അടൂര്‍ ഗോപാലകൃഷ്ണന്‍ റോഡ് ടാറിങ് തുടഞ്ഞുമോ?
മണക്കാല : അടൂര്‍ എന്ന സ്ഥലനാമം ലോകത്തിന്റെ നെറുകയില്‍ എത്തിച്ച വിശ്വവിഖ്യാത ചലച്ചിത്രകാരന്‍ അടൂര്‍ ഗോപാലകൃഷ്ണന്റെ പേരിലുള്ള മണക്കാല-ചിറ്റാണി മുക്ക് റോഡ് റീ ബില്‍ഡ് പദ്ധതിയില്‍ നവംബറില്‍ ടാറിങ് തുടങ്ങും. ഇത് ഒരിക്കല്‍ പറഞ്ഞതാണെങ്കിലും ഇത്തവണ കാര്യം ഗൗരവം തന്നെയാണെന്ന തരത്തിലാണ് ഔദ്യോഗിക നടപടികള്‍ സൂചിപ്പിക്കുന്നത്.
ഇതിന്റെ ഭാഗമായി ടെന്‍ഡര്‍ നടപടികള്‍ അടുത്താഴ്ച നടക്കുമെന്ന് റീബില്‍ഡ് കേരള എ.ഇ. റിസിന്‍ പറഞ്ഞു. 1.89 കോടി രൂപ ചെലവാക്കിയാണ് നിര്‍മാണം. ബി.എം.ആന്‍ഡ് ബി.സി നിലവാരത്തിലാകും റോഡ് നിര്‍മാണം. ഇതില്‍ പല ഭാഗങ്ങളിലായി 250 മീറ്റര്‍ ദൂരത്തില്‍ ഓടനിര്‍മാണം, ഒരു കലുങ്ക് എന്നിവ ഉണ്ടായിരിക്കും.
അഞ്ചുവര്‍ഷത്തെ റോഡിന്റെ പരിപാലനവും 12 ശതമാനം ജി.എസ്.ടിയും ഉള്‍പ്പെടെ ഉള്‍പ്പെടെ രണ്ട് കോടി നാല്‍പത് ലക്ഷം രൂപയാണ് റോഡിനായി വകയിരിത്തിയിരിക്കുന്നത്.
മണക്കാലയില്‍നിന്നു ചിറ്റാണിമുക്ക് വരെയുള്ള രണ്ടുകിലോമീറ്റര്‍ ദൂരമാണ് നിലവില്‍ തകര്‍ന്നുകിടക്കുന്നത്. 2014-ല്‍ ആഘോഷ പരിപാടികളുമായിട്ടാണ് ഈ റോഡിന് അടൂര്‍ ഗോപാലകൃഷ്ണന്‍ റോഡ് എന്ന പേരിട്ടത്. റോഡ് നാമകരണത്തില്‍ അടൂര്‍ ഗോപാലകൃഷ്ണന്‍ പങ്കെടുക്കുകയും ചെയ്തു. പൊതുമരാമത്തിന്റെ അധീനതയിലുണ്ടായിരുന്ന റോഡ് ജില്ലാ പഞ്ചായത്ത് ഏറ്റെടുക്കുകയായിരുന്നു.
പേരിടുന്ന സമയത്ത് റോഡില്‍ അറ്റകുറ്റപ്പണികള്‍ നടത്തിയിരുന്നു. പിന്നീട് ഒരു പണിയും റോഡില്‍ നടന്നില്ല. ഇപ്പോള്‍ റോഡിലെ ടാര്‍ മുഴുവന്‍ ഇളകി വലിയ കുഴിയായി. ഈ ദുരവസ്ഥ മാറ്റാന്‍ അധികൃതര്‍ തയ്യാറാകാത്തതിനാല്‍ നാട്ടുകാര്‍ക്കിടയില്‍ വലിയ പ്രതിഷേധമാണ് ഉണ്ടാക്കിയത്.
ഒരു കൈപ്പിഴ
മൂന്ന് വര്‍ഷം മുന്‍പ് റോഡുപണിക്കായി പല പദ്ധതികളും വെച്ചിരുന്നെങ്കിലും ഒന്നും നടന്നിരുന്നില്ല. മുന്‍ ജില്ലാ പഞ്ചായത്ത് അംഗം തകര്‍ന്ന റോഡ് നിര്‍മിക്കുന്നതിന് ആദ്യം പദ്ധതി ജില്ലാ പഞ്ചായത്തില്‍ സമര്‍പ്പിച്ചത്. അന്ന് പുനരുദ്ധാരണത്തിനായി പണം അനുവദിച്ചപ്പോള്‍ ചില രേഖകളില്‍ റോഡ് കടമ്പനാട് ഗ്രാമപ്പഞ്ചായത്തിലാണ് എന്നായിരുന്നു. ശരിക്കും ഏറത്ത് പഞ്ചായത്തിലാണ് റോഡ്. ഉദ്യോഗസ്ഥരുടെ കൈപ്പിഴയായിരുന്നു ഈ അബദ്ധത്തിന് കാരണം. അങ്ങനെ ആദ്യം അനുവദിച്ച തുക വിനിയോഗിക്കാന്‍ പറ്റാതെവന്നു.
പിന്നെ സര്‍ക്കാര്‍ മുറപോലെ വളരെക്കാലം എടുത്ത് റോഡ് ശരിക്കുമുള്ള പഞ്ചായത്തില്‍ വന്നതോടെ രൂപരേഖ മാറി. പിന്നീട് പുതിയ രൂപരേഖ വച്ച് പ്രശ്‌നങ്ങള്‍ എല്ലാം പരിഹരിച്ച് തുക അനുവദിച്ചു. പക്ഷേ ആരും കരാര്‍ ഏറ്റെടുത്തില്ല. തുടര്‍ന്ന് കരാര്‍ നടപടികള്‍ നീണ്ടുപോകുകയായിരുന്നു.
ഇപ്പോള്‍ വീണ്ടും ജില്ലാ പഞ്ചായത്തംഗം സി. കൃഷ്ണകുമാര്‍ ഇടപ്പെട്ട് പുതിയ രൂപരേഖ സമര്‍പ്പിച്ചതോടെയാണ് റോഡുപണിയാനുള്ള നടപടികള്‍ ആരംഭിച്ചത്.
Your comment?