‘കടലിലേക്ക് ചാടി രാഹുല്‍ഗാന്ധി ‘: അമ്പരപ്പോടെ മല്‍സ്യത്തൊഴിലാളികള്‍
കൊല്ലം: പുലര്‍ച്ചെ മല്‍സ്യത്തൊഴിലാളികള്‍ക്കൊപ്പം കൊല്ലം വാടി കടപ്പുറത്ത് നിന്ന് കടലിലേക്ക് പോയ രാഹുല്‍ ഗാന്ധി അവര്‍ക്കൊപ്പം കടലില്‍ ചാടി. ഏകദേശം രണ്ടരമണിക്കൂര്‍ സമയം ഇവര്‍ക്കൊപ്പം രാഹുല്‍ ചെലവഴിച്ചു. വല വലിച്ച് കയറ്റാന്‍ ഒപ്പം കൂടിയെന്ന് തൊഴിലാളികള്‍ പറയുന്നു. വല വലിച്ച് ബോട്ടിലേക്ക് കയറ്റുമ്പോള്‍ മല്‍സ്യങ്ങള്‍ ചാടി പോകാനുള്ള സാധ്യതയുണ്ട്. ഇത് ഒഴിവാക്കാന്‍ തൊഴിലാളികള്‍ ചിലര്‍ കടലില്‍ ചാടി വല ഒതുക്കാറുണ്ട്. ഈ അവസരത്തില്‍ രാഹുലും അവര്‍ക്കൊപ്പം കടലില്‍ ചാടുകയായിരുന്നു.
‘ഞങ്ങള്‍ ഇന്ന് കടലില്‍ പോയി വല വിരിച്ചു. ഞാന്‍ കരുതിയത് ഒരുപാട് മല്‍സ്യങ്ങള്‍ ലഭിക്കുമെന്നാണ്. പക്ഷേ വല വലിച്ചപ്പോള്‍ അതില്‍ വളരെ കുറച്ച് മല്‍സ്യമേ ഉണ്ടായിരുന്നുള്ളൂ. ഞാന്‍ നേരിട്ടു മനസിലാക്കി നിങ്ങള്‍ നേരിടുന്ന പ്രശ്നം. ഞാന്‍ ഇന്ന് മാത്രമാണ് ഇത് നേരിട്ടുകണ്ടത്.
എന്നാല്‍ നിങ്ങള്‍ എന്നും ഇത് അനുഭവിക്കുന്നു. വള്ളത്തില്‍ വച്ച് തൊഴിലാളി സുഹൃത്തുക്കള്‍ എനിക്ക് മീന്‍ പാചകം ചെയ്ത് തന്നു. ജീവിതത്തില്‍ ആദ്യമായിട്ടാണ് അത്തരത്തിലൊരു അനുഭവം. ഞാന്‍ ആ സുഹൃത്തുക്കളോട് ചോദിച്ചു. നിങ്ങളുടെ മക്കള്‍ എന്തു ചെയ്യുന്നുവെന്ന്. അവര്‍ പറഞ്ഞത് അവരെ മല്‍സ്യത്തൊഴിലാളി മേഖലയില്‍ വിടാന്‍ ഒരുക്കമല്ലെന്നും അത്രമാത്രം കഷ്ടപാടാണ് ഇവിടെയെന്നുമാണ്..’ കൊല്ലത്തെ മല്‍സ്യത്തൊഴിലാളികളോടൊപ്പം കടലില്‍ പോയ രാഹുല്‍ അനുഭവം പറഞ്ഞു.
Your comment?