കോവിഡിനൊപ്പം ആരംഭിച്ച വിലക്കയറ്റം: നിര്‍മാണത്തിനാവശ്യമായ എല്ലാ വസ്തുക്കള്‍ക്കും വിലകൂടിയതോടെ കെട്ടിടനിര്‍മാണ മേഖലയില്‍ വന്‍പ്രതിസന്ധി
കൊച്ചി: നിര്‍മാണത്തിനാവശ്യമായ എല്ലാ വസ്തുക്കള്‍ക്കും വിലകൂടിയതോടെ കെട്ടിടനിര്‍മാണ മേഖലയില്‍ വന്‍പ്രതിസന്ധി. സിമന്റ്, സ്റ്റീല്‍, കമ്പി, പി.വി.സി. തുടങ്ങി എല്ലാറ്റിനും വന്‍തോതില്‍ വില കൂടി. കോവിഡിനൊപ്പം ആരംഭിച്ച വിലക്കയറ്റമാണ് ഇപ്പോഴും തുടരുന്നത്. യുക്രൈന്‍-റഷ്യ യുദ്ധവും പരോക്ഷമായി വിലക്കയറ്റത്തിനു കാരണമായി.
വാര്‍ഷികാടിസ്ഥാനത്തില്‍ 20-25 ശതമാനം വരെയാണ് മേഖലയിലെ മൊത്തം വിലക്കയറ്റം. യുദ്ധം തുടങ്ങിയതിനുശേഷമുള്ള ഒരു മാസത്തെ കണക്കെടുത്താല്‍മാത്രം 10 ശതമാനംവരെയാണ് വിലക്കയറ്റം. മൊത്ത വില്‍പ്പനവിലയിലെ വര്‍ധനയാണിത്. സാധാരണക്കാര്‍ ചെറിയ അളവില്‍ നിര്‍മാണ സാധനങ്ങള്‍ വാങ്ങുമ്പോഴുള്ള ചില്ലറവില്‍പ്പനവില ഇതിനെക്കാള്‍ 15 ശതമാനം വരെ കൂടുതലാണ്.മൂന്നുമാസത്തിനുള്ളില്‍ നിര്‍മാണച്ചെലവ് ചതുരശ്രയടിക്ക് 250-300 രൂപ വരെ കൂടി. കോവിഡിനുശേഷം ചതുരശ്രയടിക്ക് 750-1,000 രൂപവരെ നിര്‍മാണച്ചെലവ് ഉയര്‍ന്നിട്ടുണ്ട്.
കേരളം ഒഴികെ മിക്ക സംസ്ഥാനങ്ങളും വിലക്കയറ്റത്തിന്റെ ആഘാതം കുറയ്ക്കാന്‍ രജിസ്‌ട്രേഷന്‍ ചെലവ് കുറച്ചിട്ടുണ്ട്. സംസ്ഥാനത്ത് വാണിജ്യകെട്ടിടങ്ങള്‍ റെറ(റിയല്‍ എസ്റ്റേറ്റ് റഗുലേറ്ററി അതോറിറ്റി)യില്‍ രജിസ്റ്റര്‍ ചെയ്യുന്നതിന് ചതുരശ്രമീറ്ററിന് നൂറുരൂപയാണ് ഈടാക്കുന്നത്. കേരളത്തില്‍ മൊത്തം പ്രോജക്ടിന്റെ ചെലവില്‍ പത്തുശതമാനം പോകുന്നത് രജിസ്‌ട്രേഷനാണ്. അതായത്, 55 ലക്ഷം രൂപ വിലവരുന്ന ഒരു അപ്പാര്‍ട്ട്‌മെന്റിന് 5.5 ലക്ഷം രൂപയാണ് ഉടമസ്ഥാവകാശം മാറ്റുന്നതിനുമാത്രം കൊടുക്കേണ്ടിവരുന്നത്. ഇതിനുപുറമേയാണ്, നിര്‍മാണസാമഗ്രികളുടെ ജി.എസ്.ടി. നിരക്ക്. സ്വര്‍ണത്തിന് മൂന്നുശതമാനം ജി.എസ്.ടി. ഈടാക്കുമ്പോള്‍ സിമെന്റിന് 28 ശതമാനവും സ്റ്റീല്‍, കമ്പിപോലുള്ളവയ്ക്ക് 18 ശതമാനവുമാണ് നികുതി.
Your comment?