മലയോര മേഖലയില്‍ കൂടുതല്‍ സ്ഥലങ്ങളില്‍ ഉരുള്‍പൊട്ടല്‍: 3 മൃതദേഹം കണ്ടെത്തി
കോട്ടയം: ജില്ലയില്‍ കനത്ത മഴ തുടരുന്നു. മലയോര മേഖലയില്‍ കൂടുതല്‍ സ്ഥലങ്ങളില്‍ ഉരുള്‍പൊട്ടല്‍. കൂട്ടിക്കല്‍ പ്ലാപ്പള്ളി ഉരുള്‍പൊട്ടലില്‍ കാണാതായ മൂന്നു പേരുടെ മൃതദേഹം കണ്ടെടുത്തതായി മന്ത്രി വി.എന്‍. വാസവന്‍ അറിയിച്ചു. പ്ലാപ്പള്ളി ഒട്ടാലങ്കല്‍ ക്ലാരമ്മ ജോസഫ് (65), മരുമകള്‍ സിനി (35), സിനിയുടെ മകള്‍ സോന (10) എന്നിവരാണ് മരിച്ചത്. ബാക്കിയുള്ളവര്‍ക്കായി തിരച്ചില്‍ തുടരുകയാണ്.
മൂന്നു കുടുംബങ്ങളിലെ സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെയുള്ളവരാണ് അപകടത്തില്‍ പെട്ടത്. കുടുംബത്തിലെ ചിലര്‍ വെള്ളം കെട്ടിനില്‍ക്കുന്നത് ഒഴുക്കിവിടാന്‍ മറ്റൊരു ഭാഗത്തേക്കു പോയ സമയത്താണ് ഉരുള്‍പൊട്ടി വീടുകള്‍ ഒലിച്ചു പോയതെന്നു രക്ഷാപ്രവര്‍ത്തകര്‍ പറഞ്ഞു.
ഇതിനു പിന്നാലെ കൂട്ടിക്കലിനു സമീപം ഇടുക്കി ജില്ലയില്‍ വീണ്ടും ഉരുള്‍ പൊട്ടി. കൊക്കയാര്‍ പഞ്ചായത്തിലെ പൂവഞ്ചിയിലാണ് ഉരുള്‍ പൊട്ടിയത്. അഞ്ച് വീടുകള്‍ ഒഴുകിപോയി. ഏഴു പേര്‍ മണ്ണിനടിയിലാണ്. അഞ്ച് പേരെ പൂഞ്ചിയിലും മുക്കുളത്തും നാരകംപുഴയിലും ഓരോരുത്തരെയുമാണ് കാണാതായത്. 17 പേരെ രക്ഷപ്പെടുത്തിയതായും വിവരം.
കെ.കെ റോഡില്‍ വാഹന ഗതാഗതം നിരോധിച്ചു. പെന്തുവന്താനം, കാഞ്ഞിരപ്പള്ളി, മുണ്ടക്കയം മേഖലകളില്‍ വെള്ളപ്പൊക്കത്തില്‍ റോഡ് മുങ്ങി. ഉരുള്‍പൊട്ടലിനെ തുടര്‍ന്നു വെള്ളത്തിനടിയിലായ കൂട്ടിക്കലടക്കം കിഴക്കന്‍ മേഖലയിലെ രക്ഷാപ്രവര്‍ത്തനത്തിന് സൈന്യത്തിന്റെ സഹായം തേടിയതായി ജില്ലാ കലക്ടര്‍ അറിയിച്ചു. ഒറ്റപ്പെട്ട സ്ഥലങ്ങളില്‍നിന്ന് ആളുകളെ മാറ്റുന്നതിന് എയര്‍ ലിഫ്റ്റിങ്ങിനാണ് സഹായം തേടിയത്.കൂട്ടിക്കലില്‍ രക്ഷാപ്രവര്‍ത്തനത്തിന് സേന എത്തും.
