പുക ശ്വസിച്ച് ദാരുണാന്ത്യം സംഭവിച്ച മലയാളി തെങ്ങമം സ്വദേശിയുടെ മൃതദേഹം നാട്ടിലെത്തിച്ചു
അബഹ: സൗദി അറേബ്യയിലെ ഖമീസ് മുഷയ്ത്തില്‍ പുക ശ്വസിച്ച് ദാരുണാന്ത്യം സംഭവിച്ച മലയാളി സുഭാഷിന്റെ (41) മൃതദേഹം നാട്ടിലെത്തിച്ചു. പത്തനംതിട്ട തെങ്ങമം സുഭാഷ് ഭവനില്‍ ദേവന്‍ രോഹിണി ദമ്പതികളുടെ മകനാണ്. കൊടും തണുപ്പില്‍ നിന്നും രക്ഷ കിട്ടാനായി ഒരുക്കിയ തീയില്‍ നിന്നുണ്ടായ പുക ശ്വസിച്ചാണ് മരണം സംഭവിച്ചത്. രണ്ടു കൊല്ലം മുമ്പ് ഹൗസ് ഡ്രൈവര്‍ വീസയില്‍ എത്തിയ സുഭാഷ് ഖമീസിലെ അതൂത് ഡാമിനടുത്ത് സ്വദേശി പൗരന്റെ വീട്ടു ഡ്രൈവറായി ജോലി ചെയ്തു വരികയായിരുന്നു.
അസീര്‍ പ്രവിശ്യയില്‍ തണുപ്പുകാലം ആയതിനാല്‍ രാത്രികാലങ്ങളില്‍ റൂമില്‍ തീ കത്തിച്ച് തണുപ്പില്‍നിന്ന് ആശ്വാസം കണ്ടെത്തിയിരുന്ന ഇദ്ദേഹം മരണ ദിവസവും പതിവുപോലെ പെയിന്റ് പാട്ടയില്‍ തീ കത്തിച്ച് ഉറങ്ങി പോയി. ഇതില്‍ നിന്നുണ്ടായ പുക ശ്വസിച്ച് അദ്ദേഹം മരിക്കുകയായിരുന്നു. ബന്ധുമിത്രാദികളോ മറ്റു വേണ്ടപ്പെട്ടവരോ ഇല്ലാതെ വന്ന സാഹചര്യത്തില്‍ നാട്ടിലുള്ള അദ്ദേഹത്തിന്റെ ഭാര്യയും മറ്റു കുടുംബാംഗങ്ങളും മൃതശരീരം നാട്ടില്‍ എത്തിച്ചു തരാന്‍ അഭ്യര്‍ഥിച്ചതോടെ ഇന്ത്യന്‍ സോഷ്യല്‍ ഫോറം വിഷയത്തില്‍ ഇടപെട്ടു.
ഖമീസ് ബ്ലോക്ക് വൈസ് പ്രസിഡന്റ് മുനീര്‍ ചക്കുവള്ളിയുടെ പേരില്‍ കുടുംബം പവര്‍ ഓഫ് അറ്റോണി നല്‍കുകയും ചെയ്തു. തുടര്‍ന്ന് സൗദിയിലെ നിയമ നടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷം അസീര്‍ ഇന്ത്യന്‍ സോഷ്യല്‍ ഫോറം സ്റ്റേറ്റ് പ്രസിഡന്റ് കോയ ചേലേമ്പ്ര, സ്റ്റേറ്റ് വൈസ് പ്രസിഡന്റ് ഹനീഫ ചാലിപ്പുറം, ജിദ്ദയിലെ ഇന്ത്യന്‍ സോഷ്യല്‍ ഫോറം വെല്‍ഫെയര്‍ ടീം അംഗങ്ങളായ നൗഷാദ് മമ്പാട്, ഹസൈനാര്‍ മായര മംഗലം തുടങ്ങിയവരുടെ നേതൃത്വത്തില്‍ മൃതശരീരം നാട്ടിലേക്ക് അയയ്ക്കുകയും ചെയ്തു.
കൊച്ചി നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ എത്തിച്ച മൃതദേഹം അന്‍സാരി ഏനാത്ത്, ഷാജി പഴകുളം, സമദ് മണ്ണടി, ഷാജു പഴകുളം എന്നിവര്‍ ചേര്‍ന്ന് സ്വീകരിച്ചു. സംസ്‌കാര ചടങ്ങുകള്‍ക്ക് ശേഷം കുടുംബാംഗങ്ങളും നാട്ടുകാരും ചേര്‍ന്നു മൃതദേഹം സംസ്‌കരിച്ചു. ഭാര്യ: റാണി (36), മക്കള്‍: സൂര്യ പ്രിയ(12), സൂര്യനാരായണന്‍ (7).
Your comment?