സ്വകാര്യ ബസ് തൊഴിലാളികള്‍ക്കും അഭിഭാഷകര്‍ക്കും വാക്സിനേഷനില്‍ മുന്‍ഗണന
തിരുവനന്തപുരം: സംസ്ഥാനത്ത് സ്വകാര്യ ബസ് തൊഴിലാളികള്‍ക്ക് വാക്സിനേഷനില്‍ മുന്‍ഗണന നല്‍കും. ഹൈക്കോടതി നര്‍ദ്ദേശ പ്രകാരം അഭിഭാഷകരെയും അവിടത്തെ മറ്റ് ഉദ്യോഗസ്ഥര്‍മാരെയും വാക്സിനേഷന്‍ മുന്‍ഗണനാ വിഭാഗത്തില്‍പ്പെടുത്തുമെന്ന് കോവിഡ് അവലോകനയോഗത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു.
സ്വകാര്യ ആശുപത്രികള്‍ക്ക് വാക്സിനേഷന്‍ പ്രവര്‍ത്തനങ്ങള്‍ക്ക് വേണ്ട സഹായം നല്‍കും. അതാത് ജില്ലകളിലെ സ്വകാര്യ ആശുപത്രികളെ വാക്സിനേഷന്‍ പ്രവര്‍ത്തനങ്ങളില്‍ ഉപയോഗപ്പെടുത്താന്‍ മുഖ്യമന്ത്രി നിദ്ദേശിച്ചു. വയോജനങ്ങളുടെ വാക്സിനേഷന്‍ കാര്യത്തില്‍ നല്ല പുരോഗതിയുണ്ട്. അവശേഷിക്കുന്നവര്‍ക്ക് കൂടി ഉടന്‍ കൊടുത്തു തീര്‍ക്കും.
സി കാറ്റഗറി കോവിഡ് രോഗികളെ ചികിത്സിക്കുന്ന സ്ഥലങ്ങളില്‍ റസ്പിറേറ്ററി തെറാപ്പിസ്റ്റുകളെ നിയോഗിക്കേണ്ടതുണ്ടോ എന്ന് പരിശോധിക്കാന്‍ വിദഗ്ദ്ധസമിതിയോടും ആരോഗ്യവകുപ്പിനോടും മുഖ്യമന്ത്രി നിര്‍ദ്ദേശിച്ചു. കുട്ടികളിലെ കോവിഡ് ബാധയെപറ്റി ശാസ്ത്രീയമായി പരിശോധിക്കും.
വിദേശ രാജ്യങ്ങളില്‍ കോവാക്സിന് അംഗീകാരം ലഭ്യമല്ലാത്തതിനാല്‍ രണ്ട് ഡോസ് കോവാക്സിന്‍ എടുത്തവര്‍ക്ക് വിദേശ യാത്ര ചെയ്യാനുള്ള അവസരമൊരുക്കാന്‍ എന്ത് ചെയ്യാനാകുമെന്ന് പരിശോധിക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
Your comment?