മണിമലയാറ്റിലും മീനച്ചിലാറ്റിലും ജലനിരപ്പ് ക്രമാതീതമായി ഉയരുകയാണ്. മുണ്ടക്കയം ഇളംകാട്‌വാഗമണ്‍ റോഡില്‍ ഉരുള്‍പൊട്ടി. ജനവാസ മേഖലയല്ലാത്തതിനാല്‍ ജീവാപായത്തെപ്പറ്റി ആശങ്കയില്ല. കൊടുങ്ങ ഭാഗത്തും വനത്തില്‍ ചെറിയ ഉരുള്‍പൊട്ടലുകള്‍ ഉണ്ടായിട്ടുണ്ട്. പ്രധാന റോഡുകളിലും ഇട റോഡുകളിലും വെള്ളം കയറുന്നു. തോടുകള്‍ കരകവിഞ്ഞതിനെ തുടര്‍ന്ന് പറമ്പുകളിലും വെള്ളം കയറുകയാണ്. പൂജാ അവധിയുടെ ഭാഗമായി യാത്രയ്ക്കിറങ്ങിയവര്‍ പല സ്ഥലങ്ങളിലും കുടുങ്ങി.
കനത്ത മഴയില്‍ മുണ്ടക്കയം നഗരത്തിലെ ഒരു പ്രദേശം വെള്ളത്തിനടിയിലായി. മുണ്ടക്കയം-എരുമേലി റോഡിലെ കോസ് വേയും സമീപത്തെ വീടുകളും മുങ്ങി. വീടുകളുടെ ഒന്നാംനില വരെ വെള്ളമെത്തി. വീട്ടുകാര്‍ വീടിനു മുകളില്‍ കയറിയിരിക്കുന്നു. മുണ്ടക്കയം-എരുമേലി റോഡില്‍ ഗതാഗതം നിരോധിച്ചു. ഇളംകാട് ഉരുള്‍ പൊട്ടിയതാണ് വെള്ളപ്പൊക്കത്തിനു കാരണം.
പൊന്തന്‍പുഴ രാമനായി ഭാഗത്ത് തോട്ടില്‍നിന്നു വെള്ളം കയറിയതിനെ തുടര്‍ന്ന് ആറു കുടുംബങ്ങളെ തൊട്ടടുത്ത വീടുകളിലേക്ക് മാറ്റി പാര്‍പ്പിച്ചു. ഇടക്കുന്നം വില്ലേജ് മുറികല്ലുംപുറം ഭാഗത്ത് വീടുകളില്‍ വെള്ളം കയറി. പ്രദേശം ഒറ്റപ്പെട്ട സാഹചര്യത്തില്‍ ആളുകളെ മാറ്റാന്‍ സാധിച്ചിട്ടില്ല. സിഎസ്‌ഐ പള്ളിയുടെ അടുത്ത് മണ്ണിടിച്ചില്‍ ഉണ്ടായതിനെ തുടര്‍ന്ന് ഒരു കുടുംബത്തെ ബന്ധുവീട്ടിലേക്ക് മാറ്റി പാര്‍പ്പിച്ചു.
കുറവാമൂഴി പാലത്തിനു സമീപം താമസിക്കുന്ന 15 കുടുംബങ്ങളെ ദുരിതാശ്വാസ ക്യാംപുകളിലേക്ക് മാറ്റി. എങ്ങലി വടക്ക് പുത്തന്‍ചന്ത ഭാഗത്ത് മുപ്പതോളം വീടുകളില്‍ വെള്ളം കയറിയതിനെ തുടര്‍ന്ന് വീട്ടുകാരെ വരിക്കാനി എസ്എന്‍ സ്‌കൂളിലെ ക്യാംപിലേക്ക് മാറ്റുമെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു.
കാഞ്ഞിരപ്പള്ളി പ്രസ് സെന്ററില്‍ വെള്ളം കയറി. താഴത്തെ നില പൂര്‍ണമായും വെള്ളത്തിലായി. പൂഞ്ഞാര്‍ തെക്കേക്കര പഞ്ചായത്ത് ചോലത്തടം ഭാഗത്ത് ഉരുള്‍ പൊട്ടിയതായി റിപ്പോര്‍ട്ടുണ്ട്. മന്നം ഭാഗത്ത് ആള്‍ താമസം ഇല്ലാത്ത വീട് ഉരുള്‍പൊട്ടലില്‍ ഒലിച്ചു പോയി. പാതാമ്പുഴ കുഴുമ്പള്ളിയില്‍ ഉരുള്‍ പൊട്ടി പന്നി ഫാം ഒലിച്ചു പോയതായി സൂചനയുണ്ട്.
Your comment?