മഞ്ചേശ്വരവും നേമവും കോന്നിയും ഉറപ്പിച്ച് ബി.ജെ.പി.
തിരുവനന്തപുരം: ബി.ജെ.പി. സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രനെ മഞ്ചേശ്വരത്തും കോന്നിയിലും മത്സരിപ്പിച്ചത് മഞ്ചേശ്വരത്ത് വിജയം ലക്ഷ്യമിട്ടായിരുന്നുവെന്ന് സൂചന. കോന്നിയിലും മഞ്ചേശ്വരത്തും മത്സരിക്കുന്നതിലൂടെ രണ്ടിടത്തും ജയസാധ്യത കുറയുമെന്ന പ്രതീതി ഇരുമുന്നണികളിലും ഉണ്ടായാല്‍, എല്‍.ഡി.എഫിന് ലഭിക്കേണ്ട വോട്ടുകള്‍ യു.ഡി.എഫിലേക്ക് പോകുന്നത് തടയാന്‍ സാധിക്കുമെന്നും അങ്ങനെ മഞ്ചേശ്വരത്ത് വിജയം ഉറപ്പാക്കാനും സാധിക്കുമെന്ന തന്ത്രം നടപ്പായെന്ന വിശ്വാസത്തിലാണ് ബി.ജെ.പി.
ഇതിലൂടെ കോന്നിയില്‍ എന്‍.ഡി.എയുടെ വോട്ട് വിഹിതം വര്‍ധിക്കുകയും മണ്ഡലത്തില്‍ പാര്‍ട്ടി സംവിധാനം കൂടുതല്‍ കാര്യക്ഷമമാകുകയും ചെയ്യും. ഇത് വരും തിരഞ്ഞെടുപ്പുകളില്‍ ഗുണം ചെയ്യുമെന്നുമാണ് നിലവിലെ വിലയിരുത്തലുകള്‍. മഞ്ചേശ്വരത്തിന്റെ കാര്യത്തില്‍ യു.ഡി.എഫിന് ആശങ്കയുണ്ടെന്ന് വ്യക്തമാക്കുന്നതാണ് കെ.പി.സി.സി. അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്റെ പ്രസ്താവന. ഇതിനോട് എല്‍.ഡി.എഫും ബി.ജെ.പിയും കാര്യമായി പ്രതികരിച്ചിട്ടില്ല എന്നതും ശ്രദ്ധേയമാണ്.
സംസ്ഥാനത്ത് മഞ്ചേശ്വരത്തിന് പുറമെ നേമത്തും വിജയം ഉറപ്പാണെന്ന വിശ്വാസത്തിലാണ് ബി.ജെ.പി. വട്ടിയൂര്‍കാവിലും കഴക്കൂട്ടത്തും വിജയം പ്രതീക്ഷിക്കുന്നുണ്ട്. വലിയ പ്രതീക്ഷ പുലര്‍ത്തിയിരുന്ന തിരുവനന്തപുരത്ത് പോളിങ് ശതമാനത്തിന്റെ കണക്കുകള്‍ കൂടി വന്നതോടെ വലിയ പ്രതീക്ഷ വേണെന്ന നിലപാടിലാണ് നേതൃത്വം.
സംസ്ഥാനത്ത് 35 മണ്ഡലങ്ങളില്‍ വിജയം ആര്‍ക്കാണെന്ന കാര്യത്തില്‍ ബി.ജെ.പി. സ്ഥാനാര്‍ഥികള്‍ നേടുന്ന വോട്ടുകള്‍ നിര്‍ണായകമാകും. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, പത്തനംതിട്ട, തൃശ്ശൂര്‍, പാലക്കാട്, കോഴിക്കോട് എന്നീ ജില്ലകളിലെ ത്രികോണ മത്സരം നടക്കുന്ന മണ്ഡലങ്ങളില്‍ ബി.ജെ.പി. വോട്ടുകള്‍ ആരുടെ പോക്കറ്റാണ് ചോര്‍ത്തുന്നതെന്ന കാര്യത്തില്‍ ഇരുമുന്നണികള്‍ക്കും ആശങ്കയുണ്ട്.
Your comment?