19 ലക്ഷം തിരിമറി: അടൂര്‍കാരി മുന്‍ വ്യവസായ വികസന ഓഫിസറെ പിരിച്ചുവിട്ടു
തൃശൂര്‍: സര്‍ക്കാര്‍ ഫണ്ടില്‍ നിന്നു 19 ലക്ഷം രൂപ തിരിമറി നടത്തിയ കേസില്‍ മുന്‍ ജില്ലാ വ്യവസായ വികസന ഓഫിസറെ ജോലിയില്‍ നിന്നു പിരിച്ചുവിട്ടു. തൃശൂരില്‍ വ്യവസായ വികസന ഓഫിസറായും പിന്നീട് വടകര വ്യവസായ കേന്ദ്രത്തില്‍ ഇന്‍ഡസ്ട്രിയല്‍ എക്സ്റ്റന്‍ഷന്‍ ഓഫിസറായും ജോലി ചെയ്തിരുന്ന പത്തനംതിട്ട അടൂര്‍ ഏഴാംകുളം പണിക്കശേരിയില്‍ ബിന്ദു (47) വിനെയാണു പിരിച്ചുവിട്ടത്. ഈ അഴിമതിക്കേസില്‍ മുന്‍പ് അറസ്റ്റിലായി റിമാന്‍ഡില്‍ കഴിഞ്ഞിരുന്നു. വ്യവസായ വകുപ്പ് ഡയറക്ടറുടെ ഉത്തരവ് ഇന്നലെ ബിന്ദുവിനു കൈമാറി.
തൃശൂര്‍ ജില്ലാ വ്യവസായ കേന്ദ്രത്തില്‍ ലിക്വിഡേറ്ററായി ജോലി ചെയ്യുമ്പോള്‍ ഇന്ത്യന്‍ കോഫി ഹൗസുകളിലെ ഭരണം പിടിച്ചെടുക്കാന്‍ അഡ്മിനിസ്‌ട്രേറ്ററായി സിപിഎം നിയോഗിച്ചത് ബിന്ദുവിനെ ആയിരുന്നു. പിന്നീട് തൃശൂര്‍ ടൗണ്‍ വനിതാ വ്യവസായ സഹകരണ സംഘം ലിക്വിഡേറ്ററായിരിക്കെ സ്വന്തം അക്കൗണ്ടിലേക്കു 19ലക്ഷം രൂപ മാറ്റിയെന്നാണു കേസ്.
ലിക്വിഡേറ്ററുടെ പേരില്‍ തൃശൂര്‍ അയ്യന്തോള്‍ സ്റ്റേറ്റ് ബാങ്ക് ശാഖയില്‍ 22.8 ലക്ഷം രൂപ നിക്ഷേപിച്ചിരുന്നു. തൃശൂര്‍ ടൗണ്‍ വനിതാ വ്യവസായ കേന്ദ്രത്തിന്റെ സ്ഥലം തൃശൂര്‍ കോര്‍പറേഷനു വിറ്റതിന്റെ തുകയായിരുന്നു ഇത്. ഈ തുക പലപ്പോഴായി ബിന്ദുവിന്റെയും ഭര്‍ത്താവിന്റെയും സ്വകാര്യ അക്കൗണ്ടുകളിലേക്കു മാറ്റിയെന്നു കണ്ടെത്തി.
വകുപ്പുതലത്തില്‍ പരിശോധന വന്നപ്പോള്‍ ലിക്വിഡേറ്ററുടെ അക്കൗണ്ടില്‍ ആകെയുണ്ടായിരുന്നത് 2.97 ലക്ഷം രൂപ മാത്രം. വ്യവസായ വാണിജ്യ ഡയറക്ടര്‍ ഇതു കാണിച്ചു ബിന്ദുവിനു കുറ്റാരോപണ നോട്ടിസ് നല്‍കി. സസ്‌പെന്‍ഡ് ചെയ്യുകയും ചെയ്തു.
സസ്‌പെന്‍ഷനിലിരിക്കെ പണം പോലും തിരിച്ചടയ്ക്കാതെ മന്ത്രിതല ഇടപെടലിലൂടെ ബിന്ദുവിനെ തിരിച്ചെടുത്തതും വിവാദമായി. കോഴിക്കോട് ജില്ലയിലേക്കുള്ള സ്ഥലം മാറ്റലില്‍ മാത്രമായി നടപടി ഒതുങ്ങി. അറസ്റ്റിലായതോടെ വീണ്ടും സസ്‌പെന്‍ഷനിലായിരുന്നു. ബിന്ദു കോഫി ഹൗസിന്റെ ചുമതല വഹിച്ച സമയത്തും ക്രമക്കേട് ആരോപണമുണ്ടായിരുന്നു.
Your comment?