അടൂരിലെ 66 കെവി സബ്‌സ്റ്റേഷന്‍ 25 മെഗാവാട്ട് ശേഷിയുള്ള 110 കെവി സബ്‌സ്റ്റേഷനായി ഉയര്‍ത്തുന്നു
അടൂര്‍: വൈദ്യുതി പ്രതിസന്ധികള്‍ക്ക് പരിഹാരം കാണുന്നതിനും വൈദ്യുതി വിതരണം മെച്ചപ്പെടുത്തുന്നതിനും അടൂരിലെ 66 കെവി സബ്‌സ്റ്റേഷന്‍ 25 മെഗാവാട്ട് ശേഷിയുള്ള 110 കെവി സബ്‌സ്റ്റേഷനായി ഉയര്‍ത്തുന്നു. ഇതിന്റെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ അടൂര്‍ ടിബി ജംക്ഷനു സമീപത്തുള്ള 66 കെവി സബ്‌സ്റ്റേഷനില്‍ പുരോഗമിക്കുന്നു. ഇതുവരെ 60% പണികള്‍ പൂര്‍ത്തിയായി. അടുത്ത ഡിസംബറോടെ 110 കെവി സ്റ്റേഷനായി മാറ്റുന്ന തരത്തിലാണ് നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നത്.10 മെഗാവാട്ട് ശേഷിയുള്ള 2 ട്രാന്‍സ്‌ഫോമറുകളാണ് നിലവില്‍ സബ് സ്റ്റേഷനില്‍ ഉള്ളത്. ഇനി അതു മാറ്റി 12.5 മെഗാവാട്ട് ശേഷിയുള്ള 2 പുതിയ ട്രാന്‍സ്‌ഫോമറുകളാണ് സ്ഥാപിക്കുന്നത്.
ഈ ട്രാന്‍സ്‌ഫോമറുകളില്‍ നിന്ന് പന്ത്രണ്ട് 11 കെവി ലൈനുകളിലൂടെയാണ് വൈദ്യുതി വിതരണം ചെയ്യുന്നത്. പുതിയ ട്രാന്‍സ്‌ഫോമറുകള്‍ സ്ഥാപിക്കുന്നതിന് മുന്നോടിയായുള്ള പണികളാണ് സബ് സ്റ്റേഷനില്‍ പുരോഗമിക്കുന്നത്. 11.63 കോടി രൂപയാണ് സബ്‌സ്റ്റേഷനിലെ പണികള്‍ക്കായി മാത്രം അനുവദിച്ചിരിക്കുന്നത്. 2017ലാണ് നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയത്.110 കെവി സബ്‌സ്റ്റേഷനായി മാറ്റുന്നതിന് പത്തനംതിട്ടയില്‍ നിന്ന് അടൂരിലേക്ക് 12.5 കിലോമീറ്റര്‍ ദൂരത്തില്‍ 45 ടവറുകള്‍ സ്ഥാപിച്ചാണ് ലൈന്‍ വലിക്കുന്നത്.
ഇതില്‍ 25 ടവറുകള്‍ സ്ഥാപിച്ചു കഴിഞ്ഞു. ഇതു കൂടാതെ ഏനാത്ത്, ഇടപ്പോണ്‍ സബ് സ്റ്റേഷനിലേക്കും ലൈനുകള്‍ വലിക്കുന്നുണ്ട്.1979ല്‍ സ്ഥാപിച്ച നിലവിലെ 66 കെവി സബ്‌സ്റ്റേഷന്‍ 110 കെവി സബ്‌സ്റ്റേഷനായി മാറുമ്പോള്‍ ഇതിന്റെ പ്രയോജനം ലഭിക്കുന്നത് അടൂര്‍ നഗരസഭയിലെയും ഏനാദിമംഗലം, ഏഴംകുളം, കൊടുമണ്‍, ഏറത്ത്, പള്ളിക്കല്‍, കടമ്പനാട് പഞ്ചായത്തുകളിലെയും ജനങ്ങള്‍ക്കാണ്. കൂടാതെ സബ് സ്റ്റേഷന്റെ പരിധിയിലുള്ള വ്യവസായ മേഖലകളില്‍ തടസ്സമില്ലാതെ വൈദ്യുതി നല്‍കാനും കൂടുതല്‍ പുതിയ കണക്ഷനുകള്‍ കൊടുക്കാനും സാധിക്കും. സബ്‌സ്റ്റേഷന്റെ ശേഷി കൂട്ടുന്നത് നിലവിലെ വോള്‍ട്ടേജ് ക്ഷാമത്തിനു പരിഹാരമാവുകയും ചെയ്യും.
Your comment?