5:32 pm - Sunday November 25, 2068

തിക്കും തിരക്കും കൂട്ടിയപ്പോള്‍ ഇന്ത്യാക്കാര്‍ക്ക് നേരെ യുക്രൈന്‍ പട്ടാളക്കാരുടെ കുരുമുളക് പൊടി പ്രയോഗം: യുദ്ധാനുഭവങ്ങള്‍ പങ്കു വച്ച് അടൂരുകാരി ആര്‍ദ്ര

Editor

അടൂര്‍: 100 യുക്രൈന്‍കാരെ അതിര്‍ത്തി കടത്തുമ്പോള്‍ 10 ഇന്ത്യാക്കാരെ വിടും. ആ ക്യൂവില്‍ ഇടംപിടിക്കാന്‍ ഉന്തും തള്ളുമായപ്പോള്‍ യുക്രൈന്‍ പട്ടാളക്കാര്‍ വന്നു. ഇന്ത്യന്‍ വിദ്യാര്‍ഥികള്‍ക്ക് നേരെ കുരുമുളക് സ്പ്രേ അടിച്ചു. യുദ്ധം കലുഷിതമാക്കിയ യുക്രൈനില്‍ നിന്ന് സകലതും ഉപേക്ഷിച്ച് ഓടി വന്ന ആര്‍ദ്ര രമേശിന് ഇതു പറയുമ്പോള്‍ പോലും ഭീതി തികട്ടി വരുന്നുണ്ടായിരുന്നു. നാടിന്റെയും പ്രിയപ്പെട്ടവരുടെയും തണലിലേക്ക് വെള്ളിയാഴ്ച പുലര്‍ച്ചെയാണ് അടൂര്‍ ചേന്നമ്പള്ളി കേദാരത്തില്‍ ബി. രമേശിന്റെയും എസ്. ദീപയുടേയും മകളായ ആര്‍ദ്ര എത്തിച്ചേര്‍ന്നത്.

യുക്രൈന്‍ വിനിക്സിയ നാഷണല്‍ മെഡിക്കല്‍ യൂണിവേഴ്സിറ്റിയില്‍ മൂന്നാം വര്‍ഷ എം.ബി.ബി.എസ് വിദ്യാര്‍ഥിയാണ് ആര്‍ദ്ര. യുദ്ധദിനങ്ങളെ കുറിച്ചും അനുഭവിച്ച നരകയാതനയെപ്പറ്റിയും ഭയത്തോടെ മാത്രമാണ് ഓര്‍ക്കാന്‍ സാധിക്കുന്നത്.

വെസ്റ്റ് യുക്രൈന്‍ ഭാഗത്ത് കോളജിന്റെ സമീപത്തുള്ള യൂണിവേഴ്സിറ്റി ഹോസ്റ്റലിലായിരുന്നു താമസം. അവിടെ നിന്നും നാട്ടിലേക്ക് എത്തിച്ചേരാന്‍ ഏറെ ബുദ്ധിമുട്ട് സഹിച്ചു. ആദ്യം റുമേനിയന്‍ അതിര്‍ത്തിയിലേക്ക് പോകാന്‍ വാഹനം കിട്ടിയില്ല. പിന്നീട് ബസില്‍ ആറു മണിക്കൂര്‍ യാത്ര. റുമേനിയന്‍ അതിര്‍ത്തിക്ക് എട്ട് കിലോമീറ്റര്‍ ഇപ്പുറം വരെയേ ബസ് പോവുകയുള്ളൂ. 60 പേരാണ് ഉണ്ടായിരുന്നത്. അവിടെ നിന്ന് നടന്ന് അതിര്‍ത്തിയില്‍ എത്തി. റുമേനിയന്‍ അതിര്‍ത്തിയില്‍ മൂന്ന് ദിവസം കുടുങ്ങി. ഒരു മണിക്കൂറില്‍ 100 യുക്രൈന്‍കാരെ അതിര്‍ത്തി കടത്തി വിടും. ഇതിനിടെ 10 ഇന്ത്യക്കാരെ മാത്രമാണ് വിടുന്നത്. ഇതോടെ വലിയ തിക്കും തിരക്കുമായി. അതിര്‍ത്തിയില്‍ തള്ളലായതോടെ യുക്രൈന്‍ പട്ടാളം വിദ്യാര്‍ത്ഥികള്‍ക്ക് നേരെ കുരുമുളക് സ്പ്രേ പ്രയോഗിച്ചു. ഒരു ദിവസം കൊണ്ട് അതിര്‍ത്തി കടന്ന് റുമേനിയയില്‍ എത്തി. തങ്ങാനുള്ള സൗകര്യം അവിടുത്തെ സര്‍ക്കാര്‍ നല്‍കി. ആവശ്യത്തിന് ആഹാരവും കിട്ടി.
ഒരു ഷെല്‍ട്ടറില്‍ 450 വിദ്യാര്‍ഥികളാണ് ഉണ്ടായിരുന്നത്. ഇതില്‍ 110 പേരെ ബസില്‍ കയറ്റി ബുക്കാറസ്റ്റ് എയര്‍ പോര്‍ട്ടില്‍ എത്തിച്ചു.

ഈ കൂട്ടത്തില്‍ ആര്‍ദ്രയും കയറിപ്പറ്റി. രണ്ട് ദിവസം അവിടെ താമസം. മാര്‍ച്ച് രണ്ടിന് രാത്രി എയര്‍ ഇന്ത്യയുടെ വിമാനത്തില്‍ ബുക്കാറസ്റ്റ് എയര്‍പോര്‍ട്ടില്‍ നിന്നും ഡല്‍ഹിയിലേക്ക്. അവിടെ നിന്ന് എയര്‍ ഏഷ്യാ വിമാനത്തില്‍ വ്യാഴാഴ്ച രാത്രി 10.30 ന് കൊച്ചിയില്‍ എത്തി. കാത്തു നിന്ന മാതാപിതാക്കള്‍ക്കൊപ്പം രാത്രി തന്നെ വീട്ടിലേക്ക് മടങ്ങി. യുദ്ധം തുടങ്ങി രണ്ട് ദിവസം പിന്നിട്ടപ്പോഴേക്കും ബോംബാക്രമണങ്ങളും ഷെല്ലാക്രമണങ്ങളും വര്‍ധിച്ചതോടെ നാട്ടില്‍ എത്താന്‍ കഴിയുമെന്ന് ഒരിക്കലും വിചാരിച്ചിരുന്നില്ലെന്ന് ആര്‍ദ്ര പറഞ്ഞു. ബോംബ് സ്ഫോടനത്തിന്റെ ശബ്ദമാണ് എവിടെയും കേട്ടിരുന്നത്. ഇതോടെ പേടിയായി. സൂപ്പര്‍ മാര്‍ക്കറ്റില്‍ പോയി. കുറച്ച് സാധനം വാങ്ങിയ ശേഷം എടിഎം കൗണ്ടറില്‍ പോയെങ്കിലും പണം തീര്‍ന്നിരുന്നു. യുദ്ധം തുടങ്ങിയ ദിവസം പുലര്‍ച്ചെ 3.30 ന് ഒരു സൈറണ്‍ കേട്ടു. മൂന്ന് സൈറണ്‍ കേട്ടാല്‍ ബങ്കറില്‍ പോകണമെന്നാണ് നിര്‍ദ്ദേശം. സൈറണ്‍ ഒറ്റത്തവണ കേട്ടാല്‍ ജാഗരൂകരാകണം. രാവിലെ 10 ന് വീണ്ടും സൈറണ്‍ കേട്ടു. വൈകിട്ട് നാലിന് മൂന്നാം സൈറണ്‍ കേട്ടതോടെ ബങ്കറിലേക്ക് പോകാന്‍ നിര്‍ദ്ദേശം വന്നു.

പക്ഷേ ബങ്കര്‍ എവിടെയെന്ന് വിദ്യാര്‍ത്ഥികള്‍ക്ക് ആദ്യം അറിയില്ലായിരുന്നു. തുടര്‍ന്ന് ഏറെ നേരത്തിന് ശേഷം യൂണിവേഴ്സിറ്റിയുടെ ബങ്കറിലേക്ക് കൊണ്ടുപോയി.
പ്രശ്നം ഇല്ലാത്തതിനാല്‍ തിരികെ ഹോസ്റ്റലിലേക്ക് കൊണ്ടുപോയി.
യുദ്ധം ആരംഭിച്ച് ഒരു ദിവസം കഴിഞ്ഞപ്പോള്‍ അഞ്ച് സൈറന്‍ കേട്ടു. ഇതോടെ വീണ്ടും ബങ്കറിലേക്ക് കൊണ്ടുപോയി.

കോളജിന് സമീപത്തുള്ള കെമിക്കല്‍ ഫാക്ടറിക്ക് നേരെ ഷെല്ലിങ് നടന്നതിനാല്‍ മാസ്‌ക് ധരിക്കണമെന്ന് നിര്‍ദേശം ഉണ്ടായി. 2019 ഓഗസ്റ്റിലാണ് ആര്‍ദ്ര പഠനത്തിനായി യുക്രൈനിലേക്ക് പോയത്. കോളജിലും ഹോസ്റ്റലിലും ടെലിവിഷന്‍ കാണാന്‍ സംവിധാനമില്ലാത്തതിനാല്‍ പുറത്തെ വിവരങ്ങള്‍ അറിയാന്‍ ബുദ്ധിമുട്ടായിരുന്നു.
കീവിലും കാര്‍ക്കീവിലും ഉള്ള കൂട്ടുകാരെ വിളിച്ചാണ് യുദ്ധ വിവരങ്ങള്‍ അറിഞ്ഞിരുന്നത്.

ആദ്യ ദിവസം വെള്ളം പോലും കിട്ടിയിരുന്നില്ല. മാതാപിതാക്കള്‍ മടങ്ങിയെത്താന്‍ നിര്‍ബന്ധിച്ചു. എന്നാല്‍ മൂന്നാം വര്‍ഷ എക്സാം ഉള്ളതിനാലും പഠനം മുടങ്ങുമെന്ന പേടി ഉണ്ടായിരുന്നതിനാലും അന്നേരം മടങ്ങിയില്ല. ഇപ്പോള്‍ ഒറിജിനല്‍ സര്‍ട്ടിഫിക്കറ്റുകളെല്ലാം കോളജിലാണ്. തിരിച്ചു പോകാമെന്ന വിശ്വാസം ഉള്ളതിനാലും യുദ്ധസാഹചര്യത്തിലും അവയൊന്നും എടുക്കാതെ മടങ്ങേണ്ടി വന്നു. എം.ബി.ബി എസ് പഠനത്തിനായി 2032 മലയാളി വിദ്യാര്‍ത്ഥികളാണ് യുക്രൈനില്‍ ഉണ്ടായിരുന്നത്. 150 വിദ്യാര്‍ഥികള്‍ തന്നോടൊപ്പം വിമാനത്തില്‍ ഉണ്ടായിരുന്നതായി ആര്‍ദ്ര പറഞ്ഞു

ബങ്കറില്‍ 2000 പേരാണ് ഉണ്ടായിരുന്നത്. തുടര്‍ പഠനം എങ്ങനെയെന്നത് വിദ്യാര്‍ത്ഥികളേയും രക്ഷിതാക്കളേയും ആശങ്കയിലാക്കിയിരിക്കുകയാണ്.

ഈ ആശങ്ക ആര്‍ദ്ര തന്നെ കാണാന്‍ വന്ന ആന്റോ ആന്റണി എം.പി.യുടെ ശ്രദ്ധയില്‍ പെടുത്തി. എം.പി വീട്ടിലെത്തി ആര്‍ദ്രയ്ക്ക് മധുരം നല്‍കി. യൂത്ത് കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റ് എം.ജി. കണ്ണന്‍, യു.ഡി.എഫ് കണ്‍വീനര്‍ പഴകുളം ശിവദാസന്‍, തോപ്പില്‍ ഗോപകുമാര്‍, കോണ്‍ഗ്രസ് ബ്ലോക്ക് പ്രസിഡന്റ് മണ്ണടി പരമേശ്വരന്‍, വാര്‍ഡ് മെമ്പര്‍ മുണ്ടപ്പള്ളി സുഭാഷ്, എം.രാജേന്ദ്രന്‍ നായര്‍ എന്നിവരും എം.പിയ്ക്കൊപ്പം ഉണ്ടായിരുന്നു.

 

News Feed
Don't miss the stories followAdoor Vartha and let's be smart!
Loading...
0/5 - 0
You need login to vote.
Filed in

യൂത്ത് കോണ്‍ഗ്രസിന്റെ പിള്ളേര്‍ ചേര്‍ന്ന് രണ്ടര ലക്ഷം രൂപ നല്‍കി ബാങ്കിലെ കടം തീര്‍ത്തു: ചൂരക്കോട്ടെ ഗ്രേസിന് ഇനി സ്വന്തം വീട്ടില്‍ കിടന്നുറങ്ങാം: കടം ബാക്കി വച്ച് മാതാപിതാക്കള്‍ മരിച്ചപ്പോള്‍ അനാഥയായ ഗ്രേസിന് തുണയായത് യൂത്ത് കോണ്‍ഗ്രസ്

പതിനാലാം മൈലിലെ വാടകവീട്ടില്‍ തൂങ്ങിമരിച്ച ലക്ഷ്മി പ്രിയ ശരിക്കും ആരാണ്? ഒപ്പം താമസിച്ചിരുന്ന അനില്‍ ആനന്ദന് മരണത്തില്‍ എന്തെങ്കിലും പങ്കുണ്ടോ? അനാഥയായ ആറു വയസുകാരിക്ക് ആരാണിനി തുണ? അടൂര്‍ പൊലീസിനെ കുഴക്കി യുവതിയുടെ ആത്മഹത്യ: ബന്ധുക്കളെ തിരക്കി പത്രപ്പരസ്യം നല്‍കി പൊലീസ്

Your comment?
Leave a Reply

Posted by Facebook on Thursday, August 27, 2015
× വാർത്തകൾ അറിയിക്കൂ