അടൂരില്‍ വികസിച്ചത് ആര്? നേതാക്കളോ അതോ നാടോ? ‘പൊള്ളയായ വികസനം’ തുറന്നു കാട്ടി മംഗളം ദിനപത്രം

Editor

മംഗളം പത്രത്തിലെ വാര്‍ത്ത ഇങ്ങനെ..

അടൂരിലെത്തുന്ന തീര്‍ഥാടകര്‍ അറിയാതെ വിളിച്ചു പോകും ‘ശരണം നീയേ അയ്യപ്പാ’

കാടുമൂടിയ ഇടത്താവളം, പൊട്ടിപ്പൊളിഞ്ഞ റോഡുകള്‍, റോഡ് പണിയുടെ പേരിലുണ്ടാക്കി വച്ചിരിക്കുന്ന ഗതാഗത കുരുക്കും. ശബരിമല പാതയിലെ പ്രധാന ഇടത്താവളങ്ങളിലൊന്നായ അടൂരില്‍ ഇക്കുറി എത്തുന്ന തീര്‍ഥാടകര്‍ അറിയാതെ ശരണം വിളിച്ചു പോകും. ഒരു ഭാഗത്ത് പത്രപരസ്യം നല്‍കി വികസന ഘോഷം നടത്തുകയാണ് സ്ഥലം എം.എല്‍.എ. പത്രത്താളില്‍ നിന്ന് വികസനം ഭൂമിയിലേക്കിറങ്ങാത്തതിനാല്‍ യാത്രക്കാരുടെ നടുവൊടിയുകയും ചെയ്യുന്നു. ഇക്കുറി ശബരിമല തീര്‍ഥാടകരെ അടൂരില്‍ കാത്തിരിക്കുന്നതെന്ത്? മംഗളം ലേഖകന്‍ സനില്‍ നടത്തിയ അന്വേഷണത്തില്‍ കണ്ടത് ഇതൊക്കെ…

കാനന നടുവില്‍ ഇടത്താവളം

ദേവസ്വം ബോര്‍ഡിന്റെ അനാസ്ഥ കാരണം അടൂരിലെ ശബരിമല ഇടത്താവളങ്ങള്‍ അടിസ്ഥാന സൗകര്യങ്ങളില്ലാതെ വീര്‍പ്പു മുട്ടുന്നു. മണ്ഡല കാലം തുടങ്ങാന്‍ ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കേയാണ് ഭക്തരോട് ഈ അവഗണന തുടരുന്നത്. മധ്യ തിരുവിതാംകൂറിലെ പ്രധാനപ്പെട്ട പാര്‍ഥ സാരഥി ക്ഷേത്രത്തിന്റെ അവസ്ഥ വളരെ ദയനീയമാണ്. ദേവസ്വം ബോര്‍ഡ് അഞ്ച് വര്‍ഷം മുന്‍പാണ് ഈ ക്ഷേത്രം ഇടത്താവളമാക്കിയത്. ഇതുവരെയും അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കുകയോ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തുകയോ ചെയ്തിട്ടില്ല.

ക്ഷേത്ര മൈതാനത്തുള്ള ഊട്ടുപുരയിലാണ് വിശ്രമ കേന്ദ്രം ഒരുക്കേണ്ടത്. വര്‍ഷങ്ങളുടെ പഴക്കമുള്ള കെട്ടിടംതകര്‍ന്ന നിലയിലാണ്. ഭിത്തികള്‍ വിണ്ടു കീറി, ജനലുകളും വാതിലുകളും ഇളക്കി മാറ്റിയിരിക്കുന്നു. ഇലക്ട്രിക്ക് വയറുകള്‍ പൂര്‍ണമായി നശിച്ച് ഭിത്തിയില്‍ നിന്നു അടര്‍ന്നു മാറി കിടക്കുന്നു. മേല്‍ക്കൂരയിലെ ആസ്ബറ്റോസ് ഷീറ്റ് പൊട്ടി മാറിയത് കാരണം മഴ വെള്ളം ഊട്ടുപുരയ്ക്കുള്ളില്‍ വീഴുന്നു. ഫാനുകള്‍ പൂര്‍ണ്ണമായും തുരുമ്പിച്ച് താഴെ വീഴാറായ നിലയിലാണ്. ഇവിടെയുള്ള കസേര, ഡസ്‌ക്, ബഞ്ച് എന്നിവകളും നശിച്ചു. ഊട്ടുപുരയോട് ചേര്‍ന്ന ശൗചാലയവും കുളിമുറിയും ഉപയോഗ്യ ശൂന്യമായി കിടക്കുകയാണ്. പുറത്തുള്ള പൈപ്പുകളും നശിച്ചു.

