ബിജെപി പ്രതീക്ഷ 12 സീറ്റില്‍, ആറെന്ന് ആര്‍എസ്എസ്
തിരുവനന്തപുരം: ആര്‍എസ്എസിന്റെ കണക്കില്‍ സംസ്ഥാനത്തു ബിജെപിക്കു ജയസാധ്യത 6 സീറ്റില്‍. അതേസമയം 12 വരെ സീറ്റിലാണു ബിജെപിയുടെ പ്രതീക്ഷ. തിരഞ്ഞെടുപ്പു വിശകലനത്തിനു ചേര്‍ന്ന ബിജെപി കോര്‍ കമ്മിറ്റി യോഗം ആര്‍എസ്എസ് കൈമാറിയ റിപ്പോര്‍ട്ടും വിലയിരുത്തി. അഞ്ചിലേറെ സീറ്റ് ബിജെപി പിടിച്ചാല്‍ സംസ്ഥാനത്തു തൂക്കു മന്ത്രിസഭയാകും ഉണ്ടാകുകയെന്നാണു ബിജെപി കണക്കുകൂട്ടുന്നത്.
നേമം മണ്ഡലത്തില്‍ കുമ്മനം രാജശേഖരന്റെ ഭൂരിപക്ഷം 5000 മുതല്‍ 11,000 വരെയെത്തുമെന്നാണ് ആര്‍എസ്എസ് റിപ്പോര്‍ട്ട്. മഞ്ചേശ്വരത്തു കെ.സുരേന്ദ്രന് 1500 വോട്ടിനു മുകളില്‍ ഭൂരിപക്ഷം. കഴക്കൂട്ടത്തും തൃശൂരും വട്ടിയൂര്‍ക്കാവിലും 1000 വോട്ടിന്റെയെങ്കിലും ഭൂരിപക്ഷത്തില്‍ മുന്നിലെത്തുമെന്നും പാലക്കാട് ഇ.ശ്രീധരന്‍ 2500 വോട്ടിനെങ്കിലും വിജയിക്കുമെന്നുമാണ് ആര്‍എസ്എസ് വിലയിരുത്തല്‍.
കൂടാതെ മലമ്പുഴ, കാസര്‍കോട്, ചാത്തന്നൂര്‍, മണലൂര്‍, കാട്ടാക്കട, കോഴിക്കോട് നോര്‍ത്ത് എന്നിവിടങ്ങളിലും ബിജെപി ജില്ലാ കമ്മിറ്റികളും സംസ്ഥാന നേതൃത്വവും പ്രതീക്ഷയര്‍പ്പിക്കുന്നു. കാസര്‍കോടും മഞ്ചേശ്വരത്തും ന്യൂനപക്ഷ വിഭാഗത്തിന്റെ പോളിങ് ശതമാനത്തില്‍ വന്ന കുറവാണു ബിജെപിയുടെ വിജയസാധ്യതയ്ക്കു കളമൊരുക്കുന്നതായി കാണുന്നത്. ഒന്നാം സ്ഥാനത്ത് അല്ലെങ്കില്‍ രണ്ടാം സ്ഥാനത്ത് എത്താവുന്നത്ര ശക്തമായ പ്രവര്‍ത്തനവും വോട്ടു ശേഖരണവും 22- 25 മണ്ഡലങ്ങളില്‍ നടന്നതായി കോര്‍ കമ്മിറ്റി വിലയിരുത്തി.
നേമം മണ്ഡലത്തില്‍ ഇടതുപക്ഷത്തേക്കു മാത്രം പോകുമായിരുന്ന ന്യൂനപക്ഷ വോട്ടുകള്‍ കെ.മുരളീധരന്റെ വരവോടെ രണ്ടായി തിരിഞ്ഞുവെന്നും അതാണു ബിജെപിയുടെ ജയസാധ്യത ഉയര്‍ത്തിയതെന്നുമാണു കണ്ടെത്തല്‍. കഴക്കൂട്ടത്തും വട്ടിയൂര്‍ക്കാവിലും കാട്ടാക്കടയിലും കോണ്‍ഗ്രസ് വോട്ടുകളും ലഭിച്ചിട്ടുണ്ടെന്നു കരുതുന്നു. തലശേരിയിലും ഗുരുവായൂരിലും സ്ഥാനാര്‍ഥിയില്ലാതെ പോയതു പ്രവര്‍ത്തകരിലുണ്ടാക്കിയ നിരാശ മറികടക്കാന്‍ ഇവിടെ സംഘടനാ പ്രവര്‍ത്തനം ശക്തമാക്കാന്‍ ദേശീയ നേതൃത്വം നിര്‍ദേശിച്ചിട്ടുണ്ട്.
Your comment?