ഇന്നു മുതല്‍ ഞായര്‍ വരെ ലോക്ഡൗണിനു സമാനമായ കര്‍ശന നിയന്ത്രണം
തിരുവനന്തപുരം: കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തില്‍ സംസ്ഥാനത്ത് ഇന്നു മുതല്‍ ഞായര്‍ വരെ ലോക്ഡൗണിനു സമാനമായ കര്‍ശന നിയന്ത്രണം. എല്ലാ കേന്ദ്ര, സംസ്ഥാന ഓഫിസുകളും സ്വകാര്യ സ്ഥാപനങ്ങളും ആകെയുള്ള ജീവനക്കാരുടെ 25% പേരെ മാത്രം വച്ചു പ്രവര്‍ത്തിക്കണമെന്നു സര്‍ക്കാര്‍ ഉത്തരവിറക്കി. ബാക്കിയുള്ളവര്‍ വര്‍ക് ഫ്രം ഹോം രീതി സ്വീകരിക്കണം. ഇത് ഇന്നു മുതല്‍ നടപ്പാകും. പൊതുമേഖലാ സ്ഥാപനങ്ങള്‍ക്കും ഇതു ബാധകമാണ്. അവശ്യമേഖലകള്‍ക്ക് ഇതില്‍ ഇളവുണ്ട്.
ഇന്നു മുതല്‍ ഞായര്‍ വരെ അത്യാവശ്യങ്ങള്‍ക്കൊഴികെ വാഹനങ്ങള്‍ നിരത്തിലിറക്കരുത്. ആള്‍ക്കൂട്ടം പാടില്ല. കടയുടമകളും ജീവനക്കാരും ഇരട്ട മാസ്‌ക്കും കയ്യുറകളും നിര്‍ബന്ധമായും ധരിക്കണമെന്നും ചീഫ് സെക്രട്ടറി വി.പി.ജോയിയുടെ ഉത്തരവില്‍ നിര്‍ദേശിച്ചു. ലംഘിച്ചാല്‍ കേസെടുക്കും. നടപടികള്‍ ശക്തമാക്കാന്‍ കൂടുതല്‍ പൊലീസിനെ നിയോഗിച്ചു.
വാരാന്ത്യ നിയന്ത്രണങ്ങളില്‍ നിന്ന് ഒരു പടി കൂടി കടന്നുള്ള നിയന്ത്രണങ്ങളാണു നടപ്പാക്കുന്നതെന്നു മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. വെള്ളിയാഴ്ചയോടെ സ്ഥിതി വിലയിരുത്തി ലോക്ഡൗണ്‍ വേണോ എന്ന തീരുമാനമെടുക്കും.
Your comment?