ഇന്ത്യയെ സഹായിക്കാന്‍ സാമൂഹിക മാധ്യമമായ ട്വിറ്റര്‍ ഒന്നരക്കോടി ഡോളര്‍ (110 കോടി രൂപ) സംഭാവന

വാഷിങ്ടണ്‍: കോവിഡ് പ്രതിസന്ധിയില്‍ ഇന്ത്യയെ സഹായിക്കാന്‍ സാമൂഹിക മാധ്യമമായ ട്വിറ്റര്‍ ഒന്നരക്കോടി ഡോളര്‍ (110 കോടി രൂപ) സംഭാവന ചെയ്തു. സര്‍ക്കാരിതര സംഘടനകളായ കെയര്‍, എയ്ഡ് ഇന്ത്യ, സേവാ ഇന്റര്‍നാഷണല്‍ യു.എസ്.എ. എന്നിവയ്ക്കാണ് ഈ തുക കൈമാറിയത്. ട്വിറ്റര്‍ സി.ഇ.ഒ. ജാക്ക് ഡോഴ്‌സി ട്വിറ്ററിലൂടെയാണ് ഇക്കാര്യം അറിയിച്ചത്.
കെയറിന് ഒരുകോടി ഡോളറും എയ്ഡ് ഇന്ത്യക്കും സേവാ ഇന്റര്‍നാഷണല്‍ യു.എസ്.എ.ക്കും 25 ലക്ഷം ഡോളറും വീതമാണ് നല്‍കിയത്. സേവാ ഇന്റര്‍നാഷണലിന്റെ ‘ഇന്ത്യയെ സഹായിക്കൂ, കോവിഡിനെ തോല്‍പ്പിക്കൂ’ പ്രചാരണം വഴി ഓക്സിജന്‍ കോണ്‍സെന്‍ട്രേറ്ററുകള്‍, വെന്റിലേറ്ററുകള്‍ തുടങ്ങി കോവിഡ് പ്രതിരോധ ഉപകരണങ്ങള്‍ ലഭ്യമാക്കാന്‍ ഈ ഫണ്ട് ഉപയോഗിക്കുമെന്ന് സേവാ ഇന്റര്‍നാഷണല്‍ മാര്‍ക്കറ്റിങ് ആന്‍ഡ് ഫണ്ട് ഡെവലപ്മെന്റ് വൈസ് പ്രസിഡന്റ് സന്ദീപ് ഖഡ്കേക്കര്‍ പറഞ്ഞു.
ഈ ഫണ്ട് കൂടാതെ ഇന്ത്യക്കായി 1.75 കോടി ഡോളറിന്റെ ഫണ്ട് സ്വരൂപിച്ചതായും അദ്ദേഹം പറഞ്ഞു. ആഗോള ദാരിദ്ര്യത്തിനെതിരേ പോരാടുന്ന സംഘടനയായ കെയര്‍ തങ്ങള്‍ക്കു ലഭിച്ച ഫണ്ട് ഉപയോഗിച്ച് സര്‍ക്കാരുമായി സഹകരിച്ച് ഇന്ത്യയില്‍ താത്കാലിക കോവിഡ് സെന്ററുകള്‍ സ്ഥാപിച്ച് കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുമെന്ന് അറിയിച്ചു. ഇന്ത്യയിലെ ഗ്രാമങ്ങളില്‍ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കുമെന്ന് അസോസിയേഷന്‍ ഫോര്‍ ഇന്ത്യ ഡെവലപ്മെന്റും (എയ്ഡ്) വ്യക്തമാക്കി.
Your comment?