അടൂരില്‍ ചവറ എംഎല്‍എ സുജിത് വിജയന്‍പിള്ളയുടെ പിതൃസഹോദരന്റെ മകനെ കാര്‍ തടഞ്ഞ് കൊള്ളയടിച്ചു
അടൂര്‍: ചവറ എംഎല്‍എ സുജിത് വിജയന്‍പിള്ളയുടെ പിതൃസഹോദരന്റെ മകനെ കാര്‍ തടഞ്ഞ് കൊള്ളയടിച്ചു. ഒരാളെ നാട്ടുകാര്‍ പിടികൂടി പൊലീസിന് കൈമാറി. മരുതിമൂട് പള്ളിക്ക് സമീപം വെള്ളിയാഴ്ച രാത്രി ഒമ്പതരയോടെയാണ് സംഭവം. സുജിത്തിന്റെ പിതാവ് വിജയന്‍ പിള്ളയുടെ അനുജന്‍ ചന്ദ്രന്‍ പിള്ളയുടെ മകന്‍ ശൈലേഷ് ചന്ദ്രന്‍പിള്ള ആണ് കൊള്ളയടിക്കപ്പെട്ടത്.
പുനലൂരില്‍ ആക്സിസ് ബാങ്ക് മാര്‍ക്കറ്റിങ് വിഭാഗത്തില്‍ ജോലി ചെയ്യുന്ന ശൈലേഷ് വീട്ടിലേക്ക് മടങ്ങും വഴി കെപി റോഡില്‍ മരുതിമൂട് ജങ്ഷന് സമീപം വച്ച് ഒരാള്‍ കാറിന് കുറുകെ ചാടി. ശൈലേഷ് കാര്‍ വെട്ടിച്ചപ്പോള്‍ സമീപത്ത് പാര്‍ക്ക് ചെയ്തിരുന്ന മറ്റൊരു വാഹനത്തില്‍ ഉരഞ്ഞു. ഇതു നോക്കാന്‍ വേണ്ടി ശൈലേഷ് വെളിയില്‍ ഇറങ്ങിയപ്പോള്‍ ഓടി വന്ന രണ്ടു പേര്‍ കഴുത്തില്‍ കത്തി വച്ച് കൊള്ളയടിക്കുകയായിരുന്നു.
പഴ്സും അതിലുണ്ടായിരുന്ന 4500 രൂപയും കൈയിലുണ്ടായിരുന്ന മൊബൈല്‍ ഫോണും കവര്‍ച്ചക്കാര്‍ പിടിച്ചു വാങ്ങി. കഴുത്തില്‍ കിടന്ന ബാങ്കിന്റെ ഐഡന്റിറ്റി കാര്‍ഡ് നശിപ്പിച്ചു. ബഹളം കേട്ട് നാട്ടുകാര്‍ ഓടി വന്നപ്പോഴേക്കും കവര്‍ച്ചക്കാരില്‍ ഒരാള്‍ ഓടി രക്ഷപ്പെട്ടു. ഇടത്തിട്ട സ്വദേശി സൂരജ് നാട്ടുകാരുടെ പിടിയിലായി. ഇയാളെ പൊലീസിന് കൈമാറി. പറക്കോട് സ്വദേശി ഉമേഷ് കൃഷ്ണനാണ് തനിക്കൊപ്പം ഉണ്ടായിരുന്നത് എന്ന് സൂരജ് പൊലീസിന് മൊഴി നല്‍കി. ഇയാള്‍ക്കായി പൊലീസ് നേരം പുലരുന്നതു വരെ തെരച്ചില്‍ നടത്തിയെങ്കിലും കിട്ടിയില്ല.
കവര്‍ച്ച ചെയ്ത പണവും മൊബൈലും ഉമേഷിന്റെ കൈയിലാണുള്ളത്. സ്ഥിരം മോഷ്ടാവും കൊടുംക്രിമിനലുമാണ് ഉമേഷ്. മദ്യപിക്കാനായിട്ടാണ് താന്‍ അയാള്‍ക്കൊപ്പം വന്നതെന്ന് സൂരജ് പറഞ്ഞു. ഉമേഷിന്റെ സഹോദരന്‍ ഉല്ലാസും മോഷ്ടാവും ക്രിമിനല്‍ കേസ് പ്രതിയുമാണ്. സുജിത്ത് എംഎല്‍എ ഇടപെട്ടതിനെ തുടര്‍ന്ന് പൊലീസ് സംവിധാനങ്ങള്‍ കൃത്യമായി പ്രവര്‍ത്തിച്ചുവെങ്കിലും കൂട്ടു പ്രതിയെ കിട്ടിയിട്ടില്ല.
വാഹനം നിര്‍ത്താന്‍ വേണ്ടി പ്രതികള്‍ മനഃപൂര്‍വം റോഡിന് കുറുകേ ചാടിയതാണെന്ന് കരുതുന്നു. അതിന് ശേഷം നാടകം നടത്തി പണം കൊള്ളയടിക്കുകയായിരുന്നു.
Your comment?