കോവിഡ്19 പ്രതിസന്ധി തരണം ചെയ്യാന്‍ ഒടിടി; എനിക്കിഷ്ടം തിയറ്റര്‍ റിലീസ്: ആസിഫ് അലി
ദുബായ്: കോവിഡ്19 പ്രതിസന്ധിയില്‍ ഒടിടിയെയാണ് മലയാള സിനിമ ആശ്രയിക്കുന്നതെങ്കിലും ഒരു പ്രേക്ഷകനെന്ന നിലയില്‍ താന്‍പരിഗണന നല്‍കുന്നത് തിയറ്റര്‍ റിലീസിന് ആണെന്ന് ചലച്ചിത്ര താരം ആസിഫ് അലി പറഞ്ഞു. ദുബായില്‍ ഗോള്‍ഡന്‍ വീസ സ്വീകരിക്കാന്‍ ഭാര്യയ്‌ക്കൊപ്പം എത്തിയതായിരുന്നു അദ്ദേഹം.
ആളുകള്‍ വലിയ സ്‌ക്രീനില്‍ തന്നെ സിനിമ കാണണമെന്നും എന്റെ സിനികള്‍ തിയറ്ററുകളില്‍ റിലീസാകണമെന്നും ആഗ്രഹിക്കുന്നു. പക്ഷേ, ഒന്നിച്ചുകൂടാനുള്ള സാഹചര്യം ഇല്ലാത്തതിനാല്‍, അടുത്തടുത്തിരുന്ന് സിനിമ കാണാന്‍ സാധിക്കുന്നില്ല. അതുകൊണ്ട് തിയറ്ററുകള്‍ അടഞ്ഞുകിടക്കുന്നു. ഒട്ടേറെ ചിത്രങ്ങള്‍ ചിത്രീകരണം പൂര്‍ത്തിയായി റിലീസിനായി കാത്തിരിക്കുന്നുണ്ട്.
റിലീസ് വൈകുമ്പോള്‍ ഭീമമായ നിക്ഷേപം നടത്തിയ നിര്‍മാതാക്കള്‍ക്കുണ്ടാകുന്ന സാമ്പത്തിക പ്രയാസങ്ങള്‍ ഏറെ. അരക്ഷിതമായ ഈ അവസ്ഥയില്‍ ഒടിടി റിലീസിനെ ആശ്രയിക്കാതെ പറ്റില്ല. സിനിമയും തിയറ്ററും തമ്മില്‍ പരസ്പരം പൂരകങ്ങളായതിനാല്‍ തിയറ്റര്‍ ഉടമകള്‍ക്ക് ഈ അവസരത്തില്‍ നമ്മള്‍ പിന്തുണ നല്‍കേണ്ടതായുണ്ട്.
ഇതൊക്കെയാണെങ്കിലും, സിനിമയുടെ എല്ലാ സാങ്കേതികത മേന്മകളും ആസ്വദിച്ച് ഒരു ദൃശ്യവിരുന്നായി അനുഭവിക്കണമെങ്കില്‍ തിയറ്റര്‍ തന്നെ വേണം. വീട്ടിലിരുന്ന് സിനിമ കാണുന്നവര്‍ നമുക്ക് ഇഷ്ടപ്പെടാത്ത എന്തെങ്കിലും ആദ്യ 10 മിനിറ്റില്‍ അതില്‍ വരികയാണെങ്കില്‍ ആ സിനിമ ഒഴിവാക്കും എന്ന പ്രശ്‌നം കൂടി കാണാതെ പോകരുത്.
Your comment?