വിഡിയോ എടുക്കുന്നതിനിടെ സഹോദരങ്ങളടക്കം മൂന്നു കുട്ടികള്‍ ഒഴുക്കില്‍പ്പെട്ടു
പത്തനാപുരം: കല്ലടയാര്‍ കുണ്ടയം കുറ്റിമൂട്ടില്‍ കടവില്‍ വിഡിയോ എടുക്കുന്നതിനിടെ സഹോദരങ്ങളടക്കം മൂന്നു കുട്ടികള്‍ ഒഴുക്കില്‍പ്പെട്ടു. കുണ്ടയം അഞ്ജന വിലാസത്തില്‍ അനുഗ്രഹ, സഹോദരന്‍ അഭിനവ്, പത്തനംതിട്ട കൂടല്‍ മനോജ് ഭവനില്‍ അപര്‍ണ എന്നിവരാണ് ഒഴുക്കില്‍പ്പെട്ടത്. അനുഗ്രഹയെയും അഭിനവിനെയും നാട്ടുകാര്‍ ചേര്‍ന്നു രക്ഷപ്പെടുത്തി. അപര്‍ണയ്ക്കായുള്ള തെരച്ചില്‍ സന്ധ്യയോടെ അവസാനിപ്പിച്ചു. നാളെ തുടരും.
ശനിയാഴ്ച ഉച്ചയോടെ ഗാന്ധി ഭവന് സമീപം കുറ്റിമൂട്ടില്‍ കടവിലാണ് സംഭവം. സുഹൃത്തായ അനുഗ്രഹയുടെ വീട്ടിലെത്തിയതായിരുന്നു അപര്‍ണ. ഇതിനിടെ അനുഗ്രഹയുടെ സഹോദരന്‍ അഭിനവിനൊപ്പം കല്ലടയാറ്റിലെ കടവിലേക്ക് പോയതാണ് ഇരുവരും. അവിടെവച്ച് അഭിനവ്, അനുഗ്രഹയുടെയും അപര്‍ണയുടെയും വിഡിയോ എടുക്കുന്നതിനിടെ ഇരുവരും ഒഴുക്കില്‍പ്പെടുകയായിരുന്നു. ഇവരെ രക്ഷിക്കാനുള്ള ശ്രമത്തിനിടെ അഭിനവും ഒഴുക്കില്‍പ്പെട്ടു.
കടവില്‍നിന്ന് ഏകദേശം രണ്ടു കിലോമീറ്റര്‍ അകലെ മീന്‍പിടിക്കുകയായിരുന്നവരാണ് അനുഗ്രഹയെയും അഭിനവിനെയും രക്ഷിച്ചത്. ഒഴുക്കില്‍പ്പെട്ട അപര്‍ണയെ രക്ഷിക്കാന്‍ ഇവര്‍ക്കായില്ല. കൊല്ലത്തു നിന്നെത്തിയ സ്‌കൂബ ടീം, പത്തനാപുരത്തു നിന്നെത്തിയ അഗ്നിരക്ഷാ യൂണിറ്റ് എന്നിവരാണ് അപര്‍ണയ്ക്കായി തിരച്ചില്‍ നടത്തുന്നത്.
ആഴംകൂടിയ പ്രദേശമാണിത്. കഴിഞ്ഞ ദിവസങ്ങളില്‍ മഴ പെയ്തതിനാല്‍ വെള്ളത്തിന്റെ അളവ് കൂടുതലാണെന്നും നാട്ടുകാര്‍ പറഞ്ഞു.
Your comment?