അടൂരില്‍ ഡിവൈഎഫ്ഐ-കോണ്‍ഗ്രസ് സംഘര്‍ഷം: കല്ലേറ്, ലാത്തിച്ചാര്‍ജ്: പൊലീസുകാര്‍ക്കും പ്രവര്‍ത്തകര്‍ക്കും പരുക്ക്
അടൂര്‍: ഓഫീസ് തല്ലിത്തകര്‍ത്ത് കരിഓയില്‍ ഒഴിക്കുകയും കൊടിമരം തകര്‍ക്കുകയും ചെയ്ത സിപിഎം-ഡിവൈഎഫ്ഐ നടപടിക്കെതിരേ കോണ്‍ഗ്രസ് നടത്തിയ പ്രതിഷേധ സമരം ലാത്തിച്ചാര്‍ജില്‍ കലാശിച്ചു. സ്വന്തം കൊടിമരത്തില്‍ കോണ്‍ഗ്രസുകാര്‍ കൊടി കെട്ടുന്നത് തടഞ്ഞ പൊലീസിന് നേരെ കല്ലേറുണ്ടായി. കോണ്‍ഗ്രസുകാരെ കൈകാര്യം ചെയ്യാന്‍ വലയം ഭേദിച്ച് പാഞ്ഞടുത്ത ഡിവൈഎഫ്ഐക്കാരെ പൊലീസ് ഫതല്ലി.
വ്യാഴാഴ്ച വൈകിട്ട് ഒരു മണിക്കൂറോളം സെന്‍ട്രല്‍ ജങ്ഷനിലാണ് സംഘര്‍ഷം അരങ്ങേറിയത്. പോലീസ് ഉദ്യോഗസ്ഥന്‍ ഉള്‍പ്പടെ നിരവധി പേര്‍ക്ക് പരുക്കേറ്റു.
ആനന്ദപ്പള്ളിയില്‍ കോണ്‍ഗ്രസ് ഓഫീസ് ആക്രമിച്ച് കരിഓയില്‍ ഒഴിച്ച സംഭവത്തില്‍ പ്രതിഷേധിച്ചാണ് ബ്ലോക്ക് കമ്മറ്റിയുടെ നേതൃത്വത്തില്‍ അടൂരില്‍ പ്രകടനം നടത്തിയത്. വൈകിട്ട് ശ്രീമൂലം മാര്‍ക്കറ്റിന് സമീപമുള്ള കോണ്‍ഗ്രസ് ഓഫീസ് പരിസരത്തു നിന്നുമാണ് പ്രകടനം ആരംഭിച്ചത്. സെന്‍ട്രല്‍ ജങ്ഷനില്‍ എത്തിയതോടെ പ്രവര്‍ത്തകരില്‍ ചിലര്‍ കോണ്‍ഗ്രസിന്റെ കൊടിമരത്തില്‍ കൊടി കെട്ടാന്‍ ശ്രമിച്ചു.
ഇത് പോലീസ് തടഞ്ഞതാണ് സംഘര്‍ഷത്തിന് തുടക്കം കുറിച്ചത്. യൂത്ത് കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റ് എംജി കണ്ണന്റെ നേതൃത്വത്തില്‍ പൊലീസുമായി ഉന്തും തള്ളുമുണ്ടായി. എന്നാല്‍ സിപിഎം ജില്ലാ സമ്മേളനത്തിന്റെ ഭാഗമായി സ്ഥാപിച്ചിരുന്ന കൊടികള്‍ നശിപ്പിക്കാനാണെന്ന് കരുതിയാണ് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ പൊലീസ് തടഞ്ഞത്. പോലീസിനെ പ്രതിരോധിച്ച് പ്രവര്‍ത്തകര്‍ കൊടി കെട്ടി. ഈ സമയം സിപിഎമ്മിന്റെ കൊടികള്‍ നശിപ്പിക്കുകയാണെന്ന് കരുതി ഡിവൈഎഫ്.ഐ പ്രവര്‍ത്തകര്‍ പ്രകടനത്തിനു നേരെ പാഞ്ഞടുത്തു. ഇരു കൂട്ടര്‍ക്കുമിടയില്‍ പൊലീസ് പ്രതിരോധം തീര്‍ത്തു.
ഇതിനിടെ കല്ലേറുണ്ടായി. പൊലീസ് സന്നാഹം മറികടന്ന് കോണ്‍ഗ്രസുകാര്‍ക്ക് നേരെ പോകാന്‍ ശ്രമിച്ച ഡിവൈഎഫ്ഐ പ്രവര്‍ത്തകരെ പൊലീസ് ലാത്തിവീശി ഓടിച്ചു. ചിതറിയോടിയ പ്രവര്‍ത്തകര്‍ സംഘം ചേര്‍ന്ന് പൊലീസിന് നേരെ തിരിഞ്ഞത് ഉന്തിലും തള്ളിലും കലാശിച്ചു. ഇരട്ടപ്പാലത്തിന് സമീപം മൂന്ന് തവണ ഡിവൈഎഫ്ഐ പ്രവര്‍ത്തകരും പോലീസും തമ്മില്‍ ഉന്തും തള്ളുമുണ്ടായി.
ഇതിനിടയില്‍ പോലീസിന്റെ സാന്നിധ്യത്തില്‍ തന്നെ കോണ്‍ഗ്രസിന്റെ കൊടിമരം ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ പിഴുതെടുത്ത് നശിപ്പിച്ചു. കൊടി പറിച്ചെടുത്ത് കെഎസ്ആര്‍ടിസി ജങ്ഷനില്‍ കൊണ്ട് വന്ന് തീയിട്ട് നശിപ്പിച്ചു. കല്ലേറില്‍ യൂത്ത് കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റ് എം.ജി. കണ്ണന്‍, ജില്ലാ സെക്രട്ടറി ചൂരക്കോട് ഉണ്ണികൃഷ്ണന്‍ എന്നിവര്‍ക്ക് പരുക്കേറ്റു. ലാത്തിച്ചാര്‍ജില്‍ ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ക്കും പരുക്കുണ്ട്. ഇരുകൂട്ടര്‍ക്കുമെതിരെ പൊലീസ് കേസെടുത്തു.
Your comment?