ടോറസ് ലോറി നിയന്ത്രണം വിട്ട് ഇടിച്ചു കയറിയത് എതിരേ വന്ന മറ്റൊന്നിന്റെ മധ്യഭാഗത്ത്: ക്യാബിനില്‍ ഡ്രൈവര്‍ കുടുങ്ങി കിടന്നത് രണ്ടര മണിക്കൂര്‍
അടൂര്‍: നിറയെ പച്ചമണ്ണുമായി വന്ന ടോറസ് ലോറി നിയന്ത്രണം വിട്ട് ഇടിച്ചു കയറിയത് എതിരേ വന്ന മറ്റൊന്നിന്റെ മധ്യഭാഗത്ത്. ക്യാബിന്‍ തകര്‍ന്ന് അതിനുള്ളില്‍ അരയ്ക്ക് കീഴോട്ട് കുടുങ്ങിപ്പോയ ഡ്രൈവറെ രണ്ടര മണിക്കൂര്‍ നീണ്ട കഠിന പ്രയത്നത്തിനൊടുവില്‍ രക്ഷിച്ച് പുറത്തെത്തിച്ചു. അപകടത്തില്‍ മനോനില തകര്‍ന്നു പോയ ഡ്രൈവര്‍ക്ക് ഫയര്‍ഫോഴ്സ് ജീവനക്കാര്‍ ക്യാബിനില്‍ കയറി കൂട്ടിരുന്നു. 108 ആംബുലന്‍സിലെ മെയില്‍ നഴ്സ് പ്രാഥമിക പരിചരണവും ഡ്രിപ്പും നല്‍കി.
കായംകുളം-പുനലൂര്‍ റോഡില്‍ മരുതിമൂട് ജങ്ഷനില്‍ ബുധനാഴ്ച രാവിലെ 10.30 നായിരുന്നു അപകടം. ക്യാബിന്‍ വെട്ടിപ്പൊളിച്ച് രക്ഷപ്പെടുത്തിയ ഡ്രൈവര്‍ ചെങ്ങന്നൂര്‍ വാഴാര്‍മംഗലം വെട്ടുകാട്ടില്‍ മനോജ് (34) പരുക്കുകളോടെ അടൂര്‍ ജനറല്‍ ആശുപത്രിയില്‍ ചികില്‍സയിലാണ്. ഇയാള്‍ അപകട നില തരണം ചെയ്തു. പുനലൂരില്‍ നിന്ന് പച്ച മണ്ണുമായി മാവേലിക്കരയിലേക്ക് വന്ന ടോറസാണ് എതിരേ വന്ന ടോറിന്റെ ക്യാബിന് പിന്നില്‍ മധ്യഭാഗത്തായി ഇടിച്ചു കയറിയത്. നിറയെ ലോഡും സാമാന്യം വേഗവും ഉണ്ടായിരുന്നതിനാല്‍ ഡ്രൈവര്‍ ക്യാബിന്‍ തവിടു പൊടിയായി. എതിരേ വന്ന ലോറിയില്‍ കുടുങ്ങിക്കിടക്കുയും ചെയ്തു. അപകടം നടന്നതോടെ കെപി റോഡില്‍ ഗതാഗതം തടസപ്പെട്ടു. വിവരമറിഞ്ഞ് പൊലീസും ഫയര്‍ഫോഴ്സും 108 ആംബുലന്‍സും പാഞ്ഞെത്തി. ക്യാബിനില്‍ കുടുങ്ങിയ ഡ്രൈവറെ രക്ഷിക്കാനുള്ള നീക്കമാണ് ആദ്യം നടന്നത്. ജെസിബി ഉപയോഗിച്ച് വാഹനങ്ങള്‍ വേര്‍പെടുത്താന്‍ നോക്കിയപ്പോഴാണ് സംഗതി ഉദ്ദേശിച്ചതിലും സങ്കീര്‍ണമാണെന്ന് മനസിലായത്.
ക്യാബിനില്‍ ഡ്രൈവര്‍ കുടുങ്ങി കിടക്കുന്നതിനാല്‍ അത്ര എളുപ്പം നീക്കി മാറ്റാന്‍ കഴിയുമായിരുന്നില്ല. വാഹനം അനക്കുമ്പോള്‍ കുടുങ്ങിക്കിടക്കുന്ന ഡ്രൈവര്‍ക്ക് അത് ഭീഷണിയാകും. പരുക്കേറ്റ ഡ്രൈവര്‍ മനോജ് ഇതിനകം അവശനിലയിലായി. കടുത്ത ചൂടും വേദനയും കാരണം തകര്‍ന്നു പോയ മനോജിന് ധൈര്യം പകര്‍ന്ന് ഫയര്‍ഫോഴ്സ് ജീവനക്കാര്‍ ക്യാബിനുള്ളില്‍ കടന്നു. 108 ആംബുലന്‍സിലെ മെയില്‍ നഴ്സ് ജാക്സണ്‍ പ്രാഥമിക ശൂശ്രൂഷ നല്‍കി. ക്ഷീണം മാറ്റാന്‍ ഡ്രിപ്പും നല്‍കി. രക്ഷാപ്രവര്‍ത്തനം തുടന്നു. ഫയര്‍ഫോഴ്സ് ജീവനക്കാര്‍ കൊരുത്തു കിടന്ന ഭാഗങ്ങള്‍ ഹൈഡ്രോളിക്ക് കട്ടര്‍ കൊണ്ട് മുറിച്ചു നീക്കി. തുടര്‍ന്ന് രണ്ട് ക്രെയിനും ജെസിബിയും ഉപയോഗിച്ച് ഇരു ടോറസുകളും വേര്‍പെടുത്തി. പിന്നെ എല്ലാം പെട്ടെന്നായിരുന്നു. ക്യാബിനുള്ളില്‍ കുടുങ്ങിയ ഡ്രൈവറെ പുറത്തെടുത്ത് ജനറല്‍ആശുപത്രിയിലേക്ക് മാറ്റി. കാലിന് ഒടിവും ചതവുമുള്ള ഡ്രൈവര്‍ മനോജ് അപകട നില തരണം ചെയ്തുവെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു. രണ്ടര മണിക്കൂര്‍ കെപി റോഡില്‍ ഗതാഗതം തടസപ്പെട്ടു. വിവരമറിഞ്ഞ് വന്‍ ജനാവലി തന്നെ അപകട സ്ഥലത്ത് തടിച്ചു കൂടി.
https://www.facebook.com/adoorvartha/videos/2114008788752920
Your comment?