അടൂരിലെ ശബരിമല ഇടത്താവളം കാടുകയറിയ നിലയില്‍

ഇതിനോട് ചേര്‍ന്ന് ചെളിവെള്ളവും കെട്ടി നില്‍ക്കുന്നു. മൈതാനം പൂര്‍ണമായി കാടുമൂടി കിടക്കുകയാണ്. ഇത് കാരണം ഇവിടം ഇഴജന്തുക്കളുടെ വിഹാര കേന്ദ്രമായി മാറി. കാട് വെട്ടിത്തെളിക്കാന്‍ പോലും ദേവസ്വം ബോര്‍ഡ് ഇതുവരെ തയാറായിട്ടില്ല. ഇത് കാരണം ദര്‍ശനത്തിന് എത്തുന്ന ഭക്തരുടെ വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യാനും കഴിയില്ല. ഇവിടെത്തെ ഗേറ്റ് പുറത്ത് നിന്ന് ദേവസ്വം അധികൃതര്‍ പൂട്ടിയിട്ടിട്ട് മാസങ്ങളാകുന്നു. അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കണമെന്ന് ആവശ്യപ്പെട്ട് നിരവധി പരാതികള്‍ ഭക്തരും വിവിധ ഹൈന്ദവ സംഘടനകളും നല്‍കിയിട്ടും യാതൊരു നടപടികളും കൈക്കൊള്ളാന്‍ ദേവസ്വം ബോര്‍ഡ് ഇതുവരെ തയാറായിട്ടില്ല.

ഇത്രയും നാള്‍ നോക്കി നിന്നു, ഇപ്പോള്‍ റോഡ് വെട്ടിപ്പൊളിച്ചു: ഗതാഗത കുരുക്കില്‍ വലഞ്ഞ് യാത്രക്കാര്‍

ശബരിമല തീര്‍ഥാടനം ആരംഭിക്കാന്‍ നാല് ദിവസം മാത്രം ബാക്കി നില്‍ക്കേ ഓട നിര്‍
മാണത്തിനായി ടൗണിലെ റോഡ് വെട്ടി പൊളിച്ചത് ഗതാഗത കുരുക്കിനിടയാക്കി. ഇരട്ടപ്പാല നിര്‍മാണത്തിന്റെ ഭാഗമായി വെള്ളക്കെട്ട് ഒഴിവാക്കാനാണ് സെന്‍ട്രല്‍ ജങ്ഷനില്‍ റോഡ് വെട്ടിപ്പൊളിച്ചത്. പണി എന്ന് തീരുമെന്നും ഗതാഗതത്തിന് എപ്പോള്‍ തുറന്ന് കൊടുക്കുമെന്നും വ്യക്തമല്ല. ഇവിടം വെട്ടിപ്പൊളിച്ചിട്ടിരിക്കുതു മൂലം എപ്പോഴും ടൗണില്‍ ഗതാഗത കുരുക്കാണ്.

പാലം പണിക്കൊപ്പം ഓട നിര്‍മാണം കൂടി ആരംഭിച്ചിരുന്നെങ്കില്‍ ഇപ്പോള്‍ റോഡ് വെട്ടിപ്പൊളിക്കേണ്ടി വരുമായിരുന്നില്ല.
ശബരിമല തീര്‍ഥാടകര്‍ യാത്ര ചെയ്യുന്ന പ്രധാന പാത പൊളിച്ചത് മൂലം നഗരത്തില്‍ ഗതാഗതക്കുരുക്കൊഴിയാതെ കിടക്കുകയാണ്. സെന്‍ട്രല്‍ ജങ്ഷനില്‍ റോഡ് ഒന്ന് കടന്ന് കിട്ടണമെങ്കില്‍ മണിക്കൂറുകള്‍ കുരുക്കില്‍ കിടക്കേണ്ട അവസ്ഥയിലാണ്.

