ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ അയ്യപ്പനെ ദര്‍ശിച്ചു
ശബരിമല: ഇരുമുടിക്കെട്ടേന്തി മലചവിട്ടി പതിനെട്ടാംപടിയും കയറി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ അയ്യപ്പനെ ദര്‍ശിച്ചു. ഉപദേവതകളേയും മാളികപ്പുറത്തമ്മയെയും തൊഴുത് തിരികെയെത്തി ഹരിവരാസനവും കേട്ടു. കണ്ണെടുക്കാതെ കണ്ടു. മനസ്സുനിറഞ്ഞു. ദര്‍ശനത്തിനുശേഷം കന്നിസ്വാമിയുടെ ആദ്യപ്രതികരണം. അച്ഛനൊപ്പമെത്തി കാനനവാസനെ കണ്ടതിന്റെ സന്തോഷത്തില്‍ തൊഴുകൈകളുമായി ഇളയമകന്‍ കബീര്‍ ആരിഫും നിന്നു.
ഞായറാഴ്ച വൈകീട്ട് നാലേകാലോടെ പമ്പയിലെത്തിയ ഗവര്‍ണര്‍ ഒരുമണിക്കൂറിന് ശേഷം ഗണപതിക്ഷേത്രത്തിലെത്തി തൊഴുതു. മേല്‍ശാന്തിമാരായ സുരേഷ് ആര്‍. പോറ്റിയും നാരായണന്‍പോറ്റിയും ചേര്‍ന്ന് മണ്ഡപത്തില്‍ അപ്പോഴേക്കും ഗവര്‍ണര്‍ക്കും മകനുമുള്ള ഇരുമുടിക്കെട്ട് നിറയ്ക്കാന്‍ ഒരുങ്ങിനിന്നു. പായയ്ക്ക് മുകളില്‍ പത്രംവിരിച്ച് ഗവര്‍ണറും മകനും അതിലിരുന്ന് കെട്ടുനിറച്ചു. ദക്ഷിണ നല്‍കി മേല്‍ശാന്തിമാരില്‍നിന്ന് ഇരുമുടിക്കെട്ട് തലയിലേറ്റി.
ഡോളി ഒരുക്കിയെങ്കിലും വേണ്ടെന്ന് പറഞ്ഞ് സ്വാമി അയ്യപ്പന്‍ റോഡ് വഴി നടന്നായിരുന്നു മലകയറ്റം. ഇടയ്‌ക്കൊന്നും വലിയ വിശ്രമത്തിന് നിന്നില്ല. 40 മിനിറ്റില്‍ മരക്കൂട്ടം കടന്നു. ഏഴേകാലോടെ വലിയ നടപ്പന്തലിലെത്തിയപ്പോള്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് അഡ്വ.എന്‍.വാസു, അംഗം അഡ്വ. കെ.എസ്.രവി, ദേവസ്വം കമ്മിഷണര്‍ ബി.എസ്.തിരുമേനി എന്നിവര്‍ പൊന്നാടയണിച്ചു. പടിപൂജ സമയമായതിനാല്‍ ഗസ്റ്റ് ഹൗസിലെത്തി ഒരല്പം വിശ്രമം.
Your comment?