അണികള്‍ സാമൂഹിക അകലം പാലിക്കാത്തതിനെത്തുടര്‍ന്ന് പരിപാടി പൂര്‍ത്തിയാക്കാതെ സുരേഷ് ഗോപി എംപി മടങ്ങി
കൊട്ടാരക്കര: ആവര്‍ത്തിച്ച് ആവശ്യപ്പെട്ടിട്ടും അണികള്‍ സാമൂഹിക അകലം പാലിക്കാത്തതിനെത്തുടര്‍ന്ന് പരിപാടി പൂര്‍ത്തിയാക്കാതെ സുരേഷ് ഗോപി എംപി മടങ്ങി. ഇന്നലെ ഉച്ചയ്ക്ക് 3 മണിയോടെ കൊട്ടാരക്കര മാര്‍ത്തോമ്മാ ജൂബിലി മന്ദിരം ഹാളിലായിരുന്നു ചടങ്ങ്.
പ്രധാനമന്ത്രിയുടെ ജന്മദിനാഘോഷത്തിന്റെ ഭാഗമായുള്ള ബിജെപിയുടെ സ്മൃതികേരം പദ്ധതിയില്‍ 71 പേര്‍ക്കു തെങ്ങിന്‍തൈകള്‍ വിതരണം ചെയ്യാനാണ് സുരേഷ് ഗോപി എത്തിയത്. കാറില്‍ നിന്ന് ഇറങ്ങുന്നതു മുതല്‍ നേതാക്കളും പ്രവര്‍ത്തകരും തിക്കും തിരക്കും കൂട്ടി.സാമൂഹിക അകലം പാലിച്ചില്ലെങ്കില്‍ മടങ്ങുമെന്ന മുന്നറിയിപ്പോടെയാണ് സുരേഷ് ഗോപി കാറില്‍ നിന്ന് ഇറങ്ങിയതു തന്നെ.
കാലം ചെയ്ത ഡോ. ഫിലിപ്പോസ് മാര്‍ ക്രിസോസ്റ്റം മാര്‍ത്തോമ്മാ വലിയ മെത്രാപ്പൊലീത്തയുടെ പേരില്‍ ജൂബിലിമന്ദിരം വളപ്പില്‍ ഓര്‍മമരമായി തെങ്ങിന്‍തൈ നട്ടായിരുന്നു ചടങ്ങുകള്‍ക്കു തുടക്കം. തുടര്‍ന്ന് ജൂബിലി മന്ദിരം ഹാളില്‍ പൊതു ചടങ്ങിനെത്തി. അവിടെയും പ്രവര്‍ത്തകര്‍ തിക്കും തിരക്കും കൂട്ടി.
പല തവണ ആവശ്യപ്പെട്ടെങ്കിലും അകന്നു നില്‍ക്കാന്‍ പ്രവര്‍ത്തകര്‍ തയാറായില്ല. ഇതിനിടെ ഭിന്നശേഷിക്കാരായ 2 പേര്‍ക്ക് സുരേഷ് ഗോപി തെങ്ങിന്‍ തൈ വിതരണം ചെയ്തു. സീറ്റുകളിലിരിക്കാനും സാമൂഹിക അകലം പാലിക്കാനും വീണ്ടും അഭ്യര്‍ഥിച്ചു.
വേദിയിലുണ്ടായിരുന്ന നേതാക്കളും മൈക്കിലൂടെ അഭ്യര്‍ഥന നടത്തി. എന്നിട്ടും അണികള്‍ അനുസരിക്കാതെ വന്നതോടെ വേദിയില്‍ കയറാനോ പ്രസംഗിക്കാനോ തയാറാകാതെ സുരേഷ് ഗോപി കാറില്‍ കയറി മടങ്ങുകയായിരുന്നു. ബിജെപി ഭാരവാഹികള്‍ പിന്നീട് ചടങ്ങുകള്‍ പൂര്‍ത്തിയാക്കി.
ബിജെപി അധ്യക്ഷപദം: അഭ്യൂഹം തള്ളി സുരേഷ് ഗോപി
തിരുവനന്തപുരം ബിജെപി സംസ്ഥാന അധ്യക്ഷ സ്ഥാനത്തേക്കു താന്‍ വന്നേക്കുമെന്ന അഭ്യൂഹങ്ങള്‍ക്ക് അടിസ്ഥാനമില്ലെന്നു സുരേഷ് ഗോപി എംപി വ്യക്തമാക്കി. പാര്‍ട്ടി നേതൃസ്ഥാനത്തേക്കു വരാന്‍ നല്ല പാടവമുള്ളവര്‍ക്കാണു സാധിക്കുക. താന്‍ സാധാരണ പ്രവര്‍ത്തകനായി തുടരും. പാര്‍ട്ടിക്കു ഖ്യാതിയുണ്ടാക്കുന്ന രീതിയില്‍ പ്രവര്‍ത്തനങ്ങള്‍ നടത്തുമെന്നും അദ്ദേഹം പറഞ്ഞു.
കേരളത്തില്‍ പ്രവര്‍ത്തനരംഗത്തു സുരേഷ് ഗോപി സജീവമായതോടെയാണു സംസ്ഥാന അധ്യക്ഷസ്ഥാനത്തേക്ക് അദ്ദേഹം വരാന്‍ പോകുന്നെന്ന പ്രചാരണമുണ്ടായത്.
Your comment?