ഇരുസംസ്ഥാനങ്ങളെ തമ്മില്‍ ബന്ധിപ്പിക്കുന്ന കായംകുളം – പുനലൂര്‍ സംസ്ഥാന പാത, കൂടാതെ ടൗണിലൂടെ വന്ന് എം.സി റോഡിലേക്ക് പ്രവേശിക്കേണ്ട വാഹനങ്ങള്‍, ചവറയില്‍ നിന്നും പത്തനംതിട്ട, കൊടുമണ്‍ വഴി പത്തനംതിട്ട എന്നിവിടങ്ങളിലേക്ക് പോകേണ്ട വാഹനങ്ങളും സെന്‍ട്രല്‍ ജങ്ഷന്‍ പ്രയോജനപ്പെടുത്തുന്നുണ്ട്. ഇതോടെ
ടൗണില്‍ ഏതു സമയവും വാഹനതിരക്കാണ്. ലോക്ക് ഡൗണ്‍ നിയന്ത്രണം ഉള്ളപ്പോള്‍ ഈ പ്രവൃത്തി നടത്തിയിരുന്നെങ്കില്‍ ഇപ്പോഴുള്ള ബുദ്ധിമുട്ട് ഒഴിവാക്കാമായിരുന്നെന്ന് നാട്ടുകാര്‍ പറയുന്നു.

സെന്‍ട്രല്‍ ടോളില്‍ ഓടനിര്‍മാണത്തിനായി റോഡ് വെട്ടിപ്പൊളിച്ചിട്ടിരിക്കുന്നു.

ഏനാത്ത് ഇടത്താവളത്തില്‍ ശൗചാലയത്തില്‍ കയറിയാല്‍
പാമ്പ് കടിക്കും

മണ്ഡലകാലം തുടങ്ങാന്‍ ദിവസങ്ങള്‍ മാത്രമുള്ളപ്പോഴും ഏനാത്ത് ഇടത്താവളത്തിലെ ശൗചാലയം കാടുമൂടി തന്നെ. എം.സി റോഡിലെ ഏറ്റവും പ്രധാന ഇടത്താവളങ്ങളില്‍ ഒന്നാണ് ഏനാത്ത്. ഇതു നന്നാക്കി വേണ്ട വിധം പരിപാലിക്കാന്‍ സമയമുണ്ടായിട്ടും ഒരു നടപടിയും അധികൃതര്‍ എടുത്തില്ല. ഇത്തവണ മണ്ഡല കാലം വന്നപ്പോഴും പഴയതിനേക്കാള്‍ മോശമായ അവസ്ഥയിലാണ് കാര്യങ്ങള്‍. ശൗചാലയത്തിലേക്ക് പോകുന്ന ഭാഗം മുഴുവന്‍ കാടുകയറി പായല്‍ പിടിച്ചു കിടക്കുകയാണ്.

ജില്ലാ പഞ്ചായത്ത് ഫണ്ട് ഉപയോഗിച്ച് 2011 ലാണ് ഏനാത്ത് ക്ഷേത്രത്തിലെ കുളത്തിന് സമീപത്തായി ശൗചാലയ കെട്ടിടം നിര്‍മ്മിച്ചത്. ഇതു കാരണം ഇഴജന്തുക്കളുടെ വാസ സ്ഥലമായി മാറി ഇവിടം. രണ്ടു വര്‍ഷം മുന്‍പ് മണ്ഡലകാലം ആരംഭിച്ച് പകുതിയായപ്പോള്‍ ദേവസ്വം അധികൃതര്‍ പേരിനു മാത്രം കെട്ടിടത്തിന്റെ ചുറ്റുമുള്ള കാട് വെട്ടിതെളിച്ചിരുന്നു. പക്ഷെ ഒരാഴ്ച്ച കഴിഞ്ഞപ്പോള്‍ തന്നെ പഴയപടിയായി. തുടര്‍ന്ന് ക്ഷേത്രത്തിന്റെ നേതൃത്വത്തില്‍ നാട്ടുകാരാണ് ശൗചാലയത്തിനു ചുറ്റും വൃത്തിയാക്കിയത്. അയ്യപ്പന്‍മാരുടെ ആവശ്യങ്ങള്‍ പരിഗണിച്ച് ചെയ്യേണ്ട പ്രവര്‍ത്തനങ്ങള്‍ ഒന്നു തന്നെ മണ്ഡലക്കാലത്ത് ഇവിടെ നടക്കാറില്ല. ജില്ലാ പഞ്ചായത്ത് ഈ ഇടത്താവളത്തിന് വേണ്ടത്ര പരിഗണന നല്‍കുന്നില്ലെന്ന ആക്ഷേപം മുന്‍പു തന്നെ ഭക്തര്‍ക്കിടയിലുണ്ട്.

