ഓസ്‌ട്രേലിയയില്‍ ജയിച്ച അതേ ടീം കിവീസിനോടു തോറ്റു

മുംബൈ: പ്രഥമ ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പിന്റെ ഫൈനലില്‍ ഇന്ത്യയേക്കാള്‍ വിജയ സാധ്യത കൂടുതല്‍ ന്യൂസീലന്‍ഡിനാണെന്ന വിലയിരുത്തലുമായി ഇന്ത്യയുടെ മുന്‍ താരവും കമന്റേറ്ററുമായ ആകാശ് ചോപ്ര. ഓസ്‌ട്രേലിയയില്‍ പോയി ഐതിഹാസിക വിജയം നേടിയ അതേ ഇന്ത്യന്‍ ടീം ന്യൂസീലന്‍ഡിനെതിരെ രണ്ടു ടെസ്റ്റുകളും തോറ്റ് പരമ്പര കൈവിട്ട കാര്യം ചൂണ്ടിക്കാട്ടിയാണ് ചോപ്രയുടെ വിലയിരുത്തല്‍. ഇന്ത്യയ്ക്കു മുന്‍പേ ഇംഗ്ലണ്ടിലെത്തിയ ന്യൂസീലന്‍ഡ് ടീം, ഫൈനലിനു മുന്നോടിയായി ഇംഗ്ലണ്ടിനെതിരെ അവിടെ കളിക്കാനിറങ്ങുന്നതും അവര്‍ക്ക് ഗുണം ചെയ്യുമെന്ന് ചോപ്ര അഭിപ്രായപ്പെട്ടു.
ജൂണ്‍ 18 മുതല്‍ സതാംപ്ടണിലാണ് ഇന്ത്യ-ന്യൂസീലന്‍ഡ് ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പ് ഫൈനല്‍ പോരാട്ടം അരങ്ങേറുന്നത്. ഇതിനു മുന്നോടിയായി ഇംഗ്ലണ്ടിനെതിരെ ന്യൂസീലന്‍ഡ് രണ്ടു ടെസ്റ്റുകള്‍ ഉള്‍പ്പെടുന്ന പരമ്പര കളിക്കുന്നുണ്ട്. ആദ്യ ടെസ്റ്റ് ജൂണ്‍ രണ്ടിന് ലോര്‍ഡ്‌സില്‍ ആരംഭിക്കും.
‘ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പ് ഫൈനലില്‍ ഇന്ത്യയുടെ സാധ്യതകള്‍ പൂര്‍ണമായും തള്ളിക്കളയുകയല്ല. പക്ഷേ, 55-45 എന്ന നിലയില്‍ മുന്‍തൂക്കം തീര്‍ച്ചയായും ന്യൂസീലന്‍ഡിനു തന്നെയാണ്. അവര്‍ ടെസ്റ്റ് റാങ്കിങ്ങില്‍ രണ്ടാമതാണെങ്കിലും സ്വന്തം നാട്ടില്‍ മികച്ച പ്രകടനം കാഴ്ച വയ്ക്കുന്നവരാണ്. മാത്രമല്ല, ടെസ്റ്റ് നടക്കുന്ന സതാംപ്ടണില്‍ ഇന്ത്യയേക്കാള്‍ സാഹചര്യങ്ങളുടെ മെച്ചം ലഭിക്കുക ന്യൂസീലന്‍ഡിനു തന്നെയാണ്’ – ചോപ്ര ചൂണ്ടിക്കാട്ടി.
Your comment?