ഏതു ശാസ്ത്രജ്ഞരെയും ‘ഒറ്റനോട്ടത്തില്‍’ തിരിച്ചറിഞ്ഞു നേട്ടങ്ങള്‍ എണ്ണിപ്പറയുന്ന ശൂരനാട് സ്വദേശി 5 വയസ്സുകാരി
അബുദാബി: ഏതു ശാസ്ത്രജ്ഞരെയും ‘ഒറ്റനോട്ടത്തില്‍’ തിരിച്ചറിഞ്ഞു നേട്ടങ്ങള്‍ എണ്ണിപ്പറയുന്ന 5 വയസ്സുകാരിക്ക് റെക്കോര്‍ഡിന്റെ തിളക്കം. ചിത്രങ്ങള്‍ നോക്കി ശാസ്ത്രജ്ഞരുടെ പേരു പറയാനും കണ്ടുപിടിത്തങ്ങള്‍ വിവരിക്കാനും കഴിയുന്ന കൊച്ചു മഹാലക്ഷ്മിയുടെ വലിയ കഴിവുകള്‍ ഇവിടെയും അവസാനിക്കുന്നില്ല.എല്ലാ നൃത്തരൂപങ്ങളും കാണാപ്പാഠം.
ചോദിച്ചയുടന്‍ മുദ്രകള്‍ കുഞ്ഞുവിരലുകളില്‍ വിടരുകയായി. അബുദാബി സണ്‍റൈസ് ഇംഗ്ലിഷ് പ്രൈവറ്റ് സ്‌കൂളിലെ കെജി-2 വിദ്യാര്‍ഥിനിയും കൊല്ലം ശൂരനാട് പടിഞ്ഞാറ്റേമുറി സ്വദേശിയുമായ മഹാലക്ഷ്മി ആനന്ദാണ് ഈ കൊച്ചുമിടുക്കി. അഞ്ചാം വയസ്സില്‍ മഹാലക്ഷ്മി 2 മാസം കൊണ്ട് നേടിയത് 2 വിഭാഗങ്ങളിലായി 5 ലോക റെക്കോര്‍ഡ് ഉള്‍പ്പെടെ 7 പുരസ്‌കാരങ്ങള്‍.
അബുദാബിയില്‍ മെക്കാനിക്കല്‍ എന്‍ജിനീയറായ ആനന്ദ്കുമാറിന്റെയും സിവില്‍ എന്‍ജിനീയര്‍ നീന ആനന്ദിന്റെയും ഏക മകളാണ്. കുഞ്ഞുപ്രായത്തില്‍ ലോക പ്രശസ്ത ശാസ്ത്രജ്ഞന്മാരോടായിരുന്നു മഹാലക്ഷ്മിയുടെ കൂട്ട്. ചിത്രം കാണിച്ചാല്‍ ശാസ്ത്രജ്ഞന്മാരുടെ പേരും കണ്ടുപിടിത്തങ്ങളും നിമിഷങ്ങള്‍ക്കകം പറയും. ഒരു മിനിറ്റിനകം 44 ശാസ്ത്രഞ്ജന്മാരെ തിരിച്ചറിഞ്ഞ് കണ്ടുപിടിത്തങ്ങള്‍ പറഞ്ഞാണ് ബ്രിട്ടിഷ് വേള്‍ഡ് റെക്കോര്‍ഡ് നേടിയത്.
ഈ വിഭാഗത്തില്‍ ഇന്റര്‍നാഷനല്‍ ബുക്ക് ഓഫ് റെക്കോര്‍ഡ്‌സും ഇന്ത്യ ബുക്ക് ഓഫ് റെക്കോര്‍ഡ്‌സും സ്വന്തമാക്കി. 55 ഭരതനാട്യ മുദ്രകള്‍ വേഗത്തില്‍ അവതരിപ്പിച്ച പ്രായം കുറഞ്ഞ ബാലിക എന്ന റെക്കോര്‍ഡും ഈ കുരുന്നു പ്രതിഭയ്ക്കു സ്വന്തം. ധ്യാന ശ്ലോകം, ശിരോ ബേദം, പഞ്ചഹസ്ത മുദ്രകള്‍ എന്നിവ 57 സെക്കന്‍ഡിനുളളില്‍ അവതരിപ്പിച്ച് ഇന്ത്യ ബുക് ഓഫ് റെക്കോര്‍ഡ്‌സ്, ഇന്റര്‍നാഷനല്‍ ബുക് ഓഫ് റെക്കോര്‍ഡ്‌സ്, ബ്രിട്ടിഷ് വേള്‍ഡ് റെക്കോര്‍ഡ്‌സ്, ചാംപ്യന്‍ ബുക് ഓഫ് റെക്കോര്‍ഡ്‌സ് എന്നീ പുരസ്‌കാരങ്ങള്‍ സ്വന്തമാക്കി.
ഒന്നര വയസിലാണ് കുഞ്ഞിന്റെ ഓര്‍മശക്തി തിരിച്ചറിഞ്ഞത്. ഒരിക്കല്‍ പറഞ്ഞുകൊടുത്ത കാര്യം എപ്പോള്‍ ചോദിച്ചാലും പെട്ടെന്നു പറയുന്നത് കണ്ടാണ് അമ്മ നീന പ്രോത്സാഹിപ്പിച്ചത്. മഹാലക്ഷ്മിക്ക് ഇത് കളികള്‍ക്കിടയിലെ ഒരു കളി മാത്രം. കുത്തിയിരുന്ന് വായിച്ചും എഴുതിയും പഠിക്കാനൊന്നും കിട്ടില്ല. ഇഷ്ടമുള്ളപ്പോള്‍ അമ്മയുടെ അടുത്തെത്തി പറഞ്ഞുകൊടുക്കാനാവശ്യപ്പെടും.
ഒറ്റത്തവണ ചിത്രം കണ്ടാലും വിശദാംശങ്ങള്‍ കേട്ടാലും മഹാലക്ഷ്മിയുടെ കുഞ്ഞ മനസ്സില്‍ അവ ഭദ്രം. മൂന്നര വയസ്സു മുതല്‍ ശാസ്ത്രജ്ഞരെ അക്ഷരമാലാ ക്രമത്തില്‍ അവതരിപ്പിക്കുമായിരുന്നു. എന്നാല്‍ അടുത്തിടെ ലോക റെക്കോര്‍ഡ് നേടിയ 8 വയസ്സുകാരന്റെ പത്രവാര്‍ത്ത കണ്ട ശേഷമാണ് റെക്കോര്‍ഡ്‌സിന് അയച്ചതും അംഗീകാരം ലഭിച്ചതുമെന്ന് അമ്മ നീന പറയുന്നു.
Your comment?