തമിഴ്നാട് – തിരുവനന്തപുരം ഭാഗത്തു നിന്നും വരുന്ന അയ്യപ്പന്‍മാര്‍ക്ക് കൊട്ടാരക്കര കഴിഞ്ഞാല്‍ പിന്നെ കൈപ്പട്ടൂര്‍ -പത്തനംതിട്ട റോഡിലെ ഉഴുവത്ത്, ഓമല്ലൂര്‍ ക്ഷേത്രങ്ങളില്‍ മാത്രമാണ് ഇപ്പോള്‍ ഇടത്താവളമുള്ളത്. വര്‍ഷങ്ങളായി ഏനാത്ത് ഇടത്താവളത്തിനോട് അധികൃതര്‍ അനാസ്ഥ കാട്ടുകയാണ്. മണ്ഡലകാലം ആരംഭിക്കുന്നതിനു മുന്‍പ് ഈ ശോചനീയാവസ്ഥ പരിഹരിക്കണമെന്നുമാണ് ഭക്തരുടെ ആവശ്യം.

ഏനാത്ത് ഇടത്താവളത്തില്‍ കുളത്തിന് സമീപത്ത് കൂടിയുള്ള നടപ്പാത ഇല വീണ് അഴുകി കിടക്കുന്ന നിലയില്‍

തകര്‍ച്ച റോഡുകളിലും: ഗ്രാമീണ പാതകളും അപകടമേഖല

ശബരിമല തീര്‍ഥാടനം ആരംഭിക്കാന്‍ ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെ മണ്ഡലത്തിലെ പല റോഡുകളും തകര്‍ന്ന് തരിപ്പണമാണ്. ഇവയില്‍ ശബരിമല തീര്‍ഥാടകര്‍ നേരിട്ട് ഉപയോഗിക്കുന്നതും പ്രധാന പാതയിലേക്ക് വന്നു ചേരുന്നതുമായ ഉപറോഡുകളും ഉണ്ട്. പ്രവേശിക്കാന്‍ പോലും കഴിയാത്ത
നിലയിലാണ് പറക്കോട് – കൊടുമണ്‍ റോഡിന്റെ അവസ്ഥ.

ജില്ലയിലെ ഈ പ്രധാന പാതയില്‍ ഗതാഗത തിരക്കേറെയാണ്. പറക്കോട് ജങ്ഷന് സമീപം, ബ്ലോക്ക് ഓഫീസിന് മുന്‍വശം, കനാല്‍ ജങ്ഷന്‍, കാവനാല്‍ മുക്ക്, കാര
യ്ക്കല്‍, വളക്കട ജങ്ഷന്‍, ചിരണിക്കല്‍, വാട്ടര്‍ അതോറിറ്റി ഓഫീസിന് മുന്‍വശം വരെയുള്ള രണ്ട് കിലോമീറ്റര്‍ ഭാഗത്ത് റോഡില്ല. ഇരുപത്തിഅഞ്ചിടത്തായി ഏതാണ്ട് ഇരുന്നൂറ്റി അമ്പതിലധികം കുഴികളാണ് ഉള്ളത്.

