‘ചിറ്റയത്തിന്റെ പരാതി മകന്റെ കല്യാണത്തിന് അച്ഛനെ വിളിച്ചില്ലെന്ന് പറയുന്നതു പോലെ’
പത്തനംതിട്ട: ഡപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍ ഉയര്‍ത്തിയ വിമര്‍ശനങ്ങള്‍ക്കിടെ ആരോഗ്യമന്ത്രി വീണാ ജോര്‍ജിനെ പ്രതിരോധിച്ച് സിപിഎം ജില്ലാ നേതൃത്വം. ‘മകന്റെ കല്യാണത്തിന് അച്ഛനെ ക്ഷണിച്ചില്ലെന്ന് പരാതിപ്പെടുന്നതു പോലെ’യാണ് മന്ത്രി വീണാ ജോര്‍ജിനെതിരായ ചിറ്റയം ഗോപകുമാറിന്റെ ആക്ഷേപമെന്ന് സിപിഎം ജില്ലാ സെക്രട്ടറി കെ.പി.ഉദയഭാനു പരിഹസിച്ചു. ഇത്തരം യോഗങ്ങള്‍ക്ക് പ്രത്യേകം ക്ഷണിക്കേണ്ട കാര്യമില്ലെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ചിറ്റയം ഗോപകുമാര്‍ മന്ത്രിക്കെതിരെ പരാതി നല്‍കിയിട്ടില്ലെന്നും സിപിഎം ജില്ലാ സെക്രട്ടറി വ്യക്തമാക്കി.
‘സംസ്ഥാന സര്‍ക്കാരിന്റെ വാര്‍ഷികാഘോഷം എങ്ങനെ നടത്തണം എന്നതിനെപ്പറ്റി സര്‍ക്കാരിനു കൃത്യമായ ധാരണയുണ്ട്. മന്ത്രി അധ്യക്ഷയും കലക്ടര്‍ കണ്‍വീനറുമായ സംഘാടകസമിതിയില്‍ ജില്ലയില്‍ നിന്നുള്ള എല്ലാ എംഎല്‍എമാരും ജില്ലാപഞ്ചായത്ത് ഭാരവാഹികളും അംഗങ്ങളായിരുന്നു.
സംഘാടക സമിതി വിളിച്ചുചേര്‍ത്ത യോഗത്തില്‍ ഞാനും പങ്കെടുത്തിരുന്നു. അവിടെ പ്ലാന്‍ ചെയ്തതനുസരിച്ചാണ് ആഘോഷപരിപാടികള്‍ ചിട്ടപ്പെടുത്തിയത്. കൂട്ടുത്തരവാദിത്തതോടെയാണ് പരിപാടികള്‍ നടത്തേണ്ടത്.
അതുകൊണ്ടുതന്നെ ഇതില്‍ ഉള്‍പ്പെട്ട ആരെയും അങ്ങോട്ടും ഇങ്ങോട്ടും ക്ഷണിക്കേണ്ട ആവശ്യമുണ്ടെന്ന് തോന്നുന്നില്ല. മകളുടെ വിവാഹത്തിന് അച്ഛനെ വിളിച്ചില്ലെന്ന് പറയുന്നതു പോലെയുള്ള പരിഭവങ്ങളാണ് ഇപ്പോള്‍ ഉയര്‍ന്നുവന്നിരിക്കുന്നത്. പരാതി നല്‍കിയതുമായി ബന്ധപ്പെട്ട ഒരു വിവരവും അറിയില്ല. എനിക്ക് ആരും പരാതി നല്‍കിയിട്ടുമില്ല. മുന്‍വിധികള്‍ക്ക് നില്‍ക്കുന്നില്ല. പാര്‍ട്ടിയും എല്‍ഡിഎഫും പരിശോധിച്ച് തീരുമാനം എടുക്കും.’- കെ.പി.ഉദയഭാനു പറഞ്ഞു.
അച്ഛനെ കാഴ്ചക്കാരനാക്കി കരക്കാര്‍ മകളുടെ കല്യാണം നടത്തിയാല്‍ എങ്ങനെയിരിക്കുമെന്ന് സിപിഐ ജില്ലാ സെക്രട്ടറി
പത്തനംതിട്ട :ജില്ലയുടെ ചുമതലയുള്ള മന്ത്രി ജില്ലയിലെ എംഎല്‍എമാരുമായി കൂടിയാലോചനകള്‍ നടത്തുന്നില്ലെന്നും വിളിച്ചാല്‍ ഫോണ്‍ എടുക്കാറില്ലെന്നും അടൂര്‍ എംഎല്‍എ കൂടിയായ ചിറ്റയം ഗോപകുമാര്‍ തുറന്നടിച്ചതാണ് വിവാദത്തിനു തിരികൊളുത്തിയത്. ഈ കാര്യങ്ങളെല്ലാം സിപിഎം ജില്ലാ നേതൃത്വത്തെ അറിയിച്ചെങ്കിലും നടപടി ഉണ്ടാകാത്തതുകൊണ്ടാണ് തുറന്നു പറയുന്നതെന്നും ഡപ്യൂട്ടി സ്പീക്കര്‍ വ്യക്തമാക്കി. ഈ സാഹചര്യത്തിലാണ് പരാതി ലഭിച്ചിട്ടില്ലെന്ന സിപിഎം ജില്ലാ സെക്രട്ടറിയുടെ വിശദീകരണം.
