വെള്ളിയാഴ്ച പ്രധാനമന്ത്രി ജില്ലയിലെത്തും: ഒരു ലക്ഷം പേര്‍ പങ്കെടുക്കും
കോന്നി: ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍ അടക്കം നാലു ജില്ലകളിലെ എന്‍ഡിഎ സ്ഥാനാര്‍ഥികളുടെ പ്രചാരണാര്‍ഥം പ്രധാനമന്ത്രി നരേന്ദ്ര മോഡി വെള്ളിയാഴ്ച പത്തനംതിട്ടയിലെത്തും. കോന്നി പ്രമാടത്തുള്ള രാജീവ് ഗാന്ധി ഇന്‍ഡോര്‍ സ്റ്റേഡിയം മൈതാനത്ത് നടക്കുന്ന പൊതുയോഗം അദ്ദേഹം അഭിസംബോധന ചെയ്യും. എന്‍ഡിഎ തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി നടക്കുന്ന വിജയ് റാലിയില്‍ പങ്കെടുക്കുന്നതിനാണ് മോഡി എത്തിച്ചേരുന്നത്.
രാവിലെ 11.30 നു വിജയ് റാലിയുടെ കാര്യക്രമങ്ങള്‍ ആരംഭിക്കും. ഉച്ചയ്ക്ക് 1.15 ന് പത്തനംതിട്ട കെകെ നായര്‍ സ്റ്റേഡിയത്തില്‍ പ്രത്യേകം തയാറാക്കിയ വേദിയില്‍ മോഡി ഹെലികോപ്ടര്‍ ഇറങ്ങും. തുടര്‍ന്ന് റോഡ് മാര്‍ഗം പ്രമാടത്തേക്ക് പോകും. ആദ്യമായാണ് നരേന്ദ്രമോഡി പത്തനംതിട്ട ജില്ലയില്‍ എത്തിച്ചേരുന്നത്. ജില്ലയിലെ സ്ഥാനാര്‍ഥികളായ കെ സുരേന്ദ്രന്‍ (കോന്നി), കെ പദ്മകുമാര്‍ (റാന്നി), ബിജു മാത്യു (ആറന്മുള), അശോകന്‍ കുളനട (തിരുവല്ല), പന്തളം പ്രതാപന്‍ (അടൂര്‍) തുടങ്ങിയ സ്ഥാനാര്‍ഥികള്‍ക്ക് പുറമെ ചെങ്ങന്നൂര്‍, മാവേലിക്കര, പത്തനാപുരം, കൊട്ടാരക്കര എന്നീ മണ്ഡലങ്ങളിലെ എന്‍ ഡി എ സ്ഥാനാര്‍ഥികളും വിജയ് റാലിയില്‍ പങ്കെടുക്കും. ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രന്‍, ബിഡിജെഎസ് സംസ്ഥാന പ്രസിഡന്റ് തുഷാര്‍ വെള്ളാപ്പള്ളി എന്നിവര്‍ പ്രധാനമന്ത്രി പങ്കെടുക്കുന്ന യോഗത്തില്‍ പ്രസംഗിക്കും.
വേദിയില്‍ കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി മുരളീധരന്‍, കര്‍ണാടക ഉപമുഖ്യമന്ത്രി സി എന്‍ അശ്വത് നാരായണ്‍, ബി ജെ പി സംസ്ഥാന സെക്രട്ടറി പി രഘുനാഥ്, സംസ്ഥാന വക്താവ് അഡ്വ; നാരായണന്‍ നമ്പൂതിരി തുടങ്ങിയ പ്രമുഖ നേതാക്കള്‍ പ്രധാനമന്ത്രിയോടൊപ്പം സന്നിഹിതരായിരിക്കും.
പ്രധാനമന്ത്രിയുടെ സന്ദര്‍ശനം പ്രമാണിച്ചു പ്രമാടം ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ മുന്നൊരുക്കങ്ങള്‍ പൂര്‍ത്തിയാകുന്നു. ഒരുലക്ഷം പേര്‍ക്ക് പ്രധാമന്ത്രിയെ കാണാനും ശ്രവിക്കാനും കഴിയുന്ന മാതൃകയിലാണ് വേദി തയ്യാറാക്കിയിരിക്കുന്നത്. സമ്മേളന നഗരിയിലേക്ക് പ്രവേശിക്കുന്നതിന് പ്രത്യേകം പാസ്സുകളുടെ ആവശ്യമില്ല.
Your comment?