പരിയാരം:കൂട്ടുകാര്‍ക്കൊപ്പം കളിക്കുന്നതിനിടെ, പതിനഞ്ചാം വയസ്സില്‍ അറിയാതെ വിഴുങ്ങിയ വിസില്‍ 25 വര്‍ഷമായി ശ്വാസനാളിയില്‍ കുടുങ്ങിക്കിടക്കുന്നുവെന്നറിഞ്ഞ നാല്‍പതുകാരി ഞെട്ടി! ഡോക്ടര്‍മാരും അമ്പരന്നു. വര്‍ഷങ്ങളായി ബുദ്ധിമുട്ടിക്കുന്ന ചുമയ്ക്കു പരിഹാരം തേടിയാണു മട്ടന്നൂര്‍ സ്വദേശിനിയായ വീട്ടമ്മ കഴിഞ്ഞദിവസം തളിപ്പറമ്പ് താലൂക്ക് ആശുപത്രിയിലെ ശ്വാസകോശ വിഭാഗത്തിലെ ഡോ.ജാഫര്‍ ബഷീറിനെ കണ്ടത്.
എക്‌സ്‌റേ പരിശോധിച്ചപ്പോള്‍ ശ്വാസനാളിയില്‍ കറുത്ത അടയാളം കണ്ടെത്തി. തുടര്‍ന്നു നടത്തിയ സ്‌കാനിങ്ങിലാണു ശ്വാസനാളിയില്‍ എന്തോ കുടുങ്ങിയിട്ടുണ്ടെന്നു മനസ്സിലായത്. ഏറെ ആലോചിച്ച ശേഷമാണ് 15ാം വയസ്സില്‍ വിഴുങ്ങിപ്പോയ വിസിലിന്റെ കാര്യം വീട്ടമ്മ ഓര്‍ത്തെടുത്തത്. കളിയാട്ടം കാണാന്‍ പോയപ്പോള്‍ വാങ്ങിയ ബലൂണില്‍ ഘടിപ്പിച്ചിരുന്ന വിസില്‍ അറിയാതെ വിഴുങ്ങുകയായിരുന്നു. ആ സമയത്തു വെള്ളവും ചോറും കഴിച്ചപ്പോള്‍ വിസില്‍ പോയതായി കരുതി.
വിഡിയോ ബ്രോങ്കോസ്‌കോപിക് എന്ന ഉപകരണം കൊണ്ടു മാത്രമേ ഇതു പുറത്തെടുക്കാന്‍ സാധിക്കുകയുള്ളൂ. ഇതു മനസ്സിലാക്കി ഡോ.ജാഫര്‍ പരിയാരം ഗവ. മെഡിക്കല്‍ കോളജ് ശ്വാസകോശ വിഭാഗത്തിലെ ഡോ.രാജീവ് റാമിനെ ബന്ധപ്പെട്ടു. ഇന്നലെ വീട്ടമ്മയെ പരിയാരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തിച്ചു. ഡോ.ജാഫര്‍ ബഷീര്‍, ഡോ.രാജീവ് റാം, ഡോ.ഡി.കെ.മനോജ്, ഡോ.കെ.വി.പത്മനാഭന്‍ എന്നിവരുടെ നേതൃത്വത്തില്‍ പരിയാരത്തെ അത്യാഹിത വിഭാഗത്തിന്റെ സഹായത്തോടെ വീട്ടമ്മയുടെ ശ്വാസനാളിയില്‍ നിന്നു പ്ലാസ്റ്റിക് വിസിലിന്റെ ഭാഗം പുറത്തെടുക്കുകയായിരുന്നു.
Your comment?