രണ്ട് കോവിഡ് 19 വാക്സിന്‍ കൂടി തയ്യാറാകുമെന്ന്
ന്യൂഡല്‍ഹി: ഇന്ത്യയിലെ കോവിഡ് 19 വാക്സിനേഷനുവേണ്ടി രണ്ടു വാക്സിനുകള്‍ കൂടി മേയ് മാസത്തോടെ തയ്യാറാകുമെന്ന് കോവിഡ് കര്‍മ സമിതി അധ്യക്ഷന്‍ ഡോ. എന്‍.കെ. അറോറ. റഷ്യന്‍ വാക്സിനായ സ്പുട്നിക് വി, ഇന്ത്യന്‍ കമ്പനിയായ സൈഡസ് കാഡില എന്നിവയാണ് മെയ് മാസത്തോടെ തയ്യാറാവുന്നത്.
സ്പുട്നിക് വി 4-6 ആഴ്ചയ്ക്കുള്ളില്‍ ഉപയോഗത്തിന് തയ്യാറാവുമെന്ന് അറോറ വ്യക്തമാക്കി. തുടര്‍ന്ന് തയ്യാറാകുക സൈഡസ് കാഡില വാക്സിനാണ്. അത് മേയ് അവസാനത്തോടെ വിതരണം ചെയ്യാനാകും. ഇതുവരെയുള്ള പരീക്ഷണങ്ങളില്‍ വാക്സിന്‍ മൂലം ഏതെങ്കിലും തരത്തിലുള്ള പാര്‍ശ്വഫലങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ലെന്നും എന്‍.കെ. അറോറ വ്യക്തമാക്കി.
2020 സെപ്തംബറില്‍ ആണ് ഇന്ത്യയില്‍ സ്പുട്നിക് വിയുടെ ക്ലിനിക്കല്‍ ട്രയല്‍ ആരംഭിച്ചത്. ഹൈദരാബാദിലെ ഡോ.റെഡ്ഡീസ് ലബോറട്ടറീസുമായി ചേര്‍ന്നാണ് റഷ്യന്‍ ഡയറക്ട് ഇന്‍വെസ്റ്റ്മന്റ് ഫണ്ടിന്റെ വാക്സിന്‍ പരീക്ഷണം നടക്കുന്നത്. നിലവില്‍ മൂന്നാം ഘട്ട പരീക്ഷണമാണ് നടക്കുന്നത്.
ജനുവരി 16 മുതലാണ് ഇന്ത്യയില്‍ വാക്സിനേഷന്‍ ആരംഭിച്ചത്. ഓക്സ്ഫഡും ആസ്ട്രസെനകയും ചേര്‍ന്ന് വികസിപ്പിച്ച കോവിഷീല്‍ഡ്, ഭാരത് ബയോടെക്കിന്റെ കോവാക്സിന്‍ എന്നിവയാണ് നിലവില്‍ ഇന്ത്യയില്‍ ഉപയോഗിക്കുന്നത്.
Your comment?