മുന്‍ എംപി ചെങ്ങറ സുരേന്ദ്രന്‍ അടൂരില്‍ നിന്ന് ജനവിധി തേടിയേക്കും
അടൂര്‍: അടൂരില്‍ സിപിഐയുടെ എംഎല്‍എ ചിറ്റയം ഗോപകുമാര്‍ തുടര്‍ച്ചയായ മൂന്നാം തവണയും അങ്കത്തിനിറങ്ങുമെന്നാണ് നാടും നാട്ടാരും എല്‍ഡിഎഫും യുഡിഎഫുമൊക്കെ പ്രതീക്ഷിക്കുന്നത്. നിശബ്ദ പ്രചാരണം ചിറ്റയം ഗോപകുമാര്‍ തുടങ്ങുകയും ചെയ്തു. എന്നാല്‍, ഇപ്പോള്‍ കേള്‍ക്കുന്ന വാര്‍ത്തകള്‍ വിശ്വസിക്കാമെങ്കില്‍ ചിറ്റയം ഗോപകുമാറിന് പകരം മുന്‍ എംപി ചെങ്ങറ സുരേന്ദ്രന്‍ അടൂരില്‍ ജനവിധി തേടിയേക്കും.
ചിറ്റയത്തിന് സീറ്റ് നിഷേധിക്കാന്‍ തക്കതായ ചില കാരണങ്ങള്‍ നേതൃത്വത്തിന് മുന്‍പിലുണ്ടെന്നാണ് പാര്‍ട്ടിയുമായി അടുത്ത വൃത്തങ്ങള്‍ നല്‍കുന്ന സൂചന.കഴിഞ്ഞ ദിവസം സിപിഐ ജില്ലാ കമ്മറ്റി ഓഫീസില്‍ വിളിച്ച പത്രസമ്മേളനത്തില്‍ സിപിഐ സ്ഥാനാര്‍ഥികളെ ഇതുവരെ തീരുമാനിച്ചിട്ടില്ലെന്നാണ് സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ പറഞ്ഞത്. ഇതുമായി കൂട്ടിവായിക്കുമ്പോള്‍ അടൂരില്‍ മറ്റൊരാള്‍ സ്ഥാനാര്‍ഥിയാകാന്‍ സാധ്യത തെളിയുകയാണ്. മൂന്നു കാര്യങ്ങളാണ് അടൂരില്‍ ചിറ്റയം ഗോപകുമാറിന് പ്രതികൂലമായിട്ടുള്ളത്. ഒന്ന് സ്വന്തം പാര്‍ട്ടിക്കാരില്‍ നിന്നുള്ള എതിര്‍പ്പ്, രണ്ട് സിപിഎമ്മില്‍ നിന്നുള്ള എതിര്‍പ്പ്, മൂന്ന് ചിറ്റയത്തിന് എതിരായി ഉയര്‍ന്നിട്ടുള്ള ആരോപണം. ആദ്യ രണ്ടു ഘടകത്തേക്കാള്‍ തിരിച്ചടിയാവുക മൂന്നാമത്തെ ഘടകമാണ്.
ചിറ്റയം ഗോപകുമാറിനെതിരേ സിപിഐ നേതാവായ മനോജ് ചരളേല്‍ ഗുരുതരമായ ചില ആരോപണങ്ങള്‍ ഉന്നയിച്ചിരുന്നു.ഇത് ചിറ്റയം വിരോധികള്‍ സംസ്ഥാന നേതൃത്വത്തിന്റെ ശ്രദ്ധയില്‍ ഇതു കൊണ്ടു വന്നു. ചിറ്റയം വീണ്ടും മത്സരിച്ചാല്‍ എതിര്‍പക്ഷം ഈ വിഷയങ്ങള്‍ രാഷ്ട്രീയമായി ഉപയോഗിക്കുമെന്ന് നേതൃത്വത്തെ ധരിപ്പിക്കുകയും ചെയ്തു. ഇതേ തുടര്‍ന്നാണ് ചെങ്ങറ സുരേന്ദ്രന്‍ ചിത്രത്തിലേക്ക് വന്നത്. അടൂരില്‍ മുന്‍പ് എംപിയായ അനുഭവ സമ്പത്ത് സുരേന്ദ്രനുണ്ട്. ഭാര്യ വീട് പന്തളം ആയതും തുണയാകും. കാനത്തിന്റെ വാക്കുകള്‍ വിശ്വസിക്കാമെങ്കില്‍ അടൂരില്‍ സുരേന്ദ്രന്‍ തന്നെ സ്ഥാനാര്‍ഥിയാകുമെന്നാണ് വിവരം.
Your comment?