ഇന്ത്യന്‍ വനിതാ ക്രിക്കറ്റിനെ നശിപ്പിക്കുന്ന സൂപ്പര്‍താര സമ്പ്രദായത്തിലേക്ക്.!

മുംബൈ: ഇന്ത്യന്‍ വനിതാ ക്രിക്കറ്റിനെ നശിപ്പിക്കുന്ന സൂപ്പര്‍താര സമ്പ്രദായത്തിലേക്ക് വിരല്‍ചൂണ്ടി സ്ഥാനമൊഴിയുന്ന ദേശീയ വനിതാ ടീം പരിശീലകന്‍ ഡബ്ല്യു.വി. രാമന്‍. ഇന്ത്യന്‍ ക്രിക്കറ്റ് കണ്‍ട്രോള്‍ ബോര്‍ഡ് (ബിസിസിഐ) പ്രസിഡന്റ് സൗരവ് ഗാംഗുലി, ദേശീയ ക്രിക്കറ്റ് അക്കാദമി (എന്‍സിഎ) അധ്യക്ഷന്‍ രാഹുല്‍ ദ്രാവിഡ് എന്നിവര്‍ക്കാണ് അപകട സൂചന നല്‍കി രാമന്‍ കത്തയച്ചത്. ദേശീയ ടീം പരിശീലക സ്ഥാനത്തുനിന്ന് രാമനെ നീക്കി മുന്‍ പരിശീലകന്‍ രമേഷ് പൊവാറിനെ കൊണ്ടുവരാന്‍ ബിസിസിഐ തീരുമാനിച്ചിരുന്നു. ഇതിനു പിന്നാലെയാണ് ടീമിനെക്കുറിച്ചുള്ള വിമര്‍ശനാത്മകമായ വിലയിരുത്തലുകളുമായി രാമന്‍ കത്തയച്ചത്.
ഇന്ത്യന്‍ വനിതാ ടീമിന്റെ വളര്‍ച്ച മുന്‍നിര്‍ത്തി ചില മാര്‍ഗനിര്‍ദ്ദേശങ്ങള്‍ ബിസിസിഐ മുന്‍പാകെ അവതരിപ്പിക്കാന്‍ തയാറാണെന്നും രാമന്‍ ഇരുവരെയും അറിയിച്ചതായി പിടിഐ റിപ്പോര്‍ട്ട് ചെയ്തു. രാമനു കീഴില്‍ 2020ല്‍ ഇന്ത്യ വനിതാ ട്വന്റി20 ലോകകപ്പ് ഫൈനലിലെത്തിയിരുന്നു.
മുന്‍താരം മദന്‍ലാല്‍ അധ്യക്ഷനായ ഉപദേശക സമിതിയാണ് രാമനെ പരിശീലകസ്ഥാനത്തുനിന്ന് നീക്കാനും പകരം രമേഷ് പൊവാറിനെത്തന്നെ അവരോധിക്കാനും തീരുമാനിച്ചത്. മുന്‍പ് ഇന്ത്യന്‍ ടീമിനെ നയിച്ചിരുന്ന വെറ്ററന്‍ താരം മിതാലി രാജുമായി ഉടക്കിയതിനെ തുടര്‍ന്ന് രണ്ടു വര്‍ഷം മുന്‍പാണ് പൊവാറിനെ പരിശീലക സ്ഥാനത്തുനിന്ന് നീക്കിയത്.
Your comment?