വിജയന്‍ നേതൃത്വംനല്‍കുന്ന രണ്ടാം സര്‍ക്കാരിന്റെ സത്യപ്രതിജ്ഞയ്ക്ക് ക്ഷണിക്കപ്പെട്ട 500 പേരെ മാത്രം പങ്കെടുപ്പിക്കും
തിരുവനന്തപുരം:പിണറായി വിജയന്‍ നേതൃത്വംനല്‍കുന്ന രണ്ടാം സര്‍ക്കാരിന്റെ സത്യപ്രതിജ്ഞയ്ക്ക് ക്ഷണിക്കപ്പെട്ട 500 പേരെ മാത്രം പങ്കെടുപ്പിക്കും. ഇതിനായി ലോക്ഡൗണ്‍ ചട്ടങ്ങളില്‍ ഇളവുനല്‍കി പ്രത്യേക ഉത്തരവിറക്കി.
വ്യാഴാഴ്ച മൂന്നരയ്ക്ക് സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ നടക്കുന്ന ചടങ്ങില്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ മുമ്പാകെ മുഖ്യമന്ത്രിയും മന്ത്രിമാരും സത്യപ്രതിജ്ഞ ചെയ്യും.
സത്യപ്രതിജ്ഞയ്ക്ക് ആദ്യം 750 പേരെ ക്ഷണിക്കാനാണ് ആലോചിച്ചത്. തലസ്ഥാനത്ത് ട്രിപ്പിള്‍ ലോക്ഡൗണ്‍ നിലനില്‍ക്കേ ഇത്രയുംപേര്‍ ഒത്തുകൂടുന്നതിനെതിരേ വിമര്‍ശനമുയര്‍ന്നു. തുടര്‍ന്നാണ് 500 പേര്‍ മതിയെന്നു തീരുമാനിച്ചത്. മാധ്യമപ്രവര്‍ത്തകര്‍ ഉള്‍പ്പെടെയാണിത്. പൊതുജനങ്ങള്‍ക്ക് പ്രവേശനമില്ല.
സത്യപ്രതിജ്ഞ ഇപ്പോള്‍ ആഘോഷത്തിമര്‍പ്പോടെ നടത്താനാവില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു. എന്നാല്‍, മൂന്നുകോടി ജനങ്ങളുടെ ഭാഗധേയം നിര്‍ണയിക്കുന്ന സര്‍ക്കാരിന്റെ പ്രാരംഭച്ചടങ്ങില്‍ 500 പേര്‍ എന്നത് വലിയ സംഖ്യയല്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു. 140 നിയമസഭാ സാമാജികരുണ്ട്. 29 എം.പി.മാരുണ്ട്. ജനാധിപത്യത്തിന്റെ അടിത്തൂണുകളായ ലെജിസ്ലേച്ചറിനെയും ജുഡീഷ്യറിയെയും എക്‌സിക്യുട്ടീവിനെയും മാധ്യമങ്ങളെയും ഒഴിവാക്കാനാവില്ല. ന്യായാധിപരെയും ഉദ്യോഗസ്ഥരെയും ക്ഷണിക്കണം. അസാധാരണ സാഹചര്യത്തില്‍ അസാധാരണ നടപടിയെന്ന നിലയിലാണ് എണ്ണം കുറച്ചത്. ഇതിനെ മറ്റൊരു തരത്തില്‍ ആരും ചിത്രീകരിക്കരുത് -അദ്ദേഹം അഭ്യര്‍ഥിച്ചു.
ചടങ്ങില്‍ പങ്കെടുക്കുന്നവര്‍ക്ക് 48 മണിക്കൂറിനകം എടുത്തിട്ടുള്ള കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് വേണം. അല്ലെങ്കില്‍ രണ്ട് ഡോസ് വാക്‌സിനേഷന്‍ എടുത്ത സര്‍ട്ടിഫിക്കറ്റ് വേണം. നിയുക്ത എല്‍.എല്‍.എ.മാര്‍ക്ക് ആര്‍.ടി.പി.സി.ആര്‍. ടെസ്റ്റിനുള്ള സൗകര്യം ഏര്‍പ്പെടുത്തിയിട്ടുണ്ട്. പങ്കെടുക്കുന്നവര്‍ നിര്‍ബന്ധമായും ഇരട്ട മാസ്‌ക് ധരിക്കണം. പ്രത്യേക കാര്‍ പാസുള്ളവര്‍ക്ക് മറ്റു പാസുകള്‍ ആവശ്യമില്ല.
Your comment?