ഏകദിനത്തിലെ ഒന്നാം റാങ്ക് ആഘോഷിക്കാന്‍ 59 പന്തില്‍ 122 റണ്‍സ്
സെഞ്ചൂറിയന്‍: ബാബര്‍ അസം തകര്‍പ്പന്‍ സെഞ്ചുറിയുമായി ഒരിക്കല്‍ക്കൂടി മുന്നില്‍നിന്ന് നയിച്ചതോടെ ദക്ഷിണാഫ്രിക്കയ്ക്കെതിരായ മൂന്നാം ട്വന്റി20യില്‍ പാക്കിസ്ഥാന് തകര്‍പ്പന്‍ ജയം. ആദ്യം ബാറ്റു ചെയ്ത് 204 റണ്‍സിന്റെ കൂറ്റന്‍ വിജയലക്ഷ്യമുയര്‍ത്തി വെല്ലുവിളിച്ച ദക്ഷിണാഫ്രിക്കയെ, ഒന്‍പത് വിക്കറ്റിനാണ് പാക്കിസ്ഥാന്‍ തകര്‍ത്തുവിട്ടത്. തകര്‍ത്തടിച്ച് സെഞ്ചുറി കുറിച്ച ക്യാപ്റ്റന്‍ ബാബര്‍ അസമിന്റെ മികവില്‍ രണ്ട് ഓവര്‍ ബാക്കിനില്‍ക്കെ ഒരേയൊരു വിക്കറ്റ് നഷ്ടമാക്കിയാണ് പാക്കിസ്ഥാന്‍ വിജയത്തിലെത്തിയത്. വിരാട് കോലിയുടെ മൂന്നര വര്‍ഷത്തെ കുത്തക തകര്‍ത്ത് ഏകദിന റാങ്കിങ്ങില്‍ ഒന്നാം നമ്പര്‍ ബാറ്റ്‌സ്മാനായി മാറിയ ദിവസമാണ് അതുല്യ സെഞ്ചുറിയുമായി അസമിന്റെ ട്വന്റി20 ആഘോഷം.
ദക്ഷിണാഫ്രിക്ക ഉയര്‍ത്തിയ 204 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന പാക്കിസ്ഥാന്‍ ഒരു വിക്കറ്റ് പോലും നഷ്ടപ്പെടുത്താതെ വിജയിക്കേണ്ടതായിരുന്നു. എന്നാല്‍, വിജയത്തിന് ഏഴു റണ്‍സ് അകലെവച്ച് അസമിനെ വില്യംസ് പുറത്താക്കിയതോടെയാണ് വിജയം ഒന്‍പത് വിക്കറ്റിനായത്. അസം 59 പന്തില്‍ 122 റണ്‍സെടുത്തു. 15 ഫോറും നാലു സിക്‌സറും നിറം ചാര്‍ത്തിയ ഇന്നിങ്‌സാണ് അസമിന്റേത്. 49 പന്തില്‍ സെഞ്ചുറി തികച്ച അസം പാക്കിസ്ഥാന്‍ താരത്തിന്റെ മൂന്നാമത്തെ മാത്രം ട്വന്റി20 സെഞ്ചുറിയും അതിലെ വേഗമേറിയ സെഞ്ചുറിയും സ്വന്തം പേരിലാക്കി. ബാബര്‍ അസമാണ് കളിയിലെ കേമന്‍. ഇതോടെ നാലു മത്സരങ്ങളടങ്ങിയ പരമ്പരയില്‍ പാക്കിസ്ഥാന്‍ 2-1ന് മുന്നിലെത്തി. പരമ്പരയിലെ അവസാന മത്സരം വെള്ളിയാഴ്ച ഇതേ വേദിയില്‍ നടക്കും.
Your comment?