കളിക്കളത്തോട് സ്നേഹവും കളിക്കാരോട് ആദരവും ഉറപ്പാക്കണം: മന്ത്രി പി. പ്രസാദ്
പത്തനംതിട്ട: കളിക്കളത്തോട് സ്നേഹവും കളിക്കാരോട് ആദരവും ഉറപ്പാക്കേണ്ടത് സമൂഹത്തിന്റേയും സര്‍ക്കാരിന്റേയും ഉത്തരവാദിത്തമാണെന്ന് കൃഷി വകുപ്പുമന്ത്രി പി. പ്രസാദ് പറഞ്ഞു. ജില്ലാ ഒളിമ്പിക്സ് കായികമേള ജില്ലാ സ്റ്റേഡിയത്തില്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി. കളിക്കളത്തോട് സ്നേഹവും കളിക്കാരോട് ആദരവും ഉള്ള ജനത രൂപപ്പെട്ടു വന്നാല്‍ മാത്രമേ കായികപരമായി നമുക്ക് മുന്നേറ്റം കുറിച്ചുവെന്ന് പറയാനാകൂ. മാനസികവും, ശാരീരികവുമായി ഉറപ്പുള്ള തലമുറയെ സൃഷ്ടിക്കാന്‍ കായിക പരിപാടികള്‍ അത്യന്താപേക്ഷിതമാണ്. കായിക വിനോദം ഒരു ജനതയെ ഊര്‍ജ്വസ്വലമാക്കുന്നു. കോവിഡ് കാലത്തും ശാരീരിക, മാനസിക തളര്‍ച്ചയെ ഒഴിവാക്കുക എന്ന ചിന്തയിലുള്ള കേരളത്തിന്റെ പുത്തന്‍ മാതൃകയാണ് ഒളിമ്പിക്സ് കായിക മേളയെന്നും മന്ത്രി പറഞ്ഞു.
ആദ്യമായി കേരളാ ഒളിമ്പിക്സ് ഗെയിംസ് ഇന്നു 28 വരെ തിരുവനന്തപുരത്ത് സംഘടിപ്പിക്കുകയാണ്.കോവിഡ് മഹാമാരിയില്‍ നിന്നും കായിക കേരളത്തെ പുത്തനുണര്‍വിലേക്ക് നയിക്കുകയാണ് ഇവയുടെ ലക്ഷ്യം.ഇവയുടെ ഭാഗമായാണ് ജില്ലയിലും ജില്ലാ ഒളിമ്പിക്സ് കായിക മേള സംഘടിപ്പിക്കുന്നത്. ഈ മാസം 22 വരെയാണ് കായികമേള. 24 കായിക ഇനങ്ങളിലായി ജില്ലയിലെ വിവിധ ഭാഗങ്ങളിലെ മത്സരവേദികളില്‍ 5000 ല്‍ അധികം കായികതാരങ്ങളാണ് പങ്കെടുക്കുന്നത്.
പ്രഥമ ഒളിമ്പിക്സ് കായിക മേളയുടെ ഭാഗമായി പത്തനംതിട്ട സെന്റ് പീറ്റേഴ്സ് ജംഗ്ഷനില്‍ നിന്ന് ജില്ലാ സ്റ്റേഡിയത്തിലേക്ക് വിളംബര റാലിയും സംഘടിപ്പിച്ചു. ഇന്റര്‍നാഷണല്‍ ഫെന്‍സിംഗ് മെഡലിസ്റ്റായ അഖില അനില്‍, റോളര്‍ സ്‌കേറ്റിംഗ് വേള്‍ഡ് ചാംമ്പ്യന്‍ അഭിജിത്ത് അമല്‍ രാജ്, ചെസ് ഫെഡറേഷന്‍ ഫെഡേ റേറ്റിംഗില്‍ യോഗ്യത നേടിയ ആദില്‍ പ്രസന്നന്‍, എന്നിവരെ ചടങ്ങില്‍ ആദരിച്ചു. കോവിഡ് കാലത്ത് മികച്ച രീതിയില്‍ സാമൂഹിക അടുക്കള നടത്തിയതിന് സ്പോട്സ് കൗണ്‍സില്‍ പ്രസിഡന്റിനേയും ആദരിച്ചു.
ജില്ലാ ഒളിംപിക്സ് അസോസിയേഷന്‍ പ്രസിഡന്റ് കെ. പ്രകാശ് ബാബു അധ്യക്ഷത വഹിച്ച ചടങ്ങില്‍ ജില്ലാ സ്പോട്സ് കൗണ്‍സില്‍ പ്രസിഡന്റ് കെ. അനില്‍കുമാര്‍, കായിക താരങ്ങള്‍, തുടങ്ങിയവര്‍ പങ്കെടുത്തു.
Your comment?