അതിതീവ്ര ചുഴലിക്കാറ്റായി മാറിയ ടൗട്ടേ ഗുജറാത്തിന്റെ പടിഞ്ഞാറന്‍ തീരംതൊട്ടു
ഗാന്ധിനഗര്‍:അതിതീവ്ര ചുഴലിക്കാറ്റായി മാറിയ ടൗട്ടേ ഗുജറാത്തിന്റെ പടിഞ്ഞാറന്‍ തീരംതൊട്ടു. മണിക്കൂറില്‍ 190 കിലോമീറ്റര്‍ വേഗതയില്‍ വീശിയടിച്ച കാറ്റ് ഗുജറാത്തില്‍ നാശനഷ്ടങ്ങള്‍ വിതച്ചു. സംസ്ഥാനത്ത് മഴ തുടരുകയാണ്. കനത്ത മഴയില്‍ ഗുജറാത്തില്‍ പലയിടത്തും മണ്ണിടിച്ചില്‍ ഉണ്ടായി. വൈദ്യുതലൈനുകള്‍ പൊട്ടിവീണു, മരങ്ങള്‍ കടപുഴകി. തീരമേഖലയില്‍ ചുവപ്പ് ജാഗ്രത തുടരുകയാണ്.
അര്‍ധരാത്രിയോടെ അതിതീവ്ര ചുഴലിക്കാറ്റ് ശക്തികുറഞ്ഞ് തീവ്രതയേറിയ ചുഴലിക്കാറ്റായി രൂപാന്തരപ്പെട്ടു. ചുഴലിക്കാറ്റിന്റെ ശക്തി കുറഞ്ഞുവരുന്നതായി കാലവസ്ഥാവകുപ്പ് ട്വീറ്റ് ചെയ്തിട്ടുണ്ട്.
ദിയുവില്‍ 133 കിലോമീറ്റര്‍ വേഗതയില്‍ വീശിയടിച്ച കാറ്റില്‍ തിരമാലകള്‍ മൂന്നുമീറ്ററോളം ഉയര്‍ന്നു. കോവിഡെന്ന മഹാമാരിയുടെ രണ്ടാം തരംഗത്തിനിടയില്‍ വന്ന ടൗട്ടെ മുംബൈ നഗരത്തിന് ഇരട്ടപ്രഹരമായി. ശക്തിയായ കാറ്റും മഴയും നഗരത്തിലെ വിവിധ പ്രദേശങ്ങളില്‍ വലിയ നാശം വിതച്ചു. പുലര്‍ച്ചെ നാലു മണിയോടെ തുടങ്ങിയ മഴ ഉച്ചയോടെയാണ് ശക്തി പ്രാപിച്ചത്.
രാത്രി വൈകുവോളം ഇതേരീതിയില്‍ നീണ്ടുനിന്നു. കനത്തമഴയും കാറ്റും ഉണ്ടാകുമെന്ന മുന്നറിയിപ്പ് ലഭിച്ചതിനാല്‍തന്നെ ജനങ്ങള്‍ കാര്യമായി പുറത്തിറങ്ങിയില്ല. കാലത്ത് ചില ഓഫീസുകള്‍ തുറന്നു പ്രവര്‍ത്തിച്ചെങ്കിലും ഉച്ചയോടെതന്നെ ടൗട്ടെയുടെ രൗദ്രഭാവം കണ്ട് പൂട്ടി. എന്നാല്‍ ലോക്കല്‍ ട്രെയിന്‍ അടക്കം വാഹനങ്ങള്‍ വഴിയില്‍ കുടുങ്ങിയതിനെത്തുടര്‍ന്ന് മണിക്കൂറുകള്‍ക്കുശേഷമാണ് പലര്‍ക്കും വീടണയാന്‍ കഴിഞ്ഞത്.
കാലത്ത് എട്ടര മുതല്‍ വൈകീട്ട് നാലര വരെയുള്ള കണക്ക് പ്രകാരം കൊളാബയില്‍ 184 മില്ലിമീറ്ററും സാന്താക്രൂസില്‍ 186 മില്ലിമീറ്റര്‍ മഴയുമാണ് രേഖപ്പെടുത്തിയത്. പലയിടത്തും റോഡുകള്‍ വെള്ളത്തില്‍ മുങ്ങിയിരുന്നു. മലാഡ് സബ് വേ, അന്ധേരി, കാന്തിവ്‌ലി, ദഹിസര്‍, സാന്താക്രൂസ്, ഗാന്ധി മാര്‍ക്കറ്റ്, പരേല്‍, മാട്ടുംഗ, ഹിന്ദ്മാതാ തുടങ്ങി പലയിടത്തും വെള്ളം കെട്ടിക്കിടന്നതോടെ റോഡ് ഗതാഗതം താറുമാറായി. കനത്ത കാറ്റിനെത്തുടര്‍ന്ന് നിരവധി സ്ഥലങ്ങളില്‍ മരങ്ങള്‍ വീണും റോഡ് ഗതാഗതം തടസ്സപ്പെട്ടിരുന്നു. ഇതേത്തുടര്‍ന്ന് നിരവധി ബെസ്റ്റ് ബസുകളും വഴിയിലായി.
Your comment?