മെന്റ് എല്‍.പി സ്‌കൂള്‍. പ്രീ പ്രൈമറി മുതല്‍ നാലാം ക്ലാസ് വരെ അഞ്ഞൂറിലധികം കുട്ടികളാണ് പഠിക്കുന്നത്. പക്ഷെ പറഞ്ഞിട്ട് കാര്യമില്ല. പുതിയ കെട്ടിടത്തിലെ നാല് ക്ലാസ് മുറികളില്‍ വൈദ്യുതിയില്ല. എം.എല്‍.എ ഫണ്ടില്‍ നിന്നും അന്‍പത് ലക്ഷം രൂപ മുടക്കിയാണ് കെട്ടിടം പണിഞ്ഞത്. 2022 മെയ് 19-ന് ഉദ്ഘാടനവും കഴിഞ്ഞു. പക്ഷെ കെട്ടിടത്തില്‍ വയറിംങ്ങ് ജോലി പോലും ചെയ്തിട്ടില്ല എന്നതാണ് വസ്തുത. എന്നാല്‍ സ്‌കൂളില്‍ പുതിയതായി നിര്‍മ്മിച് കെട്ടിടത്തില്‍ വൈദ്യുതിയുണ്ട്.
നിരവധി കുട്ടികള്‍ പഠിക്കുന്ന ചൂരക്കോട് ഗവണ്‍മെന്റ് എല്‍.പി സ്‌കൂളില്‍ ഒരു അടുക്കളയില്ല എന്നത് മറ്റൊരു പ്രധാന പ്രശ്‌നമാണ്. നിലവില്‍ അരിയും മറ്റ് സാധനങ്ങളും സൂക്ഷിക്കുന്നിടത്താണ് ഭക്ഷണം പാകം ചെയ്യുന്നത്. അടുക്കളയില്ലാത്തതു സംബന്ധിച്ച് ഏറത്തു ഗ്രാമ പഞ്ചായത്തില്‍ പരാതി നല്‍കിയതാണെന്ന് സ്‌കൂള്‍ അധികൃതര്‍ പറയുന്നു. ഇതിന്‍ പ്രകാരം മഹാത്മാഗാന്ധി ദേശീയ തൊഴിലുറപ്പ് പദ്ധതി പ്രകാരം അടുക്കള പണിഞ്ഞു തരാം എന്നും ഉറപ്പ് നല്‍കിയതാണ്. ഇതിന് വിദ്യാഭ്യാസ വകുപ്പിന്റെ അനുമതി വാങ്ങി വന്നാല്‍ അടുക്കളയ്ക്ക് തുക അനുവദിക്കാം എന്നാണ് പഞ്ചായത്ത് അധികൃതര്‍ പറഞ്ഞത്. തുടര്‍ന്ന് വിദ്യാഭ്യാസ വകുപ്പിന്റെ അനുമതി നേടി.
ഇതിനു ശേഷം ഇപ്പോള്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ പറയുന്നത് ഊട്ടുപുര ഉണ്ടെങ്കില്‍ അടുക്കളക്ക് പണം തരാം എന്നാണ് എന്ന് സ്‌കൂള്‍ പി.ടി.എ അംഗങ്ങള്‍ പറയുന്നു. അപ്പോള്‍ അടുക്കള ഉണ്ടെങ്കിലല്ലേ ഊട്ടുപുര വേണ്ടു എന്ന ചോദ്യമാണ് പി.ടി.എ അംഗങ്ങള്‍ ഉയര്‍ത്തുന്നത്. എന്നാല്‍ തൊഴിലുറപ്പ് പദ്ധതിയില്‍ ചെയ്യുന്ന കെട്ടിടങ്ങളുടെ ബില്ലുകള്‍ മാറാന്‍ താമസിക്കുന്നതു കാരണം ഇത്തരം നിര്‍മ്മാണം ഏറ്റെടുക്കാന്‍ കരാറുകാര്‍ മടിക്കുകയാണ്. ചൂരക്കോട് ഗവണ്‍മെന്റ് എല്‍.പി സ്‌കൂളിലെ അടുക്കളുടെ കാര്യത്തില്‍ ബ്ലോക്ക് പഞ്ചായത്തുമായി അടിയന്തിരമായി ബന്ധപ്പെട്ട് പരിഹാരം കാണുമെന്നും ഏറത്ത് ഗ്രാമപഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംങ് കമ്മിറ്റി ചെയര്‍മാന്‍ അനില്‍ പൂതക്കുഴി പറഞ്ഞു
Your comment?