പത്തനംതിട്ട: ആരോഗ്യമന്ത്രി വീണാ ജോര്‍ജും ഡപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാറും തമ്മിലുള്ള തര്‍ക്കവുമായി ബന്ധപ്പെട്ട് സിപിഎമ്മിന്റെ ഭാഗത്തുനിന്നുള്ള പ്രതികരണം നിര്‍ഭാഗ്യകരമെന്ന് സിപിഐ. മകളുടെ കല്യാണത്തിന് അച്ഛനെ വിളിക്കേണ്ടതില്ലെന്നായിരുന്നു ചിറ്റയത്തിന്റെ പരാതിയെ പരിഹസിച്ച് സിപിഎം പത്തനംതിട്ട ജില്ലാ സെക്രട്ടറി പറഞ്ഞത്. എന്നാല്‍ അച്ഛനെ കാഴ്ചക്കാരനാക്കി കരക്കാര്‍ മകളുടെ കല്യാണം നടത്തിയാല്‍ എങ്ങനെയിരിക്കുമെന്ന് സിപിഐ ജില്ലാ സെക്രട്ടറി എ.പി.ജയന്‍ ചോദിച്ചു. കാബിനറ്റ് റാങ്കിലുള്ളവരുടെ തര്‍ക്കം പരിഹരിക്കേണ്ടത് സംസ്ഥാന നേതൃത്വമാണെന്നും അദ്ദേഹം പറഞ്ഞു.
ഇടപെട്ട് എല്‍ഡിഎഫ് നേതൃത്വം
അതിനിടെ, വീണാ ജോര്‍ജും ചിറ്റയം ഗോപകുമാറും തമ്മിലുള്ള തര്‍ക്കത്തില്‍ സിപിഎം- സിപിഐ സംസ്ഥാന നേതൃത്വങ്ങള്‍ ഇടപെട്ടിട്ടുണ്ട്. ഇരുനേതാക്കളും മുന്നണിക്കു പരാതി കൊടുത്തതിനാല്‍ ഇവരുടെ ഭാഗം കേള്‍ക്കാന്‍ എല്‍ഡിഎഫ് നേതൃത്വം തീരുമാനിച്ചു. പരസ്യപ്രതികരണത്തിന് മുതിരേണ്ടെന്ന് ഇരുവര്‍ക്കും അതാതു പാര്‍ട്ടികള്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്.
ആറന്‍മുള എംഎല്‍എയായ ആരോഗ്യമന്ത്രിയും അടൂര്‍ എംഎല്‍എയായ ഡപ്യൂട്ടി സ്പീക്കറും തമ്മിലുള്ള അഭിപ്രായ ഭിന്നത പരസ്യമായതില്‍ ഇരു പാര്‍ട്ടി നേതൃത്വങ്ങള്‍ക്കും വിയോജിപ്പുണ്ട്. ‘ആരോഗ്യമന്ത്രി അടൂര്‍ മണ്ഡലത്തിലെ പരിപാടികള്‍ അറിയിക്കാറില്ല, വിളിച്ചാല്‍ ഫോണെടുക്കില്ല. ഗുരുതര അവഗണന’ എന്നായിരുന്നു ചിറ്റയത്തിന്റെ പരസ്യ വിമര്‍ശനം. പരസ്യ വിമര്‍ശനത്തിനു മുന്‍പ് ഇക്കാര്യങ്ങള്‍ മുന്നണിയില്‍ പറയണമായിരുന്നെന്ന നിലപാടാണ് സിപിഎം നേതൃത്വത്തിന്. സിപിഐ സംസ്ഥാന നേതൃത്വവും ചിറ്റയത്തിന്റെ പരസ്യ പ്രതികരണത്തെ പിന്തുണയ്ക്കുന്നില്ലെന്നാണ് സൂചന.
എന്നാല്‍ വീണാ ജോര്‍ജിന്റെ സമീപനത്തിനെതിരെ ചിറ്റയം പരസ്യമായി പ്രതികരിച്ചതില്‍ തെറ്റില്ലെന്ന നിലപാട് സിപിഐയിലെ ഒരു വിഭാഗത്തിനുണ്ട്. വീണാ ജോര്‍ജിനെതിരെ ഉള്ള പരാതികള്‍ ഇതാദ്യമല്ല. വിളിച്ചാല്‍ ഫോണെടുക്കില്ലെന്ന ആരോപണം കായംകുളം എംഎല്‍എ യു.പ്രതിഭ അടക്കമുള്ളവര്‍ പേരു പറയാതെ മുന്‍പ് ഉന്നയിച്ചിട്ടുള്ളതാണ്. പത്തനംതിട്ടയില്‍ നിന്നുള്ള മുന്‍ സംസ്ഥാന കമ്മിറ്റിയംഗം വരെ പരാതി നല്‍കിയവരുടെ പട്ടികയിലുണ്ട്.
Your comment?