ശബരിമലയ്ക്ക് നിരവധി തീര്‍ഥാടകരാണ് ഇതുവഴി പോകുന്നത്. തീര്‍ഥാടക വാഹനങ്ങള്‍ ഇതു വഴി കൊടുമണില്‍ എത്തി പത്തനംതിട്ടയിലേക്ക് പ്രവേശിക്കുകയാണ്. ഇതു വഴിയുള്ള കാല്‍നടയാത്ര പോലും ബുദ്ധിമുട്ടായിരിക്കുകയാണ്. നാല് വര്‍ഷമായി റോഡ് തകര്‍ന്ന് കിടക്കുകയാ ണ്. കഴിഞ്ഞ തെരഞ്ഞെടുപ്പിന് അര കിലോമീറ്റര്‍ ഭാഗത്തെ കുഴിയടച്ച് ജനങ്ങളുടെ കണ്ണില്‍ പൊടിയിട്ടുവെന്ന് പറക്കോട്
കോണ്‍ഗ്രസ് മണ്ഡലം കമ്മറ്റി പ്രസിഡന്റ് പൊന്നച്ചന്‍ മാതിരം പള്ളില്‍ പറഞ്ഞു.ഇപ്പോള്‍ കുഴിയില്‍ ഇട്ട ചതുപ്പ എല്ലാം ഒഴുകി പോയി റോഡ് പഴയ പടിയായി.

പറക്കോട് – ഐവര്‍കാല റോഡ്

പറക്കോട് – ഐവര്‍കാലാ റോഡ് വടക്കടത്തു കാവ് മുതല്‍ ഐവര്‍കാലാ വരെ സഞ്ചാര യോഗ്യമല്ല. വടക്കടത്ത്കാവ് മുതല്‍ ചൂരക്കോട് വരെയുളളിടത്ത് മിക്കയിടത്തും കുഴികള്‍ രൂപപ്പെട്ടു. പറക്കോട് മുതല്‍ വടക്കടത്തുകാവ് വരെ മൂന്നര കിലോമീറ്റര്‍ ടാര്‍ ചെയ്തിരുന്നു. എന്നാല്‍ ഏറെ തിരക്കുള്ള വടക്കടത്തു കാവ് മുതലുള്ള ഭാഗം പൊതുമരാമത്ത് അധികൃതര്‍ ഉപേക്ഷിച്ച മട്ടാണ്. നിലയ്ക്ക മുകള്‍ വരെയുളള ഏഴ് കിലോമീറ്റര്‍ ഭാഗത്താണ് റോഡ് തകര്‍ന്ന നിലയിലുള്ളത്.

ആകെ കുളമായി ഏഴംകുളം – കൈപ്പട്ടൂര്‍ റോഡ്

ഏഴംകുളം – കൈപ്പട്ടൂര്‍ റോഡിലെ യാത്ര ഭയാനകമാണ്. ഒരിക്കല്‍ ഈ വഴി വരുന്നവര്‍ പിന്നീട് വരാറില്ല. അത്രയ്ക്കുണ്ട് റോഡിന്റെ ശോച്യാവസ്ഥ. ഓട്ടോറിക്ഷകളും ടാക്സി വാഹനങ്ങളും ഇരുചക്ര വാഹനയാത്രികരും ഈ വഴി പോകാറില്ല. ശബരിമല തീര്‍ഥാടകര്‍ ഏറ്റവും കൂടുതല്‍ ഉപയോഗിക്കുന്ന റോഡിനാണ് ഈ ഗതികേട്. കുഴികളില്‍ വീണ് കാലും കൈയുമൊടിഞ്ഞ് പത്തോളം പേര്‍ ചികില്‍സയിലാണ്. എന്നിട്ടും റോഡിന്റെ ഭയാനക അവസ്ഥ ഇനിയും കണ്ടില്ലെന്നു നടിക്കുകയാണ് അധികാ രികള്‍. ആഴത്തിലുള്ള കുഴികളില്‍ വീണ് സ്ഥിരമായി ഇവിടെ അപകടം ഉണ്ടാകുന്നുണ്ട്.

