മഴക്കെടുതി: അടിയന്തര സഹായധനം ഇക്കുറിയില്ല: കഴിഞ്ഞ പ്രളയകാലത്ത് ക്യാമ്പുകളിലെത്തിയവര്‍ക്ക് അടിയന്തര സഹായമായി പതിനായിരം രൂപവീതം നല്‍കിയിരുന്നു
തിരുവനന്തപുരം: മഴക്കെടുതിയെ തുടര്‍ന്ന് ജീവന്‍ നഷ്ടമായവരുടെ ആശ്രിതര്‍ക്കും വീടും ജീവനോപാധിയും നഷ്ടമായവര്‍ക്കും ഇക്കുറി അടിയന്തര നഷ്ടപരിഹാരം ഉണ്ടാകില്ല.
കഴിഞ്ഞ പ്രളയകാലത്ത് ക്യാമ്പുകളിലെത്തിയവര്‍ക്ക് അടിയന്തര സഹായമായി പതിനായിരം രൂപവീതം നല്‍കിയിരുന്നു. ഇത്തവണ അത്തരം സാഹചര്യമില്ലെന്നാണ് വിലയിരുത്തല്‍. ജാഗ്രതാ മുന്നറിയിപ്പുകളെത്തുടര്‍ന്ന് ആളുകളെ മുന്‍കൂട്ടി ക്യാമ്പുകളിലേക്ക് മാറ്റാന്‍ കഴിഞ്ഞുവെന്നും സര്‍ക്കാര്‍ വിലയിരുത്തുന്നു.
വിവിധ വകുപ്പുകള്‍ നാശനഷ്ടങ്ങളുടെ കണക്ക് ശേഖരിച്ച് അടുത്ത മന്ത്രിസഭാ യോഗത്തില്‍ വിലയിരുത്തും. ഉരുള്‍പൊട്ടലിലും മറ്റും വീട് പൂര്‍ണമായി തകര്‍ന്നവര്‍ക്കും വീട് ഭാഗികമായി തകര്‍ന്ന് വാസയോഗ്യമല്ലാതായവര്‍ക്കും നാലുലക്ഷം രൂപ സഹായം എത്രയുംവേഗം വിതരണം ചെയ്യാന്‍ സര്‍ക്കാര്‍ നിര്‍ദേശിച്ചിട്ടുണ്ട്. ഇതിനാവശ്യമായ തുക കളക്ടര്‍മാര്‍ക്ക് കൈമാറി. കൂടുതല്‍ തുക ആവശ്യമാണെങ്കില്‍ സംസ്ഥാന ദുരന്ത പ്രതികരണ നിധിയില്‍നിന്നു നല്‍കാനും തീരുമാനിച്ചിട്ടുണ്ട്.
മഴക്കെടുതിയും ഉരുള്‍പൊട്ടലും മൂലം ദുരിതമനുഭവിക്കുന്നവര്‍ക്ക് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍നിന്ന് അടിയന്തര സഹായം അനുവദിക്കണമെന്ന ആവശ്യമുയരുന്നുണ്ട്.
Your comment?