കോവിഡ് മരണങ്ങള്‍: രാജ്യത്തെ ശ്മശാനങ്ങളില്‍ മൃതദേഹങ്ങള്‍ കുന്നുകൂടുന്നു
ന്യൂഡല്‍ഹി: കോവിഡ് മരണങ്ങള്‍ പെരുകിയതോടെ രാജ്യത്തെ ശ്മശാനങ്ങളില്‍ മൃതദേഹങ്ങള്‍ കുന്നുകൂടുന്നു. ഡല്‍ഹി, ലഖ്‌നൗ, അഹമ്മദാബാദ് ഉള്‍പ്പെടെയുള്ള നഗരങ്ങളില്‍ ദിവസം 15-20 മൃതദേഹങ്ങള്‍ സംസ്‌കരിച്ചിരുന്ന ശ്മശാനങ്ങളില്‍ നൂറിലധികം മൃതദേഹങ്ങളാണ് എത്തുന്നത്. ഇതിനെ നേരിടാന്‍ മിക്ക ശ്മശാനങ്ങളും ഇടവേളകളിലാതെയാണ് പ്രവര്‍ത്തിക്കുന്നത്. ഗ്യാസ്, വൈദ്യുതി ശ്മശാനങ്ങള്‍ക്കു പുറമേ മിക്കയിടങ്ങളിലും വിറകുപയോഗിച്ചും ദഹിപ്പിച്ചുതുടങ്ങി. പെട്രോളും മണ്ണെണ്ണയുമൊക്കെ മൃതദേഹങ്ങള്‍ വേഗം കത്തിക്കാനായി ഉപയോഗിക്കുന്നതായും റിപ്പോര്‍ട്ടുണ്ട്. ഇത് പരിസരവാസികള്‍ക്ക് അസൗകര്യവും ആരോഗ്യപ്രശ്‌നങ്ങളും ഉണ്ടാക്കുന്നതായി പരാതിക്കിടയാക്കിയിട്ടുണ്ട്.
കഴിഞ്ഞ ദിവസങ്ങളില്‍ തുടര്‍ച്ചയായി നൂറിലേറെയാണ് ഡല്‍ഹിയിലെ കോവിഡ് മരണങ്ങള്‍. മരണങ്ങള്‍ പത്തിരട്ടികൂടി. തലസ്ഥാനത്തെ ഏറ്റവും വലിയ ശ്മശാനമായ നിഗം ബോധ് ഘാട്ടില്‍ ദിവസവും സംസ്‌കരിക്കപ്പെടുന്നത് നൂറിലേറെ മൃതദേഹങ്ങള്‍. ഇതില്‍ മുപ്പതിലേറെ കോവിഡ് മൃതദേഹങ്ങളാണെന്ന് ശ്മശാനം നടത്തിപ്പുകാരനായ അവധേഷ് ശര്‍മ പറഞ്ഞു. ഏപ്രില്‍ ഒന്നുമുതല്‍ അഞ്ചുവരെ ദിവസവും മൂന്നോ നാലോ മൃതദേഹങ്ങളായിരുന്നു. ഏപ്രില്‍ ആറുമുതല്‍ പത്തുവരെ ഇത് പത്തോ പന്ത്രണ്ടോ ആയി വര്‍ധിച്ചു. ഏപ്രില്‍ 12-ന് 24 കോവിഡ് മൃതദേഹങ്ങള്‍ സംസ്‌കരിച്ചു. ഏപ്രില്‍ 13-ന് 36 മൃതദേഹങ്ങളും 14-ന് 37 എണ്ണവും. ഓരോ ദിവസവും ഇതുതന്നെയാണ് സ്ഥിതി.- അവധേഷ് വിവരിച്ചു.
Your comment?