പറക്കോട് – കൊടുമണ്‍ റോഡ് തകര്‍ന്ന നിലയില്‍

ചെളിവെള്ളം കെട്ടി നിന്ന് യാത്രക്കാര്‍ കുഴിയുടെ ആഴം അറിയാതെ കാല്‍ വഴുതി വീണ് അപകടം സംഭവിക്കുന്നതും പതിവാണ്. ഇടത്തിട്ട വാഴവിള പാലം, കാവും പാട്ട് ക്ഷേത്രം, കൊടുമണ്‍ സ്റ്റേഡിയം, മൃഗാശുപത്രിപ്പടി എന്നിവിടങ്ങളിലെല്ലാം റോഡ് പൂര്‍ണ്ണമായി
തകര്‍ന്ന് കിടക്കുകയാണ്. വലിയ കുഴികള്‍ ഉണ്ടായി വെള്ളം മൂടിക്കിടക്കുകയാണ്. അറിയാതെ ഇരുചക്ര വാഹനങ്ങള്‍ കുഴിയില്‍ വീണു മറിയുകയാണ്. സാധനങ്ങള്‍ കയറ്റി വന്ന അന്യസംസ്ഥാ ന ലോറി റോഡരികിലെ ചെളിയില്‍ കഴിഞ്ഞ തിങ്കളാഴ്ച്ച താഴ്ന്നു.

ലോറി വലിച്ചു കയറ്റാന്‍ ഏറെ പ്രയാസപ്പെട്ടു. ദി വസവും നൂറ് കണക്കിനു വാഹനങ്ങള്‍ പോകുന്ന പ്രധാന റോഡാണ് മാസങ്ങളായി തകര്‍ന്നു തരിപ്പണമായി കിടക്കുന്നത്. ശബരിമല -മണ്ഡല കാലം തുടങ്ങുന്നതോടെ റോഡില്‍ കൂടി അയ്യപ്പ ഭക്തരുടെ നൂറു കണക്കിന് വാഹനങ്ങള്‍ കടന്നു പോകാറുണ്ട്. നാഗര്‍കോവില്‍ , തിരുവനന്തപുരം, കൊല്ലം ഭാഗങ്ങളില്‍ നിന്നുളളവര്‍ എം.സി റോഡില്‍ ഏനാത്ത് നിന്ന് തിരിഞ്ഞ് ഏഴംകുളം റോഡില്‍ പ്രവേശിച്ച് കൊടുമണ്‍ വഴിയാണ് ശബരിമലയ്ക്ക് പോകുന്നത്. അപകടങ്ങള്‍ പതിവാകുമ്പോഴും അധികൃതര്‍ മൗനത്തിലാണ്.

ഏനാത്ത് – പത്തനാപുരം റോഡും തകര്‍ന്നു തന്നെ

പത്തനംതിട്ട – കൊല്ലം ജില്ലകളെ തമ്മില്‍ ബന്ധിപ്പിക്കുന്ന ഏറെ തിരക്കുള്ള ഏനാത്ത്- പത്തനാപുരം റോഡ് തകര്‍ന്ന് നാളേറെയായെങ്കിലും അറ്റകുറ്റപ്പണി നടത്താന്‍ നടപടിയില്ല. ഏനാത്ത് ജങ്ഷനില്‍ നിന്നും അരകിലോമീറ്റര്‍ മുന്നോട്ട് പോകുമ്പോള്‍ ഇറക്കമുള്ള ഭാഗത്ത് റോഡ് തകര്‍ന്ന് കിടക്കുകയാണ്. ഇറക്കം ഇറങ്ങി വരുന്ന വാഹനങ്ങള്‍ കുഴിയില്‍ വീണ് നിയന്ത്രണം വിട്ട് റോഡിന്റെ ഇടതുവശത്ത്
തോട്ടിലേക്ക് മറിയാനുള്ള സാധ്യതയുണ്ട്. പട്ടാഴി ദേവീ ക്ഷേത്രത്തില്‍ നിന്നും കെട്ടു നിറച്ച് മലയ്ക്കു പോകുന്നവര്‍ ഈ റോഡ് വഴി ഏനാത്ത് ചെന്ന് എം.സി റോഡിലൂടെ അടൂരിലെത്തിയാണ് യാത്ര തുടരുന്നത്. കളമല ജങ്ഷനിലും റോഡ് തകര്‍ന്ന നിലയിലാണ്. ഏനാത്ത് നിന്നുള്ളവര്‍ക്ക് ഇളങ്ങമംഗലം, പട്ടാഴി, കുന്നിക്കോട് , പുന
ലൂര്‍, തെന്മല ഭാഗത്തേക്ക് പോകാനുള്ള പ്രധാന പാതയാണിത്.

ഏനാത്ത് ജങ്ഷനിലെ റോഡും
തകര്‍ന്നു.

ഏനാത്ത് ജങ്ഷനിലേക്കുള്ള പഴയ എം.സി റോഡ് പല ഭാഗത്തും തകര്‍ന്ന നിലയിലാണ്. സര്‍വീസ് സഹകരണ ബാങ്കിന് മുന്നില്‍ നിന്നും തുടങ്ങുന്ന ടൗണ്‍
റോഡ് ഇടത്താവളത്തിന് മുന്നിലൂടെയാണ് പോകുന്നത്. തിരുവനന്തപുരം, അടൂര്‍ ഭാഗ
ങ്ങളില്‍ നിന്നും എം.സി റോഡ് വഴി വരുന്നവര്‍ക്ക് ഏനാത്ത് ജങ്ഷന്‍, പട്ടാഴി, പത്തനാപുരം, പുനലൂര്‍, ഇളങ്ങമംഗലം, ഏഴംകുളം എന്നിവിടങ്ങളിലേക്ക് പോകുന്ന
തിനുള്ള പ്രധാന റോഡാണിത്.ഏനാത്ത് നിന്നും ഏഴംകുളം മിനി
ഹൈവേയിലേക്ക് പ്രവേശിക്കുന്നതിനും തകര്‍ന്ന ഈ പാത വഴിയാണ് വരേണ്ടത്.

കനാലിന് കുറുകെയുള്ള പാലത്തിന്റെ കല്‍ക്കെട്ട് തകര്‍ന്നു

ശബരിമല തീര്‍ഥാടകരുടെ പ്രധാന സഞ്ചാര പാതയായ അടൂര്‍-തട്ട-പത്തനംതിട്ട റോഡില്‍ പന്നിവിഴയില്‍കെ.ഐ.പി വലിയ കനാലിന് കുറുകെയുള്ള പാലത്തിന്റെ ഇരുവ
ശവുമുളള കല്‍ക്കെട്ട് തകര്‍ന്നത് അപകട ഭീഷണി ഉയര്‍ത്തുന്നു. വാഹനങ്ങള്‍ കനാലിലേക്ക് മറിഞ്ഞ് അപകടം സംഭവിക്കാനുള്ള സാധ്യത ഏറെയാണ്. വലിയ വാഹനങ്ങള്‍ വരുമ്പോള്‍ അതിന് സൈഡ് കൊടുക്കുന്നതിനിടെ ഇരുചക്ര വാഹനങ്ങള്‍ കനാലില്‍ പതിക്കാനുള്ള സാധ്യതയുണ്ട്. കല്‍ക്കെട്ട് തകര്‍ന്നഭാഗത്തിന് മുകളില്‍ കാട് വളര്‍ന്നു നില്‍ക്കുന്നതിനാല്‍ വാഹനയാത്രികര്‍ക്ക് അപകടം അറിയാനും കഴിയുന്നില്ല.

 

അടൂര്‍-തട്ട-പത്തനംതിട്ട റോഡില്‍ പന്നി വിഴയില്‍ വാഹനങ്ങള്‍ കനാലില്‍ വീഴാതിരിക്കാന്‍ നിര്‍മ്മിച്ച കല്‍ക്കെട്ട് തകര്‍ന്ന നിലയില്‍

 

News Feed
Don't miss the stories followAdoor Vartha and let's be smart!
Loading...
0/5 - 0
You need login to vote.
Filed in

അടൂര്‍ക്കാരന്‍ ജോബ് ശരിക്കും സുകുമാരക്കുറുപ്പ് തന്നെയോ?

വാഹന യാത്രികര്‍ സുക്ഷിച്ചാല്‍ ‘നമ്മുടെ പറക്കോട്ടെ’ പറമ്പില്‍ വീഴാതെ നോക്കാം.!

Your comment?
Leave a Reply

Posted by Facebook on Thursday, August 27, 2015