പ്രണയത്തിന് അതിരുകളില്ല പ്രണയദിനത്തില്‍ ഇവര്‍ക്ക് മാംഗല്യം

Editor

അടൂര്‍: തമിഴ്നാട്, തിരുച്ചിറപ്പളളി സ്വദേശിയാണ് രാജന്‍ (58 വയസ്സ്). വര്‍ഷങ്ങളായി കേരളത്തില്‍ ശബരിമല സീസണില്‍ കടകളില്‍ ജോലിചെയ്തുവന്നിരുന്നു. സീസണ്‍ കഴിഞ്ഞാല്‍ മടങ്ങാറില്ല, അവിടെ തന്നെ കൂട്ടംചേര്‍ന്ന് ആഹാരം വച്ച് കഴിച്ച് കഴിയും. ജോലിചെയ്ത് കിട്ടുന്ന തുകയൊക്കെ ബന്ധുക്കള്‍ക്ക് അയച്ചു നല്‍കും. സഹോദരിമാര്‍ക്ക് വേണ്ടി ജീവിതം മാറ്റിവച്ച രാജന്‍ വിവാഹം ചെയ്തില്ല. കോവിഡ് വ്യാപനത്തെ തുടര്‍ന്ന് കേരളം ലോക്ക് ഡൗണായതോടെ രാജന്‍ ഉള്‍പ്പടെ 6 പേരെ പമ്പാപോലീസ് താല്‍ക്കാലിക സംരക്ഷണത്തിനായി അടൂര്‍ മഹാത്മ ജനസേവനകേന്ദ്രത്തിന് കൈമാറിയിരുന്നു. 2020 ഏപ്രില്‍ 18-ല്‍ മഹാത്മയിലെത്തിയ രാജന്‍ വയോജനങ്ങളുടെ സംരക്ഷണത്തിലും പാചകത്തിലും തത്പരനായി സ്വയം ജോലി ഏറ്റെടുത്തു.

മണ്ണടി പുളിക്കല്‍ വീട്ടില്‍ സരസ്വതി (65) ജീവിതത്തില്‍ ഒറ്റപ്പെട്ടപ്പോള്‍ പൊതു പ്രവര്‍ത്തകരും പോലീസും ചേര്‍ന്നാണ് 2018 ഫെബ്രുവരി 2ന് മഹാത്മയിലെത്തിച്ചത്. അവിവാഹിതയും സംസാരവൈകല്യവുമുളള സരസ്വതിയുടെ മാതാപിതാക്കള്‍ മരണപ്പെട്ടതോടെ ഇവര്‍ തനിച്ചായി. മഹാത്മയിലെത്തിയ സരസ്വതി ജീവിതത്തിന്റെ മറ്റൊരദ്ധ്യായത്തിന്റെ തുടക്കം കുറിക്കുകയായിരുന്നു. രോഗബാധിതരായ വയോജനങ്ങളുടെ പരിചരണത്തില്‍ ഇവര്‍ തത്പരയും, സന്തോഷവതിയുമായിരുന്നു.

രാജന്റെ വരവോടെ ഇവര്‍ സഹപ്രവര്‍ത്തകരായി. രണ്ടുപേരും തുല്യ ദുഃഖിതര്‍. സായന്തനത്തില്‍ ഒരു തണലായി രാജനെ കാണുവാന്‍ സരസ്വതി ആഗ്രഹിച്ചു. വിവരം രാജനോട് പറഞ്ഞപ്പോള്‍ അയാള്‍ക്കും സമ്മതം. അവര്‍ പ്രണയിതരാവുകയായിരുന്നു. സംസ്ഥാന അതിര്‍ത്തികളോ, ഭാഷയോ, സംസാരവൈകല്യമോ പ്രായമോ, ജാതിയോ, മതമോ, നിറമോ ഒന്നും അവരുടെ പ്രണയത്തിന് അതിരായില്ല. രാജന്‍ അവരുടെ ഇഷ്ടം ചെയര്‍മാന്‍ രാജേഷ് തിരുവല്ലയെ അറിയിച്ചു. ഒരു ജന്മത്തിന്റെ ഏറിയപങ്കും ബന്ധുക്കള്‍ക്കും സമൂഹത്തിനുമായി ജീവിച്ച അവര്‍ ഇരുവരും ഇനി അവര്‍ക്ക് വേണ്ടി ഒരുമിച്ച് ജീവിക്കട്ടെ എന്നതായിരുന്നു മഹാത്മ ജനസേവനകേന്ദ്രം ചെയര്‍മാന്‍ രാജേഷ് തിരുവല്ലയുടെ തീരുമാനം. സരസ്വതിയുടെ ബന്ധുക്കളെയും, ആ മേഖലയിലെ ജനപ്രതിനിധികളേയും വിളിച്ച് കാര്യങ്ങള്‍ ചര്‍ച്ച ചെയ്തു. എല്ലാവര്‍ക്കും സമ്മതം രാജന്റെ സഹോദരിമാരെയും മക്കളെയും വിവരം അറിയിച്ചു. അവര്‍ക്കും സമ്മതം. അങ്ങനെയാണ് ഈ പ്രണയ സാക്ഷാത്ക്കാരം പ്രണയദിനമായ ഫെബ്രുവരി 14ന് രാവിലെ 11നും 11.30നും ഇടയിലുളള മുഹൂര്‍ത്തത്തില്‍ അടൂര്‍ എം.എല്‍.എ ചിറ്റയം ഗോപകുമാര്‍, നഗരസഭ ചെയര്‍മാന്‍ ഡി. സജി, പളളിക്കല്‍ ഗ്രാമപഞ്ചായത്തംഗം സുശീല കുഞ്ഞമ്മ കുറുപ്പ്, സാമൂഹ്യനീതി ഓഫീസര്‍ ജാഫര്‍ഖാന്‍ എന്നിവരുടെ സാന്നിധ്യത്തില്‍ കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് ലളിതമായ ചടങ്ങുകളോടുകൂടി നടത്തുവാന്‍ തീരുമാനമായത്. കൊടുമണ്‍ ജീവകാരുണ്യ ഗ്രാമത്തില്‍ നിര്‍മ്മിച്ചിട്ടുളള വീടുകളില്‍ ഒന്നില്‍ ഇവര്‍ക്ക് താമസവും, തൊഴിലും നല്‍കി ഇവരുടെ ജീവിതം സന്തോഷകരമാക്കുമെന്നും മഹാത്മ ജനസേവനകേന്ദ്രം സെക്രട്ടറി പ്രീഷില്‍ഡ എ അറിയിച്ചു.

 

Don't miss the stories followAdoor Vartha and let's be smart!
Loading...
0/5 - 0
You need login to vote.
Filed in

ഒന്നാം വയസില്‍ വിഴുങ്ങിയ മോതിരം ശ്വാസനാളത്തില്‍ നിന്ന് പുറത്തെടുത്തത് 70-ാം വയസില്‍!

പ്രണയത്തിന് അതിരുകളില്ല പ്രണയദിനത്തില്‍ ഇവര്‍ക്ക് മാംഗല്യം അടൂര്‍ മഹാത്മ ജനസേവനകേന്ദ്രത്തില്‍

Your comment?
Leave a Reply

Posted by Facebook on Thursday, August 27, 2015
× വാർത്തകൾ അറിയിക്കൂ