ന്യൂഡല്‍ഹി: രാജ്യത്തെ ദേശീയപാതകളിലെ ടോള്‍ പ്ലാസകളില്‍ പിരിവ് ഇനി ഫാസ്ടാഗിലൂടെ മാത്രം. തിങ്കളാഴ്ച അര്‍ധരാത്രി മുതല്‍ ടോള്‍ പ്ലാസകളില്‍ ഫാസ്ടാഗ് ലെയ്ന്‍ മാത്രമെ ഉണ്ടാകൂ. വാഹനങ്ങളില്‍ ഇതുവരെ ഫാസ്ടാഗ് ഘടിപ്പിക്കാത്തവര്‍ ഇരട്ടിത്തുക പിഴ നല്‍കേണ്ടി വരും. പ്രവര്‍ത്തനക്ഷമമല്ലാത്ത ഫാസ്ടാഗ് പതിച്ചവര്‍ക്കും ഇരട്ടി തുക നല്‍കേണ്ടി വരും. ജനുവരി 1 മുതല്‍ ഫാസ്ടാഗ് നിര്‍ബന്ധമാക്കിയിരുന്നെങ്കിലും ഫെബ്രുവരി 15 വരെ പിന്നീട് നീട്ടുകയായിരുന്നു. പല തവണ സമയം നീട്ടിനല്‍കി, ഇനിയും നീട്ടാനാകില്ലെന്ന് കേന്ദ്ര ഗതാഗതമന്ത്രി നിതിന്‍ ഗഡ്കരി വ്യക്തമാക്കി.
നാഷനല്‍ പെര്‍മിറ്റ് വാഹനങ്ങളില്‍ 2019 ഒക്ടോബര്‍ മുതല്‍തന്നെ ഫാസ്ടാഗ് നിര്‍ബന്ധമാണ്. 2017 ഡിസംബര്‍ ഒന്നു മുതല്‍ നിരത്തിലിറക്കിയ വാഹനങ്ങളില്‍ ഫാസ്ടാഗ് നിര്‍ബന്ധമാക്കിയിരുന്നു. രാജ്യത്തുള്ള ടോള്‍ പ്ലാസകളില്‍ 75 മുതല്‍ 80 ശതമാനം വാഹനങ്ങള്‍ മാത്രമാണ് ഫാസ്ടാഗ് ഉപയോഗിച്ച് കടന്നുപോകുന്നത്. ഇത് 100 ശതമാനമാക്കി ഉയര്‍ത്തുകയാണ് കേന്ദ്രത്തിന്റെ ലക്ഷ്യം. ടോള്‍ പ്ലാസകളില്‍ ഡിജിറ്റല്‍ പേമെന്റ് ശക്തമാക്കുകയെന്ന നീക്കവും ഇതിനു പിന്നിലുണ്ടെന്നും ഗതാഗത മന്ത്രാലയം അറിയിച്ചു. ടോള്‍ പ്ലാസകളിലെ കാത്തിരിപ്പു സമയം കുറയ്ക്കുക, ഇന്ധനം ലാഭിക്കുക, തടസ്സങ്ങളില്ലാത്ത യാത്ര തുടങ്ങിയവയാണ് ഫാസ്ടാഗിലൂടെ ലക്ഷ്യമിടുന്നത്.
Your comment?