കോവിഡ് വ്യാപനത്തില്‍ സംസ്ഥാനത്ത് ആശങ്കപ്പെടേണ്ട സാഹചര്യമില്ല: മന്ത്രി വീണാ ജോര്‍ജ്
പത്തനംതിട്ട :കോവിഡ് വ്യാപനത്തില്‍ സംസ്ഥാനത്ത് നിലവില്‍ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും ജാഗ്രത കൈവിടരുതെന്നും ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോര്‍ജ് പറഞ്ഞു. സംസ്ഥാനത്തെ കോവിഡ് സ്ഥിതി വിലയിരുത്തുന്നതിന് ഓണ്‍ലൈനായി നടത്തിയ യോഗത്തിനു ശേഷം പത്തനംതിട്ട കളക്ടറേറ്റില്‍ സംസാരിക്കുകയായിരുന്നു മന്ത്രി.
കോവിഡ് കേസുകളില്‍ കേരളത്തില്‍ വര്‍ധനവില്ല. എറണാകുളം ജില്ലയില്‍ മാത്രം നേരിയ വര്‍ധനവുണ്ട്. മറ്റു ജില്ലകളില്‍ കോവിഡ് കേസുകളില്‍ സ്ഥിരതയാണുള്ളത്. എന്നാല്‍, മറ്റു സംസ്ഥാനങ്ങളില്‍ കോവിഡ് രോഗനിരക്കില്‍ വര്‍ധന ഉണ്ടാകുന്ന സ്ഥിതിയില്‍ സംസ്ഥാനത്തെ സാഹചര്യം പൊതുവേ ജാഗ്രതയോടെ നിരീക്ഷിക്കുമെന്നും മന്ത്രി പറഞ്ഞു. ജില്ലാതലത്തിലും സംസ്ഥാന തലത്തിലും കോവിഡ് സ്ഥിതി കൃത്യമായി അവലോകനം ചെയ്തു വരുന്നുണ്ട്.
കോവിഡ് വാക്സിനുമായി ബന്ധപ്പെട്ടുള്ള മുന്‍കരുതല്‍ ഡോസ് വളരെ പ്രധാനപ്പെട്ടതാണ്. മൂന്നാം തരംഗത്തില്‍ പ്രായമുള്ളവര്‍ക്കാണ് കോവിഡ് മരണം കൂടുതല്‍ സംഭവിച്ചിട്ടുള്ളത്. അതിനാല്‍ ശക്തമായ ബോധവത്ക്കരണം ജില്ലാ, സംസ്ഥാന തലങ്ങളില്‍ നടത്തുന്നതിന് നിര്‍ദേശം നല്‍കിയിട്ടുണ്ട്. സ്‌കൂള്‍ തുറക്കുന്ന സാഹചര്യത്തില്‍ വിദ്യാഭ്യാസ വകുപ്പുമായി സഹകരിച്ചു കൊണ്ട് കുട്ടികളെ കൂടുതലായി വക്സിനേഷന്‍ നടത്തുന്നതിനുള്ള പ്രേരണയ്ക്കായി ബോധവത്ക്കരണം നടത്തും. നിലവില്‍ സംസ്ഥാനത്തിന്റെ പൊതുസാഹചര്യം എടുത്താല്‍ എവിടെയും ക്ലസ്റ്ററുകള്‍ രൂപപ്പെട്ടിട്ടില്ല. പുതിയ വേരിയന്റുകള്‍ ഉണ്ടോയെന്ന് പരിശോധിക്കും. ഇനിയും കോവിഡ് കേസുകളില്‍ നിലവിലുള്ളതിനേക്കാള്‍ വര്‍ധനവുണ്ടായാല്‍ പഴയതുപോലെ ബുള്ളറ്റിന്‍ പ്രസിദ്ധീകരിക്കും. കോവിഡ് കേസുകള്‍ കുറഞ്ഞ സാഹചര്യത്തില്‍ ദിവസേനയുള്ള കോവിഡ് ബുള്ളറ്റിന്‍ വേണ്ടെന്ന് തീരുമാനിച്ചിരുന്നു. കഴിഞ്ഞ രണ്ടാഴ്ചത്തെ കോവിഡ് കണക്കുകള്‍ ഉടന്‍ തന്നെ പ്രസിദ്ധീകരിക്കും. ഇന്നത്തെ കോവിഡ് കേസുകള്‍ 255 ഉം ഇന്നലെ 290 ഉം ആയിരുന്നു. 23ന് 281 ആയിരുന്നു.
കോവിഡ് കുറഞ്ഞ സാഹചര്യത്തില്‍ മാസ്‌ക് ധരിക്കേണ്ടെന്ന തെറ്റിദ്ധാരണ ജനങ്ങള്‍ക്കുണ്ട്. ഇത് ശരിയല്ല. വിട്ടുവീഴ്ച കൂടാതെ എല്ലാവരും മാസ്‌ക് കൃത്യമായി ധരിക്കണം. പൊതു ഇടങ്ങളില്‍ സാമൂഹിക അകലം പാലിക്കണം. സാനിറ്റൈസര്‍ കൃത്യമായി ഉപയോഗിക്കണം. കോവിഡ് വാക്സിനേഷന്‍ ഒരു പ്രതിരോധമാണ്. ഇതിലൂടെ മരണം ഒഴിവാക്കാമെന്ന ബോധവത്ക്കരണവും വ്യക്തികളിലും വീടുകളിലും നടത്തണമെന്ന് ആരോഗ്യപ്രവര്‍ത്തകര്‍ക്കും ഫീല്‍ഡ് സ്റ്റാഫിനും നിര്‍ദേശം നല്‍കിയിട്ടുണ്ട്. കൂടാതെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ സഹകരണത്തോടെ പഞ്ചായത്ത് തലത്തിലും വാര്‍ഡ് തലത്തിലും വാക്സിനേഷന്‍ തുടര്‍ന്നും നടത്തും. കേരളത്തെ സംബന്ധിച്ചിടത്തോളം പൊതുജാഗ്രത തുടരുമെന്നും മന്ത്രി പറഞ്ഞു.
Your comment?