പുതുക്കാട്ട് ഗുഡ്‌സ് ട്രെയിന്‍ പാളംതെറ്റി ഗതാഗതം തടസ്സപ്പെട്ടു
തൃശൂര്‍: പുതുക്കാട്ട് ഗുഡ്‌സ് ട്രെയിന്‍ പാളംതെറ്റി ഗതാഗതം തടസ്സപ്പെട്ടു. വെള്ളിയാഴ്ച ഉച്ചയ്ക്ക് രണ്ടിനാണ് പെട്രോളിയം ഉല്‍പന്നങ്ങളുമായി വന്ന ട്രെയിന്‍ പാളം തെറ്റിയത്. ഈ ഭാഗത്ത് പാളത്തില്‍ പണി നടക്കുന്നുണ്ടായിരുന്നു. ഇതിനു സമീപമായിരുന്നു അപകടം. ട്രെയിന്‍ നീക്കാനുള്ള നടപടികള്‍ തുടങ്ങി. ഇതിനു സമയമെടുക്കുമെന്നും അതുവരെ ഗതാഗതം തടസ്സപ്പെടുമെന്നും റെയില്‍വേ അറിയിച്ചു.
വടക്കോട്ടുള്ള ട്രെയിനുകള്‍ വൈകിയാണെങ്കിലും കടത്തിവിടുന്നുണ്ട്. ഗുഡ്‌സ് ട്രെയിന്‍ വലിച്ചു തിരികെ തൃശൂര്‍ റയില്‍വേ സ്റ്റേഷനിലെത്തിച്ചു മാറ്റിയിട്ടശേഷം പാളത്തിനു തകരാറുണ്ടോയെന്നു പരിശോധിക്കും. ഇതിനുശേഷം മാത്രം തെക്കോട്ടുള്ള പാളത്തിലൂടെ ട്രെയിനുകള്‍ കടത്തിവിടുകയുള്ളൂ.
ഗുഡ്‌സ് ട്രെയിന്‍ നീക്കാനുള്ള യന്ത്രസംവിധാനം പുതുക്കാട് എത്തിച്ചു. ഗുഡ്‌സ് നീക്കിയാലുടന്‍ ഇന്‍ഡോര്‍, കേരള ട്രെയിനുകള്‍ വടക്കോട്ട് കടത്തിവിടും. തെക്കോട്ടുള്ള ട്രെയിനുകള്‍ അതിനുശേഷം കടത്തിവിടാനാകും. ഈ സമയം കൊണ്ടു പാളത്തിലെ അറ്റകുറ്റപ്പണി നടത്തി ഗതാഗതം പൂര്‍ണമായി പുനഃസ്ഥാപിക്കാനാകുമെന്നാണു പ്രതീക്ഷ.
ഇരുമ്പനത്തേക്കു പെട്രോള്‍ നിറയ്ക്കാന്‍ പോയ 56 വാഗണുകളുള്ള ഗുഡ്‌സ് ട്രെയിനാണു പാളം തെറ്റിയത്. വാഗണുകള്‍ കാലിയായതിനാല്‍ എളുപ്പത്തില്‍ നീക്കാനാകുമെന്നാണു കരുതുന്നത്. ഷൊര്‍ണൂരില്‍നിന്നും കൊച്ചിയില്‍നിന്നും വിദഗ്ധരെത്തി. ഷാലിമാര്‍ നാഗര്‍കോവില്‍ ഗുരുദേവ് എക്‌സ്പ്രസ്,മംഗലാപുരം നാഗര്‍കോവില്‍ ഏറനാട് എക്‌സ്പ്രസ്, ജനശതാബ്ദി എക്‌സ്പ്രസ് ഇവ തൃശൂരിലും പാലക്കാട് ഇന്റര്‍സിറ്റി ഒറ്റപ്പാലത്തുമാണു പിടിച്ചിട്ടിരിക്കുന്നത്.
ശനിയാഴ്ചത്തെ തിരുവനന്തപുരം-ഷൊര്‍ണൂര്‍ വേണാട് എക്‌സ്പ്രസ്, ഷൊര്‍ണൂര്‍-എറണാകുളം മെമു, കോട്ടയം-നിലമ്പൂര്‍ എക്‌സ്പ്രസ് എന്നിവ റദ്ദാക്കി. ഗുരുവായൂര്‍-തിരുവനന്തപുരം ഇന്റര്‍സിറ്റി എറണാകുളത്തുനിന്നു സര്‍വീസ് നടത്തും. ഗുരുവായൂര്‍-പുനലൂര്‍ എക്‌സ്പ്രസ് തൃപ്പൂണിത്തുറയില്‍നിന്നും സര്‍വീസ് ആരംഭിക്കും. തിരുനെല്‍വേലി-പാലക്കാട് പാലരുവി എക്‌സ്പ്രസ് കൊല്ലത്തു യാത്ര അവസാനിപ്പിക്കും